HOME » NEWS » India » KASHMIR DAIRY FARMERS POUR MILK INTO DRAINS AS COVID CRISIS JK

കോവിഡ് പ്രതിസന്ധി: പാൽ അഴുക്കുചാലിൽ ഒഴുക്കി പ്രതിഷേധിച്ച് കാശ്മീരിലെ ക്ഷീര കർഷകർ

പുല്‍വാമ ജില്ലയിലെ ക്ഷീര കര്‍ഷകരാണ് പാല്‍ ക്യാനുകള്‍ കയറ്റിയ ട്രക്കുകള്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ലസിപോറയില്‍ കൊണ്ടുപോയി അഴുക്കുചാലില്‍ ഒഴുക്കി കളഞ്ഞത്

News18 Malayalam | news18-malayalam
Updated: May 25, 2021, 5:28 PM IST
കോവിഡ് പ്രതിസന്ധി: പാൽ അഴുക്കുചാലിൽ ഒഴുക്കി പ്രതിഷേധിച്ച് കാശ്മീരിലെ ക്ഷീര കർഷകർ
Image PTI
  • Share this:


കൊറോണ വൈറസ് മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്‌ഡൌണും ദുരിതത്തിലാക്കിയിരിക്കുന്നത് നിരവധി പേരുടെ ഉപജീവന മാര്‍ഗത്തെയാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പാലിന്റെ ആവശ്യം കുറഞ്ഞതോടെ നിസ്സഹായരായ കാശ്മീരിലെ ക്ഷീരകര്‍ഷകര്‍ ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ അഴുക്കുചാലില്‍ ഒഴുക്കി പ്രതിഷേധിച്ചു. തങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം കോവിഡ് 19 ലോക്ക്ഡൗണ്‍ ആണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.

പുല്‍വാമ ജില്ലയിലെ ക്ഷീര കര്‍ഷകരാണ് പാല്‍ ക്യാനുകള്‍ കയറ്റിയ ട്രക്കുകള്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ലസിപോറയില്‍ കൊണ്ടുപോയി അഴുക്കുചാലില്‍ ഒഴുക്കി കളഞ്ഞത്. താഴ്വരയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന ജില്ലയാണ് പുല്‍വാമ. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഡയറി പ്ലാന്റുകളില്‍ ക്ഷീരകര്‍ഷകര്‍ കൊണ്ടു വന്ന പാല്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. കോവിഡ് ലോക്ക്ഡൗണിനിടയില്‍ പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ആവശ്യം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം.

മൊത്തം പാല്‍ ഉല്‍പാദനത്തിന്റെ 40% മാത്രമാണ് ഒരു മാസമായി തങ്ങള്‍ വില്‍ക്കുന്നതെന്ന് ക്ഷീരകര്‍ഷകരിലൊരാള്‍ എന്‍ഡിടിവിയോട് പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം പാല്‍ വാങ്ങുന്നവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. 40 പശുക്കളുടെ ഉടമസ്ഥനായ റാഫിക് അഹമ്മദ് പാല്‍ വില്‍പ്പന കുറഞ്ഞത് തന്റെ ഉപജീവനത്തെ മാത്രമല്ല ബാധിച്ചതെന്നും തന്റെ പശുക്കളും പട്ടിണിയുടെ വക്കിലാണെന്ന് വ്യക്തമാക്കി. പശുക്കള്‍ക്ക് കാലിത്തീറ്റ വാങ്ങാനും പണമില്ലെന്ന് അഹമ്മദ് പറയുന്നു.

Also Read-പിസിആർ ടെസ്റ്റിന് വിട! ഇനി സെക്കന്റിനുള്ളിൽ നായകൾക്ക് കോവിഡ് ബാധ കണ്ടെത്താം

ലസിപോറ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പാല്‍ സംസ്‌കരണ പ്ലാന്റുകളിലൊന്നായ സും സും കോവിഡ് ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിന് മുമ്പ് ക്ഷീര കര്‍ഷകരില്‍ നിന്ന് 22,000 ലിറ്റര്‍ പാല്‍ വാങ്ങുമായിരുന്നു. ഇന്ന് ഇത് 10,000 ലിറ്ററായി കുറഞ്ഞു.

ഡയറി പ്ലാന്റ് ഉടമകളും വിപണിയില്‍ നിന്നുള്ള പാലിന്റെ ആവശ്യം കുറച്ചതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വില്‍പ്പന മോശമായതിനാല്‍ ഡയറി പ്ലാന്റിന്റെ സംഭരണം 50-60 ശതമാനമായി കുറച്ചതായി പ്ലാന്റ് അധികൃതര്‍ അറിയിച്ചു. വിവിധ ഡയറി പ്ലാന്റുകളില്‍ പാല്‍ സംഭരണം കുറച്ച വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഡസന്‍ കണക്കിന് കര്‍ഷകര്‍ അവരുടെ പാല്‍ അഴുക്കുചാലില്‍ ഒഴുക്കാന്‍ തീരുമാനിച്ചു. പാല്‍ ഒഴുക്കി കളയുന്നത് വേദനാജനകമാണെന്നും എന്നാല്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളിലെന്നും കര്‍ഷകര്‍ പറയുന്നു.

Also Read-ആര്യവേപ്പിലയും തുളസിയിലയും കൊണ്ടുണ്ടാക്കിയ മാസ്ക്; വൈറലായി വയോധികന്റെ വീഡിയോ

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ അധികൃതരോട് അപേക്ഷിച്ചു. ഒരു പശുവിനെ തീറ്റാന്‍ പ്രതിദിനം 300 രൂപ ആവശ്യമാണെന്നും എന്നാല്‍ പാല്‍ വില്‍ക്കാത്തതിനാല്‍ ഇതിന് സാധിക്കുന്നില്ലെന്നും ചില കര്‍ഷകര്‍ പരാതിപ്പെട്ടു. ഡയറി ഫാമുകളും മറ്റും ആരംഭിക്കാന്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ പാലിനൊപ്പം ക്ഷീര കര്‍ഷകരുടെ സ്വപ്നങ്ങള്‍ കൂടിയാണ് അഴുക്കുചാലിലേക്ക് ഒഴുക്കുന്നത്. കോവിഡ് 19 മൂലം പല സംസ്ഥാനങ്ങളിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാലിന്റെ ഉപഭോഗത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്.


Published by: Jayesh Krishnan
First published: May 25, 2021, 5:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories