ബെംഗളുരു: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ശശി തരൂരിനോട് മത്സരിച്ച് വിജയിച്ച 80കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അഭിമാനിക്കാന്‍ ഏറെ വകനല്‍കുന്നതാണ് സ്വന്തം തട്ടകത്തില്‍ പാർട്ടിക്ക് നേടിക്കൊടുത്ത ഉജ്ജ്വല വിജയം. മൂന്ന് തവണ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുമ്പോഴാണ് രാജ്യത്താകമാനമുള്ള പാർട്ടി പ്രവർത്തകർക്ക് പുത്തനുണർവ് നൽകിയ ഈ വിജയം.
വയോധികൻ എന്ന് പരിഹസിച്ചവർക്ക് മുന്നില്‍ തല ഉയർത്തി തന്നെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ്സിനെ നയിക്കും. അതുപക്ഷെ കർണാടക നൽകുന്ന ആത്മവിശ്വാസത്തിന്റെ കരുത്തിലാകും. രണ്ടര പതിറ്റാണ്ടിനു ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പാര്‍ട്ടിയെ നയിക്കുന്ന ആദ്യ പ്രസിഡന്റെന്ന പദവിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇരിക്കുമ്പോഴാണ് ബിജെപി മുക്ത ദക്ഷിണഭാരതം യാഥാർത്ഥ്യമാകുന്നത്.
Also Read- Karnataka Election Results 2023 Live: കോൺഗ്രസ് ലീഡ് 137 സീറ്റുകളിൽ; അധികം പിടിച്ചത് 57 സീറ്റുകൾ
2014 ല്‍ ചരിത്രത്തിലെ നാണംകെട്ട തോല്‍വി കോൺഗ്രസ് ഏറ്റുവാങ്ങുകയും ലോക്സഭയില്‍ കേവലം 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്ത ഘട്ടത്തിലാണു മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവാകുന്നത്. 2021 ഫെബ്രുവരിയില്‍ അദ്ദേഹം രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി. സൗമ്യനും മൃദുഭാഷിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുന്നതും കണ്ടു.
ഖാര്‍ഗെയുടെ വിഷ പപ്പാമ്പ് പരാമര്‍ശം ബിജെപി ആയുധമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് തന്നെ വിഷപ്പാമ്പ് എന്ന് വിളിച്ചുവെന്നു പറഞ്ഞ മോദി, ഈശ്വരന്റെ കഴുത്തില്‍ തൂങ്ങി നില്‍ക്കുന്ന പമ്പാണു താന്‍ എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഈ രാജ്യത്തെ ജനങ്ങള്‍ എനിക്ക് ഈശ്വരനെപ്പോലെ തുല്യരാണ്. അവരോടൊപ്പം നില്‍ക്കുന്ന അവരുടെ പാമ്പാണ് ഞാന്‍. മെയ് 13 ന് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read- DK Shivakumar| കനകപുരയില്‍ ഒരേഒരു നാൾ പ്രചാരണം; ഡി.കെ. ശിവകുമാറിന് ഭൂരിപക്ഷം ഒരുലക്ഷത്തിലേറെ
മത്സരിച്ച 12 തെരഞ്ഞെടുപ്പുകളിൽ ഒരിക്കൽ മാത്രമാണ് ഖാർഗെ പരാജയം അറിഞ്ഞത്. എന്നാൽ സ്വന്തം സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് മൂന്ന് തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായി. മൂന്ന് തവണയും എസ് എം കൃഷ്ണയ്ക്കും ധരം സിങ്ങിനും സിദ്ധരാമയ്യയ്ക്കും വേണ്ടി മുഖ്യമന്ത്രി പദം വിട്ടുകൊടുക്കേണ്ടിവന്നു.
കർണാടക തെരഞ്ഞെടുപ്പിൽ, പാർട്ടിയുടെ ഏറ്റവും ആക്രമണാത്മക മുഖങ്ങളിലൊന്നായിരുന്നു ഖാർഗെ. കോൺഗ്രസ് അധ്യക്ഷനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ തെരഞ്ഞെടുപ്പ് കൂടിയാണിത്, ക്രെഡിറ്റ് എടുക്കാൻ പലരും തിരക്കുകൂട്ടുന്നുണ്ടെങ്കിലും, ഖാർഗെയ്ക്ക് ഈ വിജയം അനിവാര്യമായിരുന്നു. മുഖ്യമന്ത്രിയാകാൻ കഴിയാത്തതിൽ എന്തു തോന്നുന്നു എന്ന ചോദ്യത്തിന്, അദ്ദേഹം ഒരിക്കൽ പുഞ്ചിരിയോടെ മറുപടി പറഞ്ഞത് ഇങ്ങനെ: “ആരാണ് മുഖ്യമന്ത്രിയാകണമെന്ന് എനിക്ക് തീരുമാനിക്കാൻ കഴിയുമ്പോൾ, ഞാൻ എന്തിന് വിഷമിക്കണം?”
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Karnataka assembly, Karnataka Election, Karnataka Elections 2023, Mallikarjun Kharge