നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Mullaperiyar | 'മുല്ലപ്പെരിയാർ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്‍റേത് ഗുരുതരമായ അലംഭാവം': എൻ.കെ പ്രേമചന്ദ്രൻ MP

    Mullaperiyar | 'മുല്ലപ്പെരിയാർ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്‍റേത് ഗുരുതരമായ അലംഭാവം': എൻ.കെ പ്രേമചന്ദ്രൻ MP

    മുല്ലപ്പെരിയാറിൽ ആശങ്കപ്പെടേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിൻ്റെ വാദത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് എൻ കെ പ്രേമചന്ദ്രൻ

    NK-Premachandran

    NK-Premachandran

    • Share this:
    ന്യൂഡൽഹി: മുല്ലപ്പെരിയാർ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അലംഭാവമാണ് ഉണ്ടാകുന്നതെന്ന് മുൻ ജലവിഭവവകുപ്പ് മന്ത്രി എൻ.കെ പ്രേമചന്ദ്രൻ എം.പി. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന് നയപരമായ വ്യക്തത ഇല്ലാത്തതിന്റെ തെളിവാണ്  ആദ്യ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന. മുല്ലപ്പെരിയാർ (Mullaperiyar) വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് ഡാമിന്റെ ജലനിരപ്പ് 139.50 അടിയായി നിലനിർത്തണമെന്ന തമിഴ്നാട്ടിന്റെ  വാദം അംഗീകരിച്ചു കൊണ്ടുള്ള സുപ്രീംകോടതി (Supreme Court) ഉത്തരവ്. തമിഴ്നാടിന്റെയും മേൽനോട്ട സമിതിയുടെയും ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നുവെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

    കേരളം ഇതുവരെ ഉന്നയിച്ചിരുന്ന ഡാമിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്ക ലഘൂകരിക്കുന്ന തരത്തിലുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനം സ്വീകരിച്ചു പോന്നിരുന്ന സുദൃഢമായ നിലപാടുകളിൽ അയവ് വരുത്തിയതും സുപ്രീംകോടതി ഉത്തരവ് തമിഴ്നാടിന് അനുകൂലമായി. ഡാമിന്റെ സുരക്ഷയിൽ ആശങ്കാജനകമായ സ്ഥിതിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന  ഈ വിഷയത്തിൽ  സർ സി.പി യുടെ കാലം മുതൽ കേരളം സ്വീകരിച്ച പോരുന്ന സുസ്ഥിര നിലപാടിനെ ദുർബലപ്പെടുത്തുന്നതാണ്. ഡാമിന്റെ സുരക്ഷയിൽ ആശങ്കയില്ലെങ്കിൽ പുതിയ ഡാം എന്തിനെന്ന പ്രസക്തമായ ചോദ്യമാണ് തമിഴ്നാട് ഉയർത്തുന്നത്. തമിഴ്നാട്ടിന്റെ  വാദമുഖങ്ങളുടെ പരോക്ഷമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

    മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്ന ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളം കോടതിയിലും അധികാര സ്ഥാനങ്ങളിലും അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പരാതിപ്പെടുമ്പോൾ ഡാമിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്ക പങ്കുവയ്ക്കുന്നത് എങ്ങനെ കുറ്റകരമാകുമെന്ന്  മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

    മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടി വെള്ളം സംഭരിക്കാൻ പര്യാപ്തമായ നിലയിൽ ഡാം എല്ലാത്തരത്തിലും സുരക്ഷിതമാണെന്ന് മേൽനോട്ട സമിതിയിൽ കേരളം സമ്മതിച്ചതായി വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തിന്റെ എല്ലാ ന്യായവാദങ്ങളെയും ദുർബലപ്പെടുത്തുന്നതാണ് സർക്കാരിന്റെ ഈ നിലപാട്.2014 ലെ സുപ്രീം കോടതി വിധിയിലൂടെ കേരളത്തിനു ലഭിച്ച പരിമിതമായ അവകാശമാണ് സംസ്ഥാനത്തിന്റെ  പ്രതിനിധി കൂടി ഉൾപ്പെടുന്ന മൂന്നംഗ മേൽനോട്ട സമിതി. ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുക, ജലവിതാനം ക്രമീകരിക്കുക എന്നിവ മേൽനോട്ട സമിതിയുടെ ചുമതലയിൽ വരുന്ന കാര്യങ്ങളാണ്. മേൽനോട്ട സമിതി അണക്കെട്ടിൽ 24x7 വിവരശേഖരണം നടത്തി സുരക്ഷാ ഓഡിറ്റിംഗ് നടത്തി റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. എന്നാൽ മേൽനോട്ട സമിതിയുടെ പ്രവർത്തനം കടലാസിൽ മാത്രമാണ് ഒതുങ്ങുന്നത്. കുമളിയിൽ ഒരു ഓഫീസ് ആരംഭിച്ചതല്ലാതെ സ്റ്റാഫിനെ പോലും നിയോഗിച്ചിട്ടില്ല. ഇപ്പോഴും തമിഴ്നാട് നൽകുന്ന ഡേറ്റയെയാണ് കേരളം ആശ്രയിക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

    സുപ്രീംകോടതിയിൽ നിരന്തരമായ നിയമയുദ്ധത്തിലൂടെ ലഭിച്ച പരിമിതമായ അവകാശം   പോലും ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല എന്നത് സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ്.2018ലെ മഹാപ്രളയവും തുടർവർഷങ്ങളിലെ തീവ്രമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറച്ച് ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താൻ ലഭിച്ച അവസരങ്ങളും സർക്കാർ ഫലപ്രദമായി പ്രയോജനപ്പെടുത്തിയില്ല. തുടർച്ചയായി കേരളത്തിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 136 വർഷം പഴക്കമുള്ള സുർക്കി നിർമ്മിതമായ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക കേന്ദ്രസർക്കാരിനെയും സുപ്രീം കോടതിയെയും ബോധ്യപ്പെടുത്തി പരിഹാരമാർഗം തേടാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം. തുടർച്ചയായുണ്ടാകുന്ന പ്രളയ ദുരന്തത്തിന്റെ  പശ്ചാത്തലത്തിൽ ഡൽഹി ഐഐടി നടത്തിയ പ്രളയ സാധ്യത പഠന റിപ്പോർട്ടിന്റെയും റൂർക്കി ഐഐടി നടത്തിയ ഭൂകമ്പ സാധ്യത റിപ്പോർട്ടിന്റെയും  പ്രസക്തി വർദ്ധിക്കുന്നു. സുർക്കി മിശ്രിതം കൊണ്ട് നിർമ്മിച്ച  ഡാമിന്റെ ബലക്ഷയത്തെ സംബന്ധിച്ച് കേരളം നടത്തിയ പഠന റിപ്പോർട്ടുകളുടെ പിൻബലത്തിൽ കേരള സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രേമചന്ദ്രൻ ഡൽഹിയിൽ ആവശ്യപ്പെട്ടു.
    Published by:Anuraj GR
    First published:
    )}