മുംബൈ: അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മയക്കു മരുന്നിനും പബ്ജി ഗെയിമിനും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താന്‍ ഇത്തരം പദ്ധതികള്‍ ആവശ്യമാണെന്നും കങ്കണ പ്രതികരിച്ചു.
'ഇസ്രായേലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സൈനിക പരിശീലനം യുവാക്കള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ചടക്കവും ദേശസ്നേഹവും പോലുള്ള ജീവിത മൂല്യങ്ങള്‍ പഠിക്കാനായിരുന്നു സൈന്യത്തില്‍ ചേര്‍ന്നിരുന്നത്. ഒപ്പം അതിര്‍ത്തി സുരക്ഷയ്ക്കും. തൊഴില്‍ നേടുന്നതിനും പണമുണ്ടാക്കുന്നതിനുമപ്പുറം അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അര്‍ത്ഥങ്ങളുണ്ട്. മയക്കുമരുന്നിലും പബ്ജി ഗെയിമിലും നശിക്കുന്ന യുവാക്കള്‍ക്ക് ഈ പരിഷ്കാരം ആവശ്യമാണ്. ഇതിന് തുടക്കം കുറിച്ച കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍'എന്നാണ് കങ്കണ കുറിച്ചത്.
പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ ഇന്നും പ്രതിഷേധക്കാര്‍ ട്രയിനിന് തീയിട്ടു. ഇവിടെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. യുപിയില്‍ പ്രതിഷേധിച്ച 260 പേരെ അറസ്റ്റ് ചെയ്തു.
കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരുമാണ് പ്രതിഷേധമുണ്ടായത്. തിരുവനന്തപുരത്ത് നൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ തമ്പാനൂരില്‍ നിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പുതിയ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് കോഴിക്കോട്ടെ പ്രതിഷേധം. കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്.
17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് ഇന്ത്യന്‍ സായുധ സേനയില്‍ നിയമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രായപരിധിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 21 ല്‍ നിന്ന് 23 ആയാണ് ഉയര്‍ത്തിയത്. കഴിഞ്ഞ 2 വര്‍ഷമായി ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Agnipath, Kangana Ranaut