• HOME
  • »
  • NEWS
  • »
  • india
  • »
  • പുതിയ പാര്‍ലമെന്റ് മന്ദിരം മനോഹരമാക്കാൻ കശ്മീരി പരവതാനികളെത്തും; കരകൗശല തൊഴിലാളികള്‍ക്ക് അഭിമാന നിമിഷം

പുതിയ പാര്‍ലമെന്റ് മന്ദിരം മനോഹരമാക്കാൻ കശ്മീരി പരവതാനികളെത്തും; കരകൗശല തൊഴിലാളികള്‍ക്ക് അഭിമാന നിമിഷം

തങ്ങളുടെ കൈകൊണ്ട് നിര്‍മ്മിക്കുന്ന പരവതാനി പാര്‍ലമെന്റില്‍ വിരിക്കാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.

  • Last Updated :
  • Share this:
    ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ (new parliament building) നിലം അലങ്കരിക്കാൻ കശ്മീരി പരവതാനികള്‍ (carpets) എത്തും. സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഖാന്‍പോര്‍, ഷുങ്കലിപോറ, ചില്‍ബ്രാസ് പ്രദേശങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള നെയ്ത്തുകാരും കരകൗശല വിദഗ്ധരും (artisans) നിര്‍മ്മിച്ച കശ്മീരി പരവതാനികളാണ് പാര്‍ലമെന്റ് മന്ദിരത്തെ മനോഹരമാക്കുന്നത്.

    കശ്മീരി കരകൗശല തൊഴിലാളികള്‍ പുതിയ പാര്‍ലമെന്റിലേക്കുള്ള പട്ട് പരവതാനികള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്. പാര്‍ലമെന്റിലേക്ക് ആകെ 12 പരവതാനികളാണ് ഇവര്‍ നിര്‍മിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി മൂന്ന് പരവതാനികളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

    ഖമര്‍ അലിയാണ് പരവതാനികളുടെ ഡീലര്‍. പരവതാനികളുടെ നിര്‍മ്മാണം മാസങ്ങളായി തുടരുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഖമര്‍ അലി പറഞ്ഞു. ഇന്ത്യയുടെ പരമോന്നത സ്ഥാപനത്തിന് വേണ്ടി പരവതാനി നിര്‍മ്മിക്കാന്‍ സാധിച്ചത് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. 2021 നവംബറിലാണ് അലിക്ക് ഈ ഓര്‍ഡര്‍ ലഭിച്ചത്. പരവതാനിയുടെ 90 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ടെന്നും ജീവിതത്തില്‍ ആദ്യമായി ഇത്തരമൊരു ഓര്‍ഡര്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അലി കൂട്ടിച്ചേര്‍ത്തു. ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു പുതിയ ഐഡന്റിറ്റി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    തങ്ങളുടെ കൈകൊണ്ട് നിര്‍മ്മിക്കുന്ന പരവതാനി പാര്‍ലമെന്റില്‍ വിരിക്കാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. പരവതാനിയുടെ ഡിസൈന്‍ വ്യത്യസ്തമാണെന്നും ഉണ്ടാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടിയെന്നും ഒടുവില്‍ തങ്ങള്‍ അത് ഉണ്ടാക്കിയെടുത്തുവെന്നും അവര്‍ പറഞ്ഞു.

    'പാര്‍ലമെന്റിനു വേണ്ടി ജോലി ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല' കരകൗശല തൊഴിലാളി താരിഖ് അഹമ്മദ് ഖാന്‍ പറഞ്ഞു. ''പാര്‍ലമെന്റിനു വേണ്ടി ജോലി ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമുണ്ട്. അങ്ങനെയൊരു ജോലി വീണ്ടും കിട്ടിയാല്‍ പ്രയാസകരമാണെങ്കില്‍ പോലും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പരവതാനി ഉണ്ടാക്കുന്നത്. അത്തരത്തിലുള്ള എന്തെങ്കിലും ഓര്‍ഡര്‍ ലഭിച്ചാല്‍, ഞങ്ങള്‍ അത് നിര്‍മ്മിക്കാന്‍ തയ്യാറാണ്, ഭാവി തലമുറയെയും ഞങ്ങള്‍ അത് പഠിപ്പിക്കും, '' അദ്ദേഹം പറഞ്ഞു.

    '' കോണ്‍ട്രാക്ടര്‍ ഞങ്ങള്‍ക്ക് ഈ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ വളരെയധികം സന്തോഷം തോന്നി. പ്രതിഫലമായി ഞങ്ങള്‍ക്ക് നല്ല തുക ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് കരകൗശലത്തിന്റെ വികസനത്തിന് വഴിയൊരുക്കും, ''മറ്റൊരു തൊഴിലാളി മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.

    also read : ബാറ്ററിയും ഇന്ധനവും തീർന്നു; മംഗൾയാൻ ദൗത്യം പൂർത്തിയാക്കിയെന്ന് ISRO

    പല വലിപ്പത്തിലുള്ള പരവതാനികളാണ് നിര്‍മ്മിക്കുന്നത്. പരമ്പരാഗത കശ്മീരി ഷാളുകളില്‍ നിന്നാണ് ഡിസൈന്‍ എടുത്തിരിക്കുന്നത്. ഇത് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്. പാര്‍ലമെന്റ് എവിടെയാണെന്ന് പോലും കരകൗശല തൊഴിലാളികള്‍ക്ക് അറിയില്ല, പക്ഷേ തങ്ങളുടെ കഠിനാധ്വാനം ഇന്ത്യയുടെ പരമോന്നത സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമെന്നതില്‍ അവര്‍ക്ക് അഭിമാനമുണ്ടെന്ന് മന്‍സൂര്‍ അഹമ്മദ് ന്യൂസ് 18നോട് പറഞ്ഞു.

    ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരവതാനികളുടെ നിർമ്മാണം പൂര്‍ത്തിയാകും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഈ പരവതാനികള്‍ വിരിക്കുന്നതിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിനും കാശ്മീരി കരകൗശലവിദ്യ കാണാന്‍ കഴിയുമെന്നാണ് കരകൗശല വിദഗ്ധരും പരവതാനി കച്ചവടക്കാരും പ്രതീക്ഷിക്കുന്നത്.
    Published by:Amal Surendran
    First published: