കര്‍ണാടകയിൽ ഐപിഎസ് ഓഫീസര്‍ ഡി രൂപയും ഐഎഎസ് ഓഫീസര്‍ രോഹിണി സിന്ധൂരിയും തമ്മിലുള്ള പോരിനിടെ തന്റെ ഭര്‍ത്താവായ ഐഎഎസ് ഓഫീസര്‍ മുനിഷ് മൗദ്ഗിലിനെ ലാന്‍ഡ് സര്‍വേ വകുപ്പില്‍ നിന്ന് മാറ്റണമെന്ന് സർക്കാരിനോട് അഭൃർത്ഥിച്ചിരുന്നതായി രൂപ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. ബുധനാഴ്ചയാണ് ഓഡിയോ ക്ലിപ്പ് ചോര്‍ന്നത്.
25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഓഡിയോ ക്ലിപ്പില്‍, മൈസൂരു വിവരാവകാശ പ്രവര്‍ത്തകന്‍ എന്‍ ഗംഗരാജുമായിട്ടാണ് രൂപ സംസാരിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണറായിരുന്ന കാലത്ത് ചില സ്വത്തുക്കളുടെ വിശദാംശങ്ങള്‍ തന്റെ ഭര്‍ത്താവ് സിന്ധൂരിയ്ക്ക് കൈമാറിയിരുന്നു. സിന്ധൂരിയുടെ കുടുംബം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസിനെ സഹായിക്കാനാണ് ഇത് ചെയ്തതെന്നും രൂപ ആരോപിച്ചു.
Also read-സ്വകാര്യ ഫോട്ടോകൾ സമൂഹ മാധ്യമത്തിൽ; ഐഎഎസ്-ഐപിഎസ് വനിതാ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
മൗദ്ഗിലിനെ ലാന്‍ഡ് സര്‍വേ വകുപ്പില്‍ നിന്ന് സ്ഥലം മാറ്റി പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. അതേസമയം, ആരോപണത്തെക്കുറിച്ച് മൗദ്ഗിലിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘അവരുടെ കുടുംബ ബിസിനസ്സ് റിയല്‍ എസ്റ്റേറ്റ് ആണ്. ഇതിന്റെ ചില രേഖകൾ എന്റെ പക്കലുണ്ട് (ചാറ്റുകളുടെ രൂപത്തില്‍). സിന്ധൂരി കബനിക്ക് സമീപമുള്ള ഒരു ഭൂമിയുടെ നാല് പഹാനി (ഭൂമിയുടെ അവകാശം, വാടക, വിള പരിശോധന -ആര്‍ടിസി) നമ്പറുകള്‍ അയച്ച് ആ ഭൂമി വാങ്ങാമോ, എല്ലാ രേഖകളും ശരിയാണോ എന്ന് ചോദിച്ചിരുന്നുവെന്ന്’ രൂപയുടേതെന്ന പേരിൽ പുറത്തായ ഓഡിയോ ക്ലിപ്പിൽ പറയുന്നു.
തന്റെ ഭര്‍ത്താവിനെ ഈ വകുപ്പിൽ നിന്ന് മാറ്റാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രൂപ പറഞ്ഞയാതും ഗംഗരാജു പറഞ്ഞു. സിന്ധൂരി മൈസൂര്‍ ഡിസി ആയിരിക്കെ ജെഡി(എസ്) എംഎല്‍എ സാ രാ മഹേഷുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ഗംഗരാജു മഹേഷിനെതിരെ കേസ് കൊടുത്തിരുന്നതായും അത് അടുത്തിടെ ഒത്തുതീര്‍പ്പില്‍ അവസാനിച്ചുവെന്നും രൂപ ആരോപിക്കുന്നു. ഡിസംബറില്‍ സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ബെലഗാവിയില്‍ വെച്ച് സാ രാ മഹേഷും സിന്ധുരിയും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ പി മണിവണ്ണന്‍ സഹായിച്ചതായും രൂപ ആരോപിക്കുന്നു.
ജെഡി(എസ്) നേതാവിനെതിരെ ഭൂമി കൈയേറ്റ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നാണ് മഹേഷ് സിന്ധുരിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. എന്നാൽ ഭൂമി കയ്യേറ്റത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഗംഗരാജു എംഎല്‍എയ്ക്കെതിരെയും പരാതി നല്‍കിയിരുന്നു. സാ രാ മഹേഷിനെതിരെ അന്വേഷണം നടത്താന്‍ സിന്ധൂരി നിങ്ങളെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് രൂപ ഗംഗരാജുവിനോട് ഫോണിൽ പറഞ്ഞത്. എന്നാല്‍ ഗംഗരാജ് ഇത് നിഷേധിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രൂപ, സിന്ധൂരിക്കെതിരെ അഴിമതി ആരോപണമുള്‍പ്പെടെ 19 ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് ആരംഭിച്ചത്. ഐപിഎസ് ഓഫീസര്‍ ഡി രൂപ, ഐഎഎസ് ഓഫീസര്‍ രോഹിണി സിന്ധൂരിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. മൂന്ന് പുരുഷ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് രോഹിണി ഈ ചിത്രങ്ങള്‍ അയച്ചതായും രൂപ ആരോപിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് രോഹിണി സിന്ധുരി നേരിട്ട് രംഗത്തെത്തി. രൂപ തനിക്കെതിരെ തെറ്റായതും വ്യക്തിപരവുമായ അധിക്ഷേപ പ്രചാരണം നടത്തുകയാണെന്ന് രോഹിണി ഔദ്യോഗിക മാധ്യമ പ്രസ്താവനയിലൂടെ അറിയിച്ചു. സിന്ധുരിയൂടെ ഭര്‍ത്താവ് സുധീര്‍ റെഡ്ഡിയും അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് രൂപയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കി. അതേസമയം, സിന്ധുരിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വന്ദിത ശര്‍മയ്ക്ക് രൂപ പരാതിയും നല്‍കി.
പോര് തുടര്‍ന്നതോടെ ഇരുവരെയും ചൊവ്വാഴ്ച സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇവരെ സ്ഥലം മാറ്റിയത് എങ്ങോട്ടേക്കാണെന്ന് ഉത്തരവില്‍ പറയുന്നില്ല. ഇത് വ്യക്തിപരമായ പ്രശ്‌നമാണ് എന്നാണ് വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആദ്യം പ്രതികരിച്ചത്. എന്നാല്‍ പോര് മുറുകിയതോടെ എപ്പോള്‍, എന്ത് തരത്തിലുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിന് അറിയാമെന്നും രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.