• HOME
 • »
 • NEWS
 • »
 • india
 • »
 • India- Germany| ഇന്ത്യാ- ജർമനി ഭരണതല ചർച്ചയിൽ വിഷയമായി 'കേരളവും'; തൊഴിൽ കരാറിനെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു

India- Germany| ഇന്ത്യാ- ജർമനി ഭരണതല ചർച്ചയിൽ വിഷയമായി 'കേരളവും'; തൊഴിൽ കരാറിനെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു

വിദഗ്ധ ആരോഗ്യ, പരിചരണ പ്രവർത്തകരുടെയും നഴ്സുമാരുടെയും കുടിയേറ്റ തൊഴിൽ സാധ്യതകളുമായി ബന്ധപ്പെട്ട് ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും കേരളവും തമ്മിലുണ്ടാക്കിയ കരാർ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.

 • Share this:
  പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Narendra Modi) ജർമൻ ചാൻസലർ ഒലാഫ് ഷോൾസും പങ്കെടുത്ത ഇന്ത്യാ- ജർമനി (India-Germany) ഭരണതല ചർച്ചയിൽ വിഷയമായി കേരളവും (Kerala). വിദഗ്ധ ആരോഗ്യ, പരിചരണ പ്രവർത്തകരുടെയും നഴ്സുമാരുടെയും കുടിയേറ്റ തൊഴിൽ സാധ്യതകളുമായി ബന്ധപ്പെട്ട് ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും കേരളവും തമ്മിലുണ്ടാക്കിയ കരാർ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.

  ഇരു രാജ്യങ്ങളിലെയും കുടിയേറ്റ തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കേരള സംസ്ഥാനവുമായുള്ള പ്ലെയ്‌സ്‌മെന്റ് കരാറിനപ്പുറം തങ്ങളുടെ സഹകരണം വിപുലീകരിക്കുക എന്ന ലക്ഷ്യത്തെ ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു. ജർമനിയിലെയും ഇന്ത്യയിലെയും തൊഴിൽ വിപണികളുടെയും കുടിയേറ്റക്കാരുടെയും താൽപ്പര്യങ്ങൾക്ക് ഉചിതമായ പരിഗണന നൽകിക്കൊണ്ടുള്ളതാണ് കരാറെന്നും വിലയിരുത്തി.

  Also Read- Eid Ul Fitr| 'ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കാൻ സാധിക്കട്ടെ'; ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

  'ട്രിപ്പിള്‍ വിന്‍' എന്നു നാമകരണം ചെയ്തിരിക്കുന്ന ജര്‍മന്‍ റിക്രൂട്ട്‌മെന്റ് പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ജര്‍മ്മനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലടക്കമുള്ള വിപുലമായ കുടിയേറ്റ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് 'ട്രിപ്പിള്‍ വിന്‍' കണക്കാപ്പെടുന്നത്.

  2022ൽ തന്നെ ആദ്യ ബാച്ച് നഴ്സുമാരെ ജർമനിയിൽ എത്തിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ട്രിപ്പിള്‍ വിന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്സ് സി ഇ ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരിയും കോണ്‍സുലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ടും ധാരണാപത്രം കൈമാറി.

  Also Read- PM Modi| 'ഇന്ത്യ- ജർമനി സമഗ്ര കുടിയേറ്റ, മൊബിലിറ്റി പങ്കാളിത്ത കരാർ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഞ്ചാരം സുഗമമാക്കും': പ്രധാനമന്ത്രി നരേന്ദ്ര മോദി

  ജര്‍മ്മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്സിംഗ് വിദ്യാര്‍ഥികളെ കേരളത്തില്‍ തന്നെ ഇന്റര്‍വ്യു നടത്തിയാകും തെരഞ്ഞെടുക്കുക. പ്രാഥമിക ഭാഷാ പഠനം കേരളത്തിലും രണ്ടാം ഘട്ട പരിശീലനം ജർമനിയിലും നൽകും. പതിനായിരത്തോളം മലയാളി നഴ്സുമാരെ ജർമനിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജർമൻ ഫോറിൻ കോണ്‍സുലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ട് വ്യക്തമാക്കി.

  കോവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അടുത്ത പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയില്‍ ലോകമെങ്ങും 25 ലക്ഷത്തിലധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവര്‍ഷം കേരളത്തില്‍ 8500ലധികം നഴ്സിംഗ് ബിരുദധാരികള്‍ പുറത്തിറങ്ങുന്നുണ്ട്.

  ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളെ റിക്രൂട്ടുചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നോര്‍ക്ക റൂട്ട്സ്. ജര്‍മനിയില്‍ നഴ്സിംഗ് ലൈസന്‍സ് ലഭിച്ച് ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷാ വൈദഗ്ധ്യവും ഗവണ്‍മെന്റ് അംഗീകരിച്ച നഴ്സിംഗ് ബിരുദവും ആവശ്യമാണ്. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണ് ജര്‍മനിയില്‍ നഴ്‌സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാല്‍ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത നേടി ജര്‍മനിയില്‍ എത്തിയതിനു ശേഷം ബി2 ലെവല്‍ യോഗ്യത കൈവരിച്ചാല്‍ മതിയാകും.

  Also Read- PM Modi | യുദ്ധം ആഗോള സമാധാനത്തിന് വെല്ലുവിളി; ഇന്ത്യ റഷ്യക്കും യുക്രെയ്നും ഒപ്പമല്ല; ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത് മോദി

  ജര്‍മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്സിംഗ് വിദ്യാര്‍ഥികളെ കേരളത്തില്‍ തന്നെ ഇന്റര്‍വ്യു നടത്തി, സെലക്ട് ചെയ്യപ്പെട്ടുന്നവര്‍ക്ക് ഗൊയ്തെ സെന്‍ട്രം മുഖേന ജര്‍മന്‍ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യമായി അവസരം ഒരുക്കും. പരിശീലനം നല്‍കുന്ന അവസരത്തില്‍ തന്നെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ലീഗലൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജര്‍മന്‍ ഭാഷയില്‍ ബി2, ബി1 ലെവല്‍ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം ക്യാഷ് അവാര്‍ഡും പഠിതാക്കള്‍ക്ക് ലഭിക്കും. ബി1 ലെവല്‍ പാസ്സായാല്‍ ഉടന്‍ തന്നെ വിസ നടപടികള്‍ ആരംഭിക്കുകയും എത്രയും വേഗം ജര്‍മനിയിലേക്ക് പോകാനും കഴിയും. തുടര്‍ന്ന് ബി2 ലെവല്‍ ഭാഷാ പരിശീലനവും ജര്‍മനിയിലെ ലൈസെന്‍സിങ് പരീക്ഷക്കുള്ള പരീശീലനവും ജര്‍മനിയിലെ തൊഴില്‍ ദാതാവ് നല്കും.

  ജര്‍മനിയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ ഈ പരീക്ഷകള്‍ പാസ്സായി ലൈസന്‍സ് നേടേണ്ടതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പാസാകാത്ത പക്ഷം ശരിയായ കാരണം ബോധിപ്പിച്ചാല്‍ മൂന്നു വര്‍ഷം വരെ സമയം ലഭിക്കും. ജര്‍മനിയില്‍ എത്തി പരീക്ഷ പാസ്സാകുന്ന വരെയുള്ള കാലയളവില്‍ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നതിനും ജര്‍മന്‍ പൗരന്‍മാര്‍ക്ക് തുല്യമായ ശമ്പളം ലഭിക്കുന്നതിനും അവസരമുണ്ടാകും.
  Published by:Rajesh V
  First published: