കാർഷിക നിയമത്തെ പാർട്ടി പിന്തുണച്ചില്ല; കമൽ ഹാസന്റെ മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു
കാർഷിക നിയമത്തെ പാർട്ടി പിന്തുണച്ചില്ല; കമൽ ഹാസന്റെ മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു
കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കാൻ കമൽ ഹാസനും പാർട്ടിയും തയ്യാറാകാത്തതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് അരുണാചലത്തിന്റെ പ്രതികരണം.
ചെന്നൈ: കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാര്‍ട്ടി വൈസ് പ്രസിഡന്റ് എ.അരുണാചലം ബിജെപിയിൽ ചേർന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കമലിന് തിരിച്ചടിയായിരിക്കുകയാണ് പാർട്ടി വൈസ് പ്രസിഡന്റിന്റെ കൂടുമാറ്റം. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി നിൽക്കുന്ന മക്കൾ നീതി മയ്യം കമൽ ഹാസന്റെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പാർട്ടി സ്ഥാപക നേതാക്കളിലൊരാൾ കൂടിയായ അരുണാചലം ബിജെപിയിലേക്ക് ചുവടു മാറിയത്.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തില്‍ ചെന്നൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കാൻ കമൽ ഹാസനും പാർട്ടിയുംതയ്യാറാകാത്തതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് അരുണാചലത്തിന്റെ പ്രതികരണം.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്നാണ് ഈ കാർഷിക നിയമങ്ങൾക്ക് രൂപം നൽകിയത്. ഈ നിയമങ്ങളുടെ ഗുണങ്ങൾ ഒരു കർഷകകുടുംബത്തിൽ നിന്നും വന്ന എനിക്ക് മനസിലാകും. അതുകൊണ്ട് തന്നെ കേന്ദ്ര തീരുമാനത്തെ പിന്തുണയ്ക്കണമെന്ന് പാർട്ടി അധ്യക്ഷനോടും ഹൈക്കമ്മാൻഡിനോടും ഞാൻ ആവശ്യപ്പെട്ടു. എന്നാല്‍ അവർ നിരസിക്കുകയാണുണ്ടായത്' എന്നായിരുന്നു വാക്കുകൾ.
'ഈ നിയമങ്ങളെ ബിജെപിയുടെ പദ്ധതിയായി കാണാതെ കർഷക ക്ഷേമത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായി മാത്രം കാണണമെന്നും പല അവസരത്തിലും ഞാൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ പിന്തുണയ്ക്കാത്തവർ കേന്ദ്രീകൃത പാർട്ടികളാണെന്നും പ്രതിപക്ഷവും അവരും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ലെന്നും ഞാൻ പറഞ്ഞിരുന്നു. പക്ഷെ അവർ തീരുമാനത്തെ എതിർത്തു കൊണ്ടേയിരുന്നു'. അരുണാചലം കൂട്ടിച്ചേർത്തു. കർഷകരുടെ ക്ഷേമത്തിന് എതിര് നിൽക്കുന്ന ഒരു പാർട്ടിയിൽ നിലനിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയൂടെ ജന്മവാർഷികത്തിൽബിജെപിയില് ചേരാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച അനുഗ്രമാണെന്നാണ് പാർട്ടി അംഗത്വമെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.