ഒളിച്ചോടി കാമുകനെ വിവാഹം കഴിച്ച യുവതിക്ക് ഭർത്താവിനൊപ്പം തുടർന്നും താമസിക്കാൻ അനുമതി നൽകി കർണാടക ഹൈക്കോടതി (Karnataka High Court). എന്നാൽ മാതാപിതാക്കളോട് അവൾ ചെയ്തത് അവളുടെ കുട്ടികളിലൂടെ തിരികെ ലഭിക്കുമെന്ന് കോടതി മുന്നറിയിപ്പും നൽകി. എൻജിനീയറിങ് വിദ്യാർഥിനിയായ മകൾ നിസർഗ ഡ്രൈവറായ നിഖിലിനെ ഒളിച്ചോടി വിവാഹം കഴിച്ചതിനെ തുടർന്ന് നിസർഗയുടെ പിതാവ് ടി.എൽ.നാഗരാജു സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി (habeas corpus petition) പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ബി.വീരപ്പയും ജസ്റ്റിസ് കെ.എസ്.ഹേമലേഖയും അടങ്ങുന്ന ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഹർജിയിൽ വാദം കേട്ട കോടതി നാഗരാജുവിന്റെ ഹർജി തള്ളി.
പത്തൊൻപതുകാരിയായ നിസർഗ, മേയ് 13-ന് ഹോസ്റ്റലിൽ നിന്ന് പോയതായാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസത്തിന് ശേഷമാണ് മകളെ കാണാതായ വിവരം നാഗരാജു അറിഞ്ഞത്. നിഖിൽ തന്നെയാണ് മകളെ കൊണ്ടുപോയതെന്ന് നാഗരാജുവിന് സംശയം തോന്നിയിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.
എന്നാൽ തനിക്ക് പ്രായപൂർത്തി ആയെന്ന് നിസർഗ കോടതിയെ അറിയിച്ചു. ബെംഗളൂരുവിലെ ആനേക്കൽ താലൂക്കിലുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് 24 കാരനായ നിഖിലിനെ വിവാഹം കഴിച്ചെന്നും നിഖിലിന്റെ സഹോദരീ ഭർത്താവിന്റെ വീട്ടിലാണ് തങ്ങളിപ്പോൾ താമസിക്കുന്നതെന്നും നിഗർസ കോടതിയിൽ അറിയിച്ചു. ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു.
മൊഴി രേഖപ്പെടുത്തുന്നതിനിടെ ഹൈക്കോടതി മാതാപിതാക്കൾക്കും മകൾക്കും ചില നിർദേശങ്ങൾ നൽകുകയും ചെയ്തു. ''മക്കൾക്കു വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന മാതാപിതാക്കളും മാതാപിതാക്കൾക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന കുട്ടികളും ഉണ്ട്. ഇരുവരും തമ്മിൽ സ്നേഹവും വാത്സല്യവുമുണ്ടെങ്കിൽ കുടുംബത്തിൽ വിള്ളലുകൾ ഉണ്ടാകില്ല.
കുട്ടികൾ രക്ഷിതാക്കൾക്ക് എതിരെയോ രക്ഷിതാക്കൾ കുട്ടികൾക്കെതിരെയോ ഇത്തരത്തിൽ കോടതിയെ സമീപിച്ച് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടില്ല. പ്രണയം അന്ധമാണെന്നും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും സ്നേഹത്തേക്കാളും വാത്സല്യത്തേക്കാളും ശക്തി അതിനുണ്ടെന്നുമാണ് ഈ കേസ് തെളിയിക്കുന്നത്'', ഹൈക്കോടതി പറഞ്ഞു.
ജീവിതത്തിൽ നാം ചെയ്യുന്നതിനെല്ലാം പ്രതികരണങ്ങളും പ്രതിഫലങ്ങളും ഉണ്ടാകുമെന്നും ഇന്ന് മാതാപിതാക്കളോട് ചെയ്യുന്നതിനെല്ലാം ഉള്ള കർമഫലം ഭാവിയിൽ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നിസർഗക്കു നൽകി.
''മനുസ്മൃതിയിൽ പറയുന്നതു പ്രകാരം, ഒരു വ്യക്തി 100 വർഷം പരിശ്രമിച്ചാൽ പോലും, മക്കളെ പ്രസവിക്കാനും വളർത്താനും മാതാപിതാക്കൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് പകരമായി ഒന്നും ചെയ്യാൻ കഴിയില്ല. അതിനാൽ, നിങ്ങളുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും ഇഷ്ടമുള്ളത് ചെയ്യാൻ എപ്പോഴും ശ്രമിക്കുക. കാരണം നിങ്ങൾ ചെയ്യുന്ന അത്തരം പ്രവൃത്തികൾക്ക് ഫലം ലഭിക്കും'', കോടതി കൂട്ടിച്ചേർത്തു.
എന്നാൽ, പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ സമൂഹത്തിന് ഒരു പങ്കുമില്ലെന്നും വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് അവർ സ്വയം തന്നെയാണെന്നും ചൂണ്ടിക്കാട്ടിയ കോടതി നാഗരാജുവിന്റെ ഹർജി തള്ളി.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.