• HOME
  • »
  • NEWS
  • »
  • india
  • »
  • Karnataka | പാഠപുസ്തകത്തിൽനിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കി കർണാടകം; വിവാദമായി പത്താം ക്ലാസ് പാഠപുസ്തക പരിഷ്ക്കാരം

Karnataka | പാഠപുസ്തകത്തിൽനിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കി കർണാടകം; വിവാദമായി പത്താം ക്ലാസ് പാഠപുസ്തക പരിഷ്ക്കാരം

'ശ്രീനാരായണ ഗുരുവിന്റെ കണ്ണുകളില്‍ നോക്കാന്‍ പോലും കെല്‍പ്പില്ലാത്തവരാണ് ആ മഹാമനുഷ്യനെ ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് മായ്ക്കുന്നത്'- മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു...

sreenarayana-guru

sreenarayana-guru

  • Share this:
    ബംഗളൂരു: കർണാടകത്തിൽ പാഠപുസ്തകത്തിൽനിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കിയത് വിവാദമാകുന്നു. പത്താം ക്ലാസ് സാമൂഹികശാസ്ത്രം പാഠപുസ്തകത്തിൽനിന്നാണ് ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയത്. തമിഴ്നാട്ടിലെ സാമൂഹികപരിഷ്ക്കർത്താവ് കൂടിയായ പെരിയാറിനെക്കുറിച്ചുള്ള പാഠഭാഗവും ഒഴിവാക്കിയിട്ടുണ്ട്. പാഠ പുസ്തകം പരിഷ്ക്കരിച്ചതിന്‍റെ ഭാഗമായാണ് ഈ ഒഴിവാക്കൽ. സ്റ്റേറ്റ് സിബലസിലെ പത്താം ക്ലാസ് കന്നട പുസ്തകത്തില്‍ ആർഎസ്എസ് നേതാവ് ഹെഡ്‌ഗെവാറിന്റെ പ്രസംഗത്തിന്റെ പരിഭാഷ ഉള്‍പ്പെടുത്തിയ വിവാദം കെട്ടടങ്ങും മുമ്പാണ് പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ നിന്ന് നാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയത്.

    കര്‍ണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സാമൂഹ്യപാഠ പുസ്തകത്തിലെ അഞ്ചാം അധ്യായമായ 'സാമൂഹിക, മത പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍' എന്ന പാഠത്തിൽ വരുത്തിയ മാറ്റങ്ങളാണ് വിവാദമായത്. രാജാറാം മോഹന്‍ റോയ്, സ്വാമി ദയാനന്ദ സരസ്വതി, ആത്മാറാം പാണ്ഡുരംഗ്, ജ്യോതിബാ ഫൂലെ, സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍, രാമകൃഷ്ണ പരമഹംസ, സ്വാമി വിവേകാനന്ദന്‍, ആനി ബസന്റ് എന്നിവരെക്കുറിച്ചും ഇവർ സ്ഥാപിച്ച പ്രസ്ഥാനങ്ങളെയും വിശദമാക്കുന്ന അധ്യായത്തിൽനിന്നാണ് ഇവർക്കൊപ്പം പ്രതിപാദിച്ചിരുന്ന നാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയത്.

    കന്നട ഭാഷാപുസ്തകത്തില്‍ ഹെഡ്‌ഗെവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ആര്‍.എസ്.എസ് സ്ഥാപകന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ പാഠപുസ്തകങ്ങളുടെ പ്രിന്റിങ് നിര്‍ത്തിവെക്കണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമരപോരാളി ഭഗത് സിങ്ങിന്റെ പ്രസംഗവും പുസ്തത്തില്‍ നിന്നൊഴിവാക്കിയെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ഇത് നിഷേധിച്ച്‌ കര്‍ണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി രംഗത്തെത്തിയിരുന്നു.

    അതിനിടെ കർണാടകത്തിലെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണഗുരുവിനെ ഒഴിവാക്കിയതിനെതിരെ വിദ്യാഭ്യാസ വി. ശിവന്‍കുട്ടിയും പെരിയാറിനെ നീക്കിയതിൽ പ്രതിഷേധിച്ച്‌ ഡി.എം.കെ നേതാവ് ഡോ. ആര്‍ മഹേന്ദ്രനും രംഗത്തുവന്നു. 'ചരിത്രം മായ്ക്കാനും മറയ്ക്കാനും ശ്രമിക്കാം; എന്നാല്‍ മാറ്റാനാവില്ല... ശ്രീനാരായണ ഗുരുവിന്റെ കണ്ണുകളില്‍ നോക്കാന്‍ പോലും കെല്‍പ്പില്ലാത്തവരാണ് ആ മഹാമനുഷ്യനെ ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് മായ്ക്കുന്നത്. പത്താം തരം ടെക്സ്റ്റ് ബുക്കില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെ ബിജെപി ഭരിക്കുന്ന കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അതിനെ ശക്തമായി അപലപിക്കുന്നു. ഇക്കാര്യം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു.' മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

    ഗുരുവിന്റെയും പെരിയാറിന്റെയും സാമൂഹ്യ സമത്വ സന്ദേശങ്ങള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സാമൂഹ്യ, സാമ്ബത്തിക മേഖലകളില്‍ പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും സാമൂഹ്യപരിഷ്‌കര്‍ത്താക്കളെ അവമതിക്കുന്ന സമൂഹം പുരോഗമിക്കുയോ പരിഷ്‌കരിക്കുകയോ ചെയ്യില്ലെന്നും ആര്‍ മഹേന്ദ്രന്‍ ട്വീറ്റ് ചെയ്തു.
    Published by:Anuraj GR
    First published: