• HOME
  • »
  • NEWS
  • »
  • india
  • »
  • Kerala HC | വിവാഹമോചിതയുടെ മകളുടെ Passport പുതുക്കലിന് കർശന ഉപാധികൾ; പാസ്‌പോർട്ട് ഓഫീസർമാർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala HC | വിവാഹമോചിതയുടെ മകളുടെ Passport പുതുക്കലിന് കർശന ഉപാധികൾ; പാസ്‌പോർട്ട് ഓഫീസർമാർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

വിവാഹമോചിതയായ യുവതി പ്രായപൂർത്തിയാകാത്ത മകളുടെ പാസ്‌പോർട്ട് പുതുക്കാൻ സമർപ്പിച്ച അപേക്ഷ പിതാവിന്റെ സമ്മതപത്രമില്ലാത്തതിന്റെ പേരിൽ നിരസിച്ച അസിസ്റ്റന്റ് പാസ്‌പോർട്ട് ഓഫീസർക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിവാഹമോചിതരായ (divorced) വ്യക്തികളുടെ പ്രായപൂർത്തിയാക്കാത്ത മക്കളുടെ പാസ്പോർട്ട് (Passport) പുതുക്കുന്നതിന് കർശന ഉപാധികൾ മുന്നോട്ട് വെച്ച പാസ്‌പോർട്ട് ഓഫീസ് അധികൃതരെ കേരള ഹൈക്കോടതി (Kerala High Court) രൂക്ഷമായി വിമർശിച്ചു. ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ പ്രായോ​ഗികവും വിവേകപൂർവ്വവുമായ (pragmatic and reasonable) സമീപനം സ്വീകരിക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

    വിവാഹമോചിതയായ യുവതി പ്രായപൂർത്തിയാകാത്ത മകളുടെ പാസ്‌പോർട്ട് പുതുക്കാൻ സമർപ്പിച്ച അപേക്ഷ പിതാവിന്റെ സമ്മതപത്രമില്ലാത്തതിന്റെ പേരിൽ നിരസിച്ച അസിസ്റ്റന്റ് പാസ്‌പോർട്ട് ഓഫീസർക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി. ധിക്കാരപൂർവമായ നടപടിയാണ് പാസ്സ്പോർട്ട് ഓഫീസറുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ഹൈക്കോടതി പറഞ്ഞു.

    വിവാഹമോചനത്തിനുള്ള ഉത്തരവിൽ കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്തം മാതാവിന് ആണെന്ന് സത്യവാങ്മൂലം നൽകിയിട്ടും പാസ്‌പോർട്ട് അധികൃതർ തന്റെ അപേക്ഷ പരിഗണിച്ചില്ല എന്ന യുവതിയുടെ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. രക്ഷിതാക്കളിൽ ഒരാൾ സമ്മതം നൽകാത്തതിനെ തുടർന്നുള്ള ചട്ടങ്ങൾ പ്രകാരമാണ് അപേക്ഷ നിരസിച്ചത്. അപേക്ഷയ്‌ക്കൊപ്പം വിവാഹമോചന ഉത്തരവിന്റെ പകർപ്പും സമർപ്പിച്ചിരുന്നു എന്ന് യുവതിയുടെ ഹർജിയിൽ പറയുന്നു.

    വിവാഹ തർക്കം നേരിടുന്ന ഒരു രക്ഷിതാവിനോട് പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉന്നയിക്കുകയും ഉത്തരവിനായി കോടതിയെ സമീപിക്കാൻ അവരോട് നിർദേശിക്കുകയും ചെയ്ത അസിസ്റ്റന്റ് പാസ്‌പോർട്ട് ഓഫീസറുടെ പെരുമാറ്റത്തെ "ധിക്കാരപൂർവ്വം" എന്നാണ് കോടതി വിശേഷിപ്പിച്ചത്.

    "ഈ കോടതി ദിവസവും സമാനമായ നിരവധി കേസുകൾ കാണുന്നുണ്ട്. പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൻ അല്ലെങ്കിൽ അപേക്ഷകർ, പ്രത്യേകിച്ച് വിവാഹ തർക്കം നേരിടുന്ന അല്ലെങ്കിൽ ഇതിനകം വേർപിരിഞ്ഞ മാതാപിതാക്കളിൽ ഒരാൾ അനുബന്ധം ‘സി’ (Annexure C) ഫോം പൂരിപ്പിച്ചിട്ടും ഉചിതമായ ഉത്തരവിനായി ഈ കോടതിയെ സമീപിക്കാൻ നിർബന്ധിതരാകുന്നു. പാസ്‌പോർട്ട് വിതരണം ചെയ്യുന്നതിനുള്ള അധികാരം വിനിയോഗിക്കുന്ന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ പ്രായോഗികവും വിവേകപൂർവവുമായ രീതിയിൽ അപേക്ഷ കൈകാര്യം ചെയ്യേണ്ടതാണ്. മറിച്ച് മേൽപറഞ്ഞ രീതിയിലും പെരുമാറ്റത്തിലും അപേക്ഷ നിരസിക്കാൻ പാടില്ല," കോടതി ചൂണ്ടിക്കാട്ടി. യുവതിയുടെ അപേക്ഷ പരിഗണിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം പാസ്പോർട്ട് നൽകുമെന്നും പാസ്‌പോർട്ട് അധികൃതർ കോടതിയെ അറിയിച്ചു.

    പരാതി പരിഹരിക്കാൻ യുവതിക്ക് വ്യവഹാരച്ചെലവ് വഹിക്കേണ്ടി വരുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി അസിസ്റ്റന്റ് പാസ്‌പോർട്ട് ഓഫീസർക്ക് 25,000 രൂപ പിഴ ചുമത്തി. ഹർജിക്കാരന്റെ വ്യവഹാര ചെലവുകൾക്കായി 25,000 രൂപ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പിടിക്കാനാണ് കോടതി നിർദ്ദേശം. യാതൊരു കാരണവും കൂടാതെ കോടതിയെ സമീപിക്കാൻ ബന്ധപ്പെട്ട കക്ഷികളെ നിർബന്ധിതരാക്കുന്ന തരത്തിൽ എതിർപ്പുകൾ ഉയർത്തുന്ന എല്ലാ പാസ്‌പോർട്ട് ഓഫീസർമാർക്കും ഈ ഉത്തരവ് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.

    ഒരാഴ്ചയ്ക്കകം പാസ്പോർട്ട് പുതുക്കി നൽകണം. ഉദ്യോഗസ്ഥൻ കോടതിച്ചെലവു നൽകണമെന്ന ഉത്തരവ് എല്ലാ പാസ്‌‌പോർട്ട് ഓഫീസുകളിലേക്കും അയച്ചു കൊടുക്കണമെന്നുമാണ് കോടതി നിർദ്ദേശം.
    Published by:user_57
    First published: