ന്യൂഡൽഹി: ബിജെപി വക്താവും എംപിയുമായ ജിവിഎൽ നരസിംഹ റാവുവിനെതിരെ വാര്‍ത്താസമ്മേളനത്തിനിടെ ഷൂ ഏറ്. ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മലെഗാവ് സ്ഫോടനക്കേസിൽ പ്രതിയായിരുന്ന സാധ്വി പ്രഗ്യക്ക് സ്ഥാനാർഥിത്വം നൽകിയതിന് ന്യായീകരിച്ചതിന് പിന്നാലെയാണ് കാൺപൂര്‍ സ്വദേശിയായ ഡോക്ടർ ശക്തി ഭാർഗവ ബിജെപി എംപിക്ക് നേരെ ഷൂ എറിഞ്ഞത്.
ഭോപ്പാലിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ് വിജയ സിംഗിനെതിരെ സാധ്വി പ്രഗ്യയെ സ്ഥാനാർഥിയാക്കിയതിനെ വിമർശിച്ച പ്രതിപക്ഷത്തിനെതിരെ വാർത്താസമ്മേളനത്തിൽ ആഞ്ഞടിക്കുകയായിരുന്നു രാജ്യസഭാ എംപിയായ ജിവിഎൽ നരസിംഹറാവു. കോൺഗ്രസും സമാജ് വാദ് പാർട്ടിയും നാഷണൽ കോൺഫറൻസും അടക്കമുള്ളവരാണ് സാധ്വിയുടെ സ്ഥാനാർഥിത്വത്തെ ചോദ്യം ചെയ്യുന്നതെന്നും കഴിഞ്ഞ പത്ത് വർഷമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഹിന്ദു സമൂഹത്തെ താറടിക്കുകയാണെന്നും നരസിംഹറാവു കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഷൂയെറിഞ്ഞത്.
ഷൂ ദേഹത്ത് പതിക്കുന്നതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പെട്ടെന്നുള്ള ആക്രമണത്തിൽ എം പി പതറിപ്പോയി. എന്നാൽ ഉടനടി മനസാന്നിധ്യം വീണ്ടെടുത്ത നരസിംഹ റാവു ആക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് കുറ്റപ്പെടുത്തി. സുരക്ഷാ ഗാർഡുകളും ബിജെപി പ്രവർത്തകരും ചേർന്ന് ഭാർഗവയെ ഹാളിന് പുറത്തേക്ക് മാറ്റി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.