ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ശനിയാഴ്ച അധികാരത്തിലേറും. ഉച്ചക്ക് 12.30ന് ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കുപുറമെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും 20ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കും. ഒരു ലക്ഷംപേർ ചടങ്ങിന് സാക്ഷികളാവും.
രാജ്യത്തെ പ്രതിപക്ഷ നിരയിൽനിന്ന് 20 നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ബിജെപിക്കെതിരെ ദേശീയ-പ്രാദേശിക പാർട്ടികളുടെ സഖ്യം രൂപപ്പെടുത്താനുള്ള നീക്കം സജീവമാകുന്നതിനിടെയാണ് കർണാടകയിലെ വേദിയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നിക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല.
Also Read- സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രി; കർണാടക കോൺഗ്രസിലെ ജനകീയമുഖത്തിന് അവസാന അവസരം
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യം വഹിക്കും. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പങ്കെടുക്കില്ല.പകരം പ്രതിനിധിയായി ലോക്സഭ ഉപനേതാവ് കകോലി ഘോഷ് ദസ്തിദാർ എത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കളും ചടങ്ങിനെത്തും.
75കാരനായ സിദ്ധരാമയ്യ രണ്ടാംതവണയാണ് കർണാടക മുഖ്യമന്ത്രിയാകുന്നത്. മന്ത്രിമാരുടെ പട്ടിക തയാറാക്കാനും വകുപ്പുകൾ തീരുമാനിക്കാനും വെള്ളിയാഴ്ച വൈകിട്ട് നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രൺദീപ് സിങ് സുർജെവാല, സോണിയ ഗാന്ധി എന്നിവരുമായി ചർച്ച നടത്തി. സീനിയോറിറ്റിക്ക് പുറമെ, ജാതി- മത പ്രാതിനിധ്യവും കണക്കാക്കിയാണ് മന്ത്രിസഭ രൂപീകരിക്കുക.
Also Read- 2000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാം
ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായ ക്ഷേമ പദ്ധതികൾക്ക് അംഗീകാരം നൽകുമെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി.
സമാജ് വാദി പാർട്ടി, ജെ ഡി (യു), ആർജെഡി, എൻസിപി, ശിവസേന താക്കറെ വിഭാഗം, നാഷണൽ കോൺഫറൻസ്, സിപിഎം, സിപിഐ നേതാക്കൾക്കു പുറമെ, മഹ്ബൂബ മുഫ്തി (പിഡിപി), വൈക്കോ (എംഡിഎംകെ), തിരുമണവാളൻ (വിസികെ), ദീപാങ്കർ ഭട്ടാചാര്യ (സിപിഐ – എംഎൽ), ജയന്ത് ചൗധരി (ആർഎൽഡി), എൻ കെ പ്രേമചന്ദ്രൻ (ആർ എസ് പി), ജോസ് കെ മാണി (കേരള കോൺഗ്രസ്), പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (മുസ്ലിം ലീഗ്) തുടങ്ങിയവരും ചടങ്ങിനെത്തിയേക്കും.
Also Read- യുപിയിലെ ക്ഷേത്രത്തിൽ മുസ്ലീങ്ങൾക്ക് പ്രവേശനം നിരോധിച്ചു; ഹിന്ദുക്കൾക്ക് ഡ്രസ് കോഡ്
എന്നാൽ, പ്രതിപക്ഷ നിരയിലെ ബിആർഎസ്, ബിജെഡി, വൈഎസ്ആർസിപി, ആം ആദ്മി പാർട്ടി, ബി എസ് പി പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. 2018ൽ കോൺഗ്രസ്- ജെ ഡി-എസ് സഖ്യ സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ (കേരളം), അരവിന്ദ് കെജ്രിവാൾ (ഡൽഹി), മമത ബാനർജി (പശ്ചിമബംഗാൾ), എൻ ചന്ദ്രബാബു നായിഡു (ആന്ധ്രാ പ്രദേശ്), ബി എസ് പി അധ്യക്ഷ മായാവതി തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: DK Shivakumar, Karnataka Election result, Karnataka Elections 2023, Siddaramaiah