കന്യാകുമാരി(Kanyakumari) ജില്ലയടക്കം തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസമായി കനത്ത മഴയായിരുന്നു( Heavy Rain).കന്യാകുമാരിയില്‍ ഇന്നലെ മുതല്‍ കാര്യമായ മഴയില്ലെ ങ്കിലും ജില്ലയിലെ നാല് താലൂക്കുകളില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. കനത്ത മഴയില്‍ ജില്ലയില്‍ മൂന്ന് കിലോമീറ്ററില്‍ അധികം റെയില്‍വേ ട്രാക്ക് വെള്ളത്തിനടിയില്‍ ആയതിനാല്‍ ട്രെയിന്‍ സര്‍വ്വിസുകള്‍( train service) തടസപ്പെട്ടു.
കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായതോടെ അഞ്ഞൂറിലേറെ കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. ചെറുപാലങ്ങളും റോഡുകളും തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കന്യാകുമാരി അടക്കം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. പത്മനാഭപുരം കൊട്ടാരപരിസരത്തും വെള്ളം കയറി.
മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ താമ്രഭരണി പുഴ കര കവിഞ്ഞു ഒഴുകുകയാണ്. പെരുഞ്ചാനി, പുത്തന്‍ ഡാമുകള്‍ നിറഞ്ഞൊഴുകിയതോടെ കല്‍ക്കുളം, വിളവന്‍കോട്,കിളിയൂര്‍,തിരുവട്ടാര്‍ പ്രദേശങ്ങൾ പൂര്‍ണമായി വെള്ളത്തിനടിയിലായി.
കനത്ത മഴയെ തുടര്‍ന്ന് തിരുവന്തപുരത്തിനും നാഗര്‍കോവിലിനും ഇടയില്‍ മൂന്ന് കിലോമീറ്റർ വെള്ളത്തിന് അടിയിലാണ്. നിലവില്‍ നാഗര്‍കോവില്‍ ഭാഗത്തെക്കുള്ള ട്രെയിനുകള്‍ തിരുവനന്തപുരത്തും കൊല്ലത്തും സര്‍വ്വിസുകള്‍ അവസാനിപ്പിക്കുന്ന സാഹചര്യമാണ്. ട്രാക്കിലെ വെള്ളം ഇറങ്ങാനെ സര്‍വ്വിസുകള്‍ ആരംഭിക്കിക്കാന്‍ സാധിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു.
ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 65 പ്രദേശങ്ങള്‍ പൂര്‍ണമായി മുങ്ങിയിട്ടുണ്ട്. 3150 പേര് 72 ക്യാമ്പുകളിലായി മാറ്റി പാര്‍പ്പിച്ചു.
അതേ സമയം കേരളത്തില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി. കോട്ടയത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.
മഹാത്മാ ഗാന്ധി സര്‍വകലാശാല ചൊവ്വാഴ്ച (നവംബര്‍ 16) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരളത്തില്‍ ഉടനീളം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടര്‍ച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Heavy rain, Kanyakumari, Tamil nadu