ത്രിശങ്കുവിലായ കർണാടക രാഷ്ട്രീയത്തിൽ ആറ് സാധ്യതകളാണ് ഇനിയുള്ളത്. വിമത എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിക്കുന്നതോടെ കുമാരസ്വാമി സർക്കാർ വീഴുമെന്ന ആത്മവിശ്വാസമാണ് ബിജെപിക്ക്. മുംബൈയിൽ നിന്ന് തിരിച്ചെത്തുന്ന എംഎൽഎമാരുടെ മനസ് മാറുമെന്ന അവസാന പ്രതീക്ഷയിലാണ് കോൺഗ്രസ്. നിയമസഭയിലെ ആകെ അംഗബലം 224 ആണ്. ഇതിനോടകം രാജിവച്ചവർ 16. ഇവരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ സഭയിലെ അംഗബലം 208 ആകും. പിന്നീട് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 105 പേരുടെ പിന്തുണ. ഇപ്പോൾ 107 അംഗങ്ങൾ ബിജെപിക്കൊപ്പം ഉണ്ട്. കോൺഗ്രസ് സഖ്യത്തിനൊപ്പം 101 പേരുമാകും. ഇതോടെ സർക്കാർ ന്യൂനപക്ഷമാകും. അവസാന മണിക്കൂറുകളിലെ കൂട്ടലും കിഴിക്കലുകളുമാണ് ഇനി. സർക്കാരിന‍്റെ ഭാവി സാധ്യതകൾ ഇങ്ങനെ.
1. വിമത എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിക്കുക. കുമാരസ്വാമി സർക്കാര്‍ ന്യൂനപക്ഷമായി പുറത്തേക്ക്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുക.
2. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ്. വിപ്പ് ലംഘിക്കുന്ന വിമതരെ കൂറുമാറ്റ നിരോധനിയമ പ്രകാരം അയോഗ്യരാക്കാം. ഇത് പുതിയ നിയമയുദ്ധത്തിന് വഴിവയ്ക്കും.
3. സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരിക. ഭൂരിപക്ഷം തെളിയിക്കാൻ എംഎൽഎമാരെ ഗവർണറുടെ മുന്നിൽ ഹാജരാക്കുകയുമാകാം.
4. കുമാരസ്വാമി രാജിവെച്ച് കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയാകുക. വിമതരെ കൂടി ഉൾപ്പെടുത്തി പുതിയ മന്ത്രിസഭ. ഇതിന് പക്ഷേ വിമതർ തയാറാകണം.
5. സംസ്ഥാനത്തെ ക്രമസമാധാന നില തകരുകയോ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താം. ഗവർണർക്ക് ഇതിനായി കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാം. എന്നാലിതിന് സാധ്യത വളരെ കുറവാണ്.
6. സർക്കാർ താഴെ വീണാൽ ബദൽ സർക്കാരുണ്ടാക്കാതെ ബിജെപി മാറി നിൽക്കാം. ഇങ്ങനെയെങ്കിൽ കർണ്ണാടകയിൽ ആറുമാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
ഇതിനെല്ലാം പുറമെ നിയമസഭ തന്നെ പിരിച്ചുവിടാൻ കുമാരസ്വാമിക്ക് ഗവർണർക്ക് ശുപാർശ നൽകാനാകും. ഇത് സ്വീകരിക്കണമോ എന്നത് ഗവർണറുടെ വിവേചനാധികാരമാണ്. വിമത എംഎൽമാർ തിരിച്ചുവരുമെന്ന അവസാന പ്രതീക്ഷയിലാണ് ഇപ്പോഴും കോൺഗ്രസ്. ഓപ്പറേഷൻ താമര വിജയിക്കുമെന്ന പ്രതീക്ഷയിൽ ബിജെപിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.