ബെംഗളൂരു: പ്രധാനമന്ത്രിയുടെ പോഷൺ അഭിയാൻ (Poshan Abhiyan) പദ്ധതിയുടെ ഭാഗമായി നൽകുന്ന സാരികൾ വേണ്ടെന്ന് സംസ്ഥാന സർക്കാരിനോട് കർണാടകയിലെ (Karnataka) അങ്കണവാടി ജീവനക്കാർ (Anganwadi Workers). നാഷണൽ ന്യൂട്രീഷ്യൻ മിഷന് (National Nutrition Mission) കീഴിൽ നടപ്പാക്കുന്ന പദ്ധതിയാണ് പോഷൺ അഭിയാൻ. സർക്കാരിന്റെ പരിപാടിയുടെ പരസ്യ ബാനർ പോലെയുള്ള സാരിയുടെ ഡിസൈൻ കാരണമാണ് ജീവനക്കാർ എതിർപ്പ് അറിയിച്ചിരിക്കുന്നത്. ആരും സ്വീകരിക്കാത്തതിനാൽ ഏകദേശം 10 കോടി രൂപ വിലയ്ക്ക് വാങ്ങിയ 2.5 ലക്ഷത്തോളം സാരികൾ സംസ്ഥാനത്തെ വിവിധി സംഭരണശാലകളിലായി കെട്ടിക്കിടക്കുകയാണ്.
ഒരു ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാർക്ക് യൂണിഫോം എന്ന നിലയിലാണ് സാരികൾ നൽകാൻ തീരുമാനിച്ചിരുന്നത്. സർക്കാരിന്റെ പോഷൺ അഭിയാൻ പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് അങ്കണവാടി ജീവനക്കാരാണ്. കുട്ടികൾ, ഗർഭിണികളായ സ്ത്രീകൾ, മുല കൊടുക്കുന്ന അമ്മമാർ തുടങ്ങിയവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 62,580 സെന്ററുകളിലെയും 3331 മിനി അങ്കണവാടികളിലെയും അസിസ്റ്റന്റുമാർക്കും ജീവനക്കാർക്കും രണ്ട് സാരി വീതം നൽകാനാണ് തീരുമാനിച്ചിരുന്നത്.
Also Read-
Viral Video | പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയ്ക്ക് അരികിലേക്ക് വെള്ളകുപ്പിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്
സംസ്ഥാന വനിതാ - ശിശുവികസന ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർക്കായിരുന്നു സാരി വിതരണത്തിന്റെ ചുമതല. സാരിയുടെ നിറവും ഡിസൈനും ഗുണമേൻമയുമൊക്കെ പരിശോധിച്ച ശേഷമാണ് സംസ്ഥാനതലത്തിൽ ടെൻഡർ നൽകിയത്. ഒരു സാരിക്ക് 385.7 രൂപയാണ് വില നിശ്ചയിച്ചത്. ഏഴ് മാസം മുമ്പ് 9.9 കോടി രൂപ നൽകി സർക്കാർ 2.5 ലക്ഷം സാരികൾ വാങ്ങുകയും ചെയ്തു. എന്നാലിപ്പോൾ അങ്കണവാടി ജീവനക്കാരായ സ്ത്രീകൾ സാരി തങ്ങൾക്ക് വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. സാരിയുടെ ബോർഡറിൽ കന്നഡയിൽ പോഷൺ അഭിയാൻ എന്ന് തെളിഞ്ഞ് കാണുന്ന വിധത്തിൽ എഴുതിയിട്ടുണ്ട്. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇത് കൂടാതെ പരിപാടിയുടെ ലോഗോ സാരിയിൽ പലയിടങ്ങളിലായി കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ ഗവൺമെന്റ് ബാനർ പോലെയാണ് ഈ സാരിയെന്ന് ജീവനക്കാർ പറയുന്നു. വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ ഏതെങ്കിലും വിധേന ജീവനക്കാരെ കാര്യങ്ങൾ ബോധിപ്പിച്ച് അവരെക്കൊണ്ട് സാരി വാങ്ങിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മുൻകൂട്ടി തുക നൽകി വാങ്ങിയ സാരികൾ ഇനി എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് അവർ.
Also Read-
DMK | ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകൻ ബിജെപിയിൽ ചേർന്നു
"പരിപാടിയുടെ പേര് പ്രിന്റ് ചെയ്തിട്ടുള്ള സാരികൾ ഉടുക്കാൻ ഞങ്ങൾ തയ്യാറല്ലെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഗവൺമെന്റ് പരിപാടിയുടെ പരസ്യമതിലായിട്ടാണോ അവർ അങ്കണവാടി ജീവനക്കാരെ കണക്കാക്കുന്നത്? പ്ലെയിൻ സാരികൾ തരികയാണെങ്കിൽ ഞങ്ങൾ ധരിക്കും. ഈ സാരികൾ ഞങ്ങൾക്ക് വേണ്ട," കർണാടക അങ്കണവാടി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ് വരലക്ഷ്മി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “സർക്കാർ നേരത്തെ തന്നെ പണം നൽകിയാണ് ഈ സാരികൾ വാങ്ങിയിരിക്കുന്നത്. ജീവനക്കാർ ഇത് ധരിക്കണമെന്നാണ് ഞങ്ങളുടെ അഭ്യർഥന. അതല്ലാതെ വേറെ പോംവഴിയില്ല. പോഷകാഹാര പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് ഇറങ്ങുന്ന ദിവസമോ മറ്റോ മാത്രം സാരി ധരിച്ചാലും മതിയാവും” വനിതാ ശിശുക്ഷേമ വിഭാഗം ഡയറക്ടർ പ്രിയങ്ക മേരി ഫ്രാൻസിസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.