• HOME
  • »
  • NEWS
  • »
  • india
  • »
  • Car Registration | കാര്‍ വാങ്ങിയാൽ മണിക്കൂറുകൾക്കുള്ളിൽ രജിസ്‌ട്രേഷന്‍ നമ്പർ; സേവനങ്ങൾ ദ്രുതഗതിയിലാക്കാൻ കര്‍ണാടക

Car Registration | കാര്‍ വാങ്ങിയാൽ മണിക്കൂറുകൾക്കുള്ളിൽ രജിസ്‌ട്രേഷന്‍ നമ്പർ; സേവനങ്ങൾ ദ്രുതഗതിയിലാക്കാൻ കര്‍ണാടക

പൂര്‍ണമായും സമ്പര്‍ക്കരഹിതമായ രീതിയിലാണ് പുതിയ സംവിധാനം ആസൂത്രണം ചെയ്തിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കര്‍ണാടകയില്‍ (Karnataka) പുതിയ കാര്‍ വാങ്ങുന്നവര്‍ക്ക് ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ തന്നെ ഇനി രജിസ്‌ട്രേഷന്‍ നമ്പര്‍ (Registration Number) ലഭിക്കും. വാഹനം വാങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പെര്‍മനന്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും (Permanent Registration Certificate) ലഭിക്കും.

    ഡീലര്‍മാര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങള്‍ ഏകദേശം 10 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാര്‍ കട്ടാരിയ പറഞ്ഞു. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഞങ്ങള്‍ ഇതിനകം തന്നെ അനുബന്ധ സര്‍ക്കാര്‍ ഏജന്‍സികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    പൂര്‍ണമായും സമ്പര്‍ക്കരഹിതമായ രീതിയിലാണ് പുതിയ സംവിധാനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഉപഭോക്താവ് വാഹനം തിരഞ്ഞെടുത്ത് ഷോറൂമില്‍ പണമടച്ചു കഴിഞ്ഞാല്‍ ആവശ്യമായ ഫോമുകളും ഇന്‍ഷുറന്‍സും പോലുള്ള എല്ലാ രേഖകളും പരിവാഹന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ ഡീലര്‍ ആവശ്യപ്പെടും. ഉപഭോക്താവ് വാഹനത്തിന്റെ നികുതി അടച്ചു കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ നമ്പറുള്ള രസീതും ഓണ്‍ലൈനായി നല്‍കും.

    ഉപഭോക്താക്കള്‍ക്ക് പ്രത്യേകം ഫീസ് നല്‍കി വിഐപി നമ്പറുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. കൂടാതെ ലഭ്യതയ്ക്കനുസരിച്ച് മറ്റ് ഫാന്‍സി നമ്പറുകളും വാങ്ങാം. ആവശ്യമായ തുക അടച്ച ശേഷം ഡീലര്‍ ഒരു താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. തുടര്‍ന്ന് ഉപഭോക്താവിന് ഉടന്‍ തന്നെ വാഹനം നിരത്തിലിറക്കാൻ കഴിയും.

    പിന്നീട് ഓണ്‍ലൈനായി ഡീലര്‍ നല്‍കിയ ഈ വിവരങ്ങളെല്ലാം ബന്ധപ്പെട്ട ആര്‍ടിഒയ്ക്ക് അയയ്ക്കുകയും അവര്‍ അത് പരിശോധിക്കുകയും ചെയ്യും. എല്ലാം വ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുകയും നെലമംഗലയിലെ കേന്ദ്ര സ്ഥാപനത്തില്‍ നിന്ന് ഇന്ത്യാ പോസ്റ്റ് വഴി രേഖകള്‍ അയക്കുകയും ചെയ്യും.

    ഞങ്ങള്‍ ഇത് ജനങ്ങൾക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന രീതിക്ക് സമാനമാക്കാനാണ് ശ്രമിക്കുന്നത്. ബെംഗളൂരുവിലുള്ളവര്‍ക്ക് രണ്ട് ദിവസത്തിനകവും നഗരത്തിന് പുറത്തുള്ളവര്‍ക്ക് മൂന്ന് ദിവസത്തിനുള്ളിലും രജിസ്‌ട്രേഷന്‍ രേഖകള്‍ ലഭിക്കുമെന്നും കട്ടാരിയ പറഞ്ഞു. ഈ സംവിധാനം മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതിനേക്കാള്‍ കൂടുതല്‍ വിപുലമായും കൃത്യതയോടെയുമാണ് നിലവിൽ വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നവംബറില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയെത്തുടർന്ന് കർണാടക ഹൈക്കോടതി ഈ പുതിയ സംവിധാനം നടപ്പാക്കുന്നത് തടഞ്ഞിരുന്നു. ഇപ്പോള്‍ ആ കേസ് പിന്‍വലിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    2019ല്‍ ചണ്ഡീഗഡിലും പുതിയ വാഹനം വാങ്ങുന്ന സമയത്ത് തന്നെ ഡീലറില്‍ നിന്ന് രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുന്ന സംവിധാനം നടപ്പിലാക്കിയിരുന്നു. നഗരത്തില്‍ ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും വാങ്ങുന്ന ദിവസം തന്നെ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാന്‍ 52 ഡീലര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ മുഴുവന്‍ പണമടയ്ക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തതിന് ശേഷം നമ്പര്‍ ജനറേറ്റ് ചെയ്യും. പഞ്ചാബിലെയും ഹരിയാനയിലെയും പ്രാദേശിക ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ ഈ നടപടിക്രമം ഇതിനകം തന്നെ പിന്തുടരുന്നുണ്ട്.
    Published by:user_57
    First published: