• HOME
  • »
  • NEWS
  • »
  • india
  • »
  • School Bus from Farmin | സ്കൂൾ വളപ്പിൽ കൃഷി ചെയ്ത് വിളവെടുത്ത അടയ്ക്കാ വിറ്റ് വിദ്യാർഥികൾക്കായി ബസ് വാങ്ങി

School Bus from Farmin | സ്കൂൾ വളപ്പിൽ കൃഷി ചെയ്ത് വിളവെടുത്ത അടയ്ക്കാ വിറ്റ് വിദ്യാർഥികൾക്കായി ബസ് വാങ്ങി

കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളിൽ നടത്തിയ കൃഷിയിൽ നിന്നുള്ള ലാഭവും ഒപ്പം നാട്ടുകാരുടെ പിന്തുണയും കൊണ്ടാണ് ബസ് വാങ്ങിയത്

  • Last Updated :
  • Share this:
    സൗമ്യ കലാസ

    കർണാടകത്തിലെ ഒരു സ്കൂളിലെ വിദ്യാർഥികൾ തിങ്കളാഴ്ച പുതിയ ബസ്സിലാണ് സ്കൂളിലെത്തിയത്. അവരുടെ സ്വന്തം ബസിൽ. ഏറെ ആഹ്ളാദത്തോടെയാണ് അധ്യാപകരും പ്രദേശവാസികളും ബസ്സിലെത്തിയ വിദ്യാർഥികളെ സ്വാഗതം ചെയ്തത്. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളിൽ നടത്തിയ കൃഷിയിൽ നിന്നുള്ള ലാഭവും ഒപ്പം നാട്ടുകാരുടെ പിന്തുണയും കൊണ്ടാണ് അവർ ബസ് വാങ്ങിയത്. സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിലാണ് ഇതെല്ലാം സാധ്യമായിരിക്കുന്നത്.

    ദക്ഷിണ കന്നഡ ജില്ലയിലെ ബന്ദ‍്‍വാല താലൂക്കിലെ അതിർത്തി ഗ്രാമമായ മിത്തൂറിലെ 112 വർഷം പഴക്കമുള്ള ജിയുപിഎസ് സ്കൂളിലാണ് ഇപ്പോൾ വികസന സമിതിയുടെ നേതൃത്വത്തിൽ ബസ് വാങ്ങിയിരിക്കുന്നത്.

    118 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഓട്ടോറിക്ഷയിലും മറ്റുമായിട്ടാണ് വിദ്യാർഥികൾ നേരത്തെ സ്കൂളിലെത്തിയിരുന്നത്. വികസന സമിതിയാണ് ഒരു ബസ് വാങ്ങുന്നതിനെക്കുറിച്ച് മൂന്ന് വർഷം മുമ്പ് ആലോചന തുടങ്ങിയത്. രക്ഷിതാക്കളിൽ നിന്നും പ്രദേശവാസികളിൽ നിന്നുമുള്ള പിന്തുണ കൂടി ആയതോടെ എല്ലാം എളുപ്പത്തിൽ നടന്നു.

    അടയ്ക്കാ കൃഷിയിൽ നിന്ന് ലഭിച്ച സാമ്പത്തിക വരുമാനമാണ് പ്രധാനമായും ബസ് വാങ്ങാനായി ചെലവഴിച്ചത്. വിദ്യാ‍‍ർഥികൾ കൃഷിക്ക് വലിയ താൽപര്യത്തോടെ തന്നെ മുന്നിട്ടിറങ്ങിയിരുന്നു. അധ്യാപകരും പ്രദേശവാസികളും വേണ്ട പിന്തുണയും നൽകി. സ്കൂൾ വികസന സമിതിയുടെ ഏകോപനം കൂടിയായതോടെ കൃഷി വൻ വിജയമായി. ഒപ്പം സ്കൂളിന് സ്വന്തമായി ഒരു ബസ്സുമായി.



    ഈ പ്രദേശത്ത് വളരെ സാധാരണമായ ഒരു വിളയാണ് അടയ്ക്ക. കമുക് കൃഷി വളരെ ലാഭകരവുമാണ്. സ്കൂളിലെ പതിവ് പൂന്തോട്ടപരിപാലനത്തിനൊപ്പം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കമുകുകളും പരിപാലിച്ചിരുന്നു. ഗ്രാമവാസികളും രക്ഷിതാക്കളും ഇവർക്കൊപ്പം ചേർന്നു. കഴിഞ്ഞ വർഷം മുതൽ കമുകുകൾ കായ്ച്ചു തുടങ്ങി. "ആറ് ക്വിന്റലോളം അടയ്ക്കയാണ് വിളവെടുത്തത്. വിപണിയിൽ നിന്ന് മികച്ച വില ലഭിക്കുകയും ചെയ്തു. കിലോയ്ക്ക് 500 രൂപയ്ക്കാണ് അടയ്ക്ക വിറ്റത്. സ്കൂൾ ബസ് വാങ്ങാൻ ഇത് വളരെയധികം സഹായിച്ചു, ” സ്കൂളിലെ അധ്യാപകൻ സഞ്ജീവ് നായിക് പറഞ്ഞു.

    സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും സമീപ ഗ്രാമങ്ങളിൽ നിന്നെത്തുന്നവരാണ്. മലകളും കുന്നുകളും കടന്നും റെയിൽവേ ലൈനുകൾ മുറിച്ചു കടന്നുമൊക്കെയാണ് പലരും സ്കൂളിലെത്തിച്ചേർന്നിരുന്നത്. മിക്ക കുട്ടികളും ഓട്ടോകളിലാണ് സ്കൂളിൽ എത്തിയിരുന്നത്. എന്നാൽ ഇനി എല്ലാവർക്കും സുരക്ഷിതമായി സ്കൂൾ ബസിൽ സഞ്ചരിക്കാം.

    Also Read- Liver Donation | ഗുരുതരാവസ്ഥയിലുള്ള പിതാവിന് കരള്‍ നല്‍കണം; സുപ്രീംകോടതിയെ സമീപിച്ച് 17കാരന്‍

    ''സെക്കൻഡ് ഹാൻഡ് ബസാണ് വാങ്ങിയത്. 5 ലക്ഷം രൂപയാണ് ബസിന്റെ ചെലവ്'' സ്കൂൾ ഹെഡ് മിസ്ട്രസ് സരോജ എ പറഞ്ഞു.

    ദിവസവും 2 ട്രിപ്പുകളിലായി 75ഓളം വിദ്യാർഥികളാണ് സ്കൂൾ ബസിൽ യാത്ര ചെയ്യുന്നത്. കുട്ടികളെ സുരക്ഷിതരായി സ്കൂളിൽ വിടാൻ കഴിഞ്ഞതോടെ മാതാപിതാക്കളുടെ പിരിമുറുക്കവും കുറഞ്ഞിട്ടുണ്ട്. തോട്ടം ഒരു ഏക്കറിലധികം വ്യാപിപ്പിക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. അടുത്ത തവണ ഈ വരുമാനം ഉപയോഗിച്ച് ഗസ്റ്റ് അധ്യാപകരെ നിയമിക്കുകയാണ് ലക്ഷ്യം. ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന വിവിധയിനം പച്ചക്കറികളും പഴങ്ങളും സ്കൂൾ കാമ്പസിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്.
    Published by:Anuraj GR
    First published: