മംഗളുരൂ: കര്‍ണ്ണാടക ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ നടത്തിയ പ്രസ്താവന വിവാദത്തിൽ. ‘റോഡുകളുടെയും ഡ്രെയിനേജുകളുടെയും വികസനം സംബന്ധിച്ച ചർച്ചകളിലല്ല വോട്ടർമാരെ ഉൾപ്പെടുത്തേണ്ടത്, പകരം ബിജെപി സർക്കാരിന് മാത്രമേ ലൗ ജിഹാദിനെ തടയാൻ കഴിയൂവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന്’ തിങ്കളാഴ്ച ചേർന്ന പാർട്ടി പ്രവര്‍ത്തകരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ നളിന്‍ കുമാർ കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു. തീവ്രവാദികളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അവര്‍ അധികാരത്തിലെത്തിയതാല് രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നും നളിന്‍ കുമാര്‍ പറഞ്ഞു. ‘ഡി.കെ ശിവകുമാര്‍ (കര്‍ണ്ണാടക കെപിസിസി പ്രസിഡന്റ്) മുഖ്യമന്ത്രിയായാല്‍ ഇവിടം തീവ്രവാദികളുടെ വിഹാര കേന്ദ്രമാകും. ലൗവ് ജിഹാദ് വര്‍ധിക്കും. മതപരിവര്‍ത്തന നിരോധന നിയമങ്ങളും ഗോവധ നിരോധന നിയമങ്ങളും അവര്‍ എടുത്ത് കളയും,’ നളിന്‍ കുമാർ കൂട്ടിച്ചേർത്തു.
പോപ്പുലര്‍ ഫ്രണ്ടിനെയും കര്‍ണ്ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റിയെയും നിരോധിക്കാന്‍ ഉത്തരവിറക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനത്തെ നളിന്‍ കുമാർ സ്വാഗതം ചെയ്തു. ബിജെപി നേതാവ് പ്രവീണ്‍ നേട്ടാരുവിന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് ഈ ഉത്തരവ് വേഗത്തില്‍ പുറപ്പെടുവിച്ചതെന്നും നളിന്‍ കുമാർ പറഞ്ഞു. ഈ സംഘടനകളെ നിരോധിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി നേതാക്കളുടെ ജീവന് അപകടത്തിലാകുമായിരുന്നുവെന്നും നളിന്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്കെതിരെയും നളിന്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിദ്ധാരാമയ്യ ജയിലിലാകുമെന്നും അഴിമതിക്കേസില്‍ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു വിമര്‍ശനം.
‘ലോകായുക്തയെ ദുര്‍ബലമാക്കിയ മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. എന്നാല്‍ ഞങ്ങള്‍ ആ സംവിധാനത്തെ ശക്തിപ്പെടുത്തി. അഴിമതി ആരോപണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അത് ചെവിക്കൊണ്ടില്ല. കോണ്‍ഗ്രസ് അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്നും സിദ്ധരാമയ്യയും ഡികെ ശിവകുമാറും അഴിമതി വീരന്മാരാണെന്നും നിങ്ങള്‍ ജനങ്ങളോട് പറയൂ’ നളിന്‍ കുമാര്‍ ബിജെപി പ്രവർത്തകരോട് പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കർണാകടയിൽ ബിജെപിയ്ക്ക് 150 സീറ്റ് ലഭിക്കുമെന്നും നളിന്‍ കുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ സാംസ്കാരിക മാറ്റം കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു.ലൗ ജിഹാദ് കേരളത്തിലെ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും അതീവ ഗുരുതരമായി ബാധിക്കുന്ന ഭീകരപ്രവര്‍ത്തനമാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് നേരത്തെ പറഞ്ഞിരുന്നു.
Also read- ചത്തീസ്ഗഢിൽ മതപരിവർത്തനത്തിന്റെ പേരിൽ സംഘർഷം; ഗോത്രവർഗക്കാർ പള്ളി തകർത്തു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും ലൗ ജിഹാദ് ഉയര്‍ത്തിക്കാട്ടിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയില്‍ സര്‍ക്കാര്‍ അത് നിയമവിരുദ്ധമാക്കിയെന്നും യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു. യുപിയില്‍ നടപ്പാക്കിയത് പോലെ ലൗ ജിഹാദ് നിരോധനനിയമം കേരളത്തില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ചോദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.