• HOME
  • »
  • NEWS
  • »
  • india
  • »
  • Hindu-Muslim Unity | 35 വർഷമായി ഹിന്ദു വിഗ്രഹങ്ങൾ നിർമിക്കുന്നു; മതമൈത്രിയുടെ സന്ദേശമുയർത്തി മുസ്ലീം ശിൽപ്പി

Hindu-Muslim Unity | 35 വർഷമായി ഹിന്ദു വിഗ്രഹങ്ങൾ നിർമിക്കുന്നു; മതമൈത്രിയുടെ സന്ദേശമുയർത്തി മുസ്ലീം ശിൽപ്പി

കഴിഞ്ഞ 35 വർഷമായി സയ്യിദ് മുനവർ തൻെറ സമുദായത്തിലെ തന്നെ കുറച്ച് പേരെക്കൂടി സഹായത്തിന് ചേർത്ത് വിഗ്രഹങ്ങൾ നിർമ്മിക്കുന്നു.

  • Share this:
    ഹിജാബ് നിരോധനവും (Hijab Ban) ഹലാൽ ബഹിഷ്കരണവുമെല്ലാം (Halal Boycott) കർണാടകയിൽ (Karnataka) ആളുകൾക്കിടയിൽ അനാവശ്യമായ മതപരമായ വിവേചനം സൃഷ്ടിക്കുന്ന കാലമാണിത്. മുസ്ലിം വ്യാപാരികളെ ക്ഷേത്ര പരിസരങ്ങളിൽ തടഞ്ഞുവെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ അത്തരം വെറുപ്പിൻെറ പ്രത്യയശാസ്ത്രത്തെയെല്ലാം കാറ്റിൽ പറത്തി കോലാറിൽ (Kolar) ഒരു മുസ്ലിം ശിൽപ്പി ദശകങ്ങളായി മതമൈത്രിയുടെ സന്ദേശം പകർന്ന് നൽകുകയാണ്. താൻ ചെയ്യുന്നത് ദൈവത്തിൻെറ ജോലിയാണെന്ന് വിശ്വസിച്ച് അദ്ദേഹം ഹിന്ദു വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ജോലിയിൽ മുഴുകിയിരിക്കുകയാണ്.

    കോലാറിലെ ശിവരപട്ടണയിൽ കഴിഞ്ഞ 35 വർഷമായി സയ്യിദ് മുനവർ തൻെറ സമുദായത്തിലെ തന്നെ കുറച്ച് പേരെക്കൂടി സഹായത്തിന് ചേർത്ത് വിഗ്രഹങ്ങൾ നിർമ്മിക്കുന്നു. മുനവറിൻെറ പിതാവ് പീർസാഹിബും ഇതേ ജോലിയാണ് ചെയ്തിരുന്നത്. പാരമ്പര്യമായി കിട്ടിയ തൊഴിൽ മനോഹരമായി സംതൃംപ്തിയോടെ ചെയ്യുകയാണ് സയ്യിദ് മുനവർ. ഇത് വരെയുള്ള കണക്കുകൾ നോക്കിയാൽ ആയിരക്കണക്കിന് വിഗ്രഹങ്ങൾ കൊത്തിയെടുത്തിട്ടുണ്ടെന്ന് മുനവർ പറയുന്നു. കൂറ്റൻ ഗണേശ വിഗ്രഹങ്ങൾ മുതൽ ചെറിയ നാഗ വിഗ്രഹങ്ങൾ വരെ ഇവയിൽ ഉൾപ്പെടുന്നു.

    മുസ്ലിം സമുദായത്തിൽപെട്ട നിരവധി പേർ അദ്ദേഹത്തിൻെറ സംഘത്തിലുണ്ട്. പെയിൻറ് ചെയ്യാനും പോളിഷ് ചെയ്യാനും മറ്റ് ജോലികളിലുമെല്ലാം അവർ സഹായിക്കും. "35 വർഷക്കാലമായി ഞാൻ ഈ ജോലി ചെയ്യുന്നുണ്ട്. ഞാൻ ഒരിക്കലും മതത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഈ തൊഴിൽ പഠിക്കാനും ചെയ്യാനും എനിക്ക് ചെറുപ്പം മുതലേ വലിയ താൽപര്യമുണ്ടായിരുന്നു. മതവുമായി ബന്ധപ്പെട്ട് ഇത് വരെ ആലോചിട്ടിട്ടില്ല. എൻെറ ഗ്രാമത്തിൽ ഇതേ തൊഴിലെടുക്കുന്ന വേറെയും അഞ്ചോ ആറോ മുസ്ലിം സഹോദരൻമാരുണ്ട്. ഇസ്‌ലാം വിഗ്രഹാരാധന പ്രചരിപ്പിക്കുന്നില്ലെങ്കിലും ഞങ്ങൾ എന്തിനാണ് ഈ തൊഴിൽ എടുക്കുന്നതെന്ന് ഞങ്ങളുടെ സമുദായത്തിൽ നിന്നുള്ള ആരും ഇത് വരെ ചോദിച്ചില്ല. ഇപ്പോഴെന്തിനാണ് ചിലർ എല്ലാത്തിലും മതം കലർത്തുന്നതെന്ന് മനസ്സിലാവുന്നില്ല" മുനവർ പറഞ്ഞു.

    ചുറ്റികയുടെയും ഉളിയുടെയും ശബ്ദത്താൽ മുഖരിതമായ ഈ ഗ്രാമം പതിറ്റാണ്ടുകളായി വിഗ്രഹ നിർമ്മാണത്തിന് പേരുകേട്ടതാണ്. വിശ്വകർമ സമുദായമാണ് പ്രധാനമായും ഈ തൊഴിലെടുക്കുന്നത്. എന്നാൽ മുസ്ലീം ശിൽപികൾ നൂറ്റാണ്ടുകളായി ഇവരോടൊപ്പം സഹവസിക്കുകയും ഒരുമിച്ച് തൊഴിലെടുക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മതപരമായ വിവേചനം തങ്ങളുടെ ഗ്രാമത്തിലെ സമാധാന അന്തരീക്ഷത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുനവർ പറഞ്ഞു. “ഞങ്ങൾ അവരെ ഞങ്ങളുടെ ഉത്സവത്തിന് വിളിക്കുന്നു, അതുപോലെ അവർ ഞങ്ങളെ അവരുടെ ഉത്സവത്തിനും ക്ഷണിക്കുന്നു,” മുനവർ പറഞ്ഞു.

    സംസ്ഥാനത്ത് വർഗീയമായ വേർതിരിവ് ഉണ്ടാക്കുന്നവർക്കെതിരെ സംസാരിക്കുന്നതിനിടയിൽ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി ഈ ഗ്രാമത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. "ശിവരപട്ടണയിലെ 15 മുസ്ലിം കുടുംബങ്ങൾ 35 വർഷത്തിലേറെയായി ഹിന്ദു വിഗ്രഹങ്ങൾ നിർമ്മിക്കുന്നു. അവരെയും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുമോ?," ഇതായിരുന്നു കുമാരസ്വാമിയുടെ ചോദ്യം.
    Published by:Sarath Mohanan
    First published: