ന്യൂഡൽഹി : കേരളത്തിലെ ഏതെങ്കിലും സിപിഎം നേതാക്കൾക്കെതിരെ ആരോപണമോ ആക്ഷേപമോ ഉയർന്നതായി തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ മാധ്യമങ്ങൾക്ക് വിവാദങ്ങളാണ് വേണ്ടത്. അതൊന്നും പൊളിറ്റ് ബ്യൂറോയിൽ ചർച്ചചെയ്തിട്ടില്ല. പൊളിറ്റ്ബ്യൂറോയ്ക്ക് മുന്നിൽ ഒന്നും വന്നിട്ടില്ല. ആർക്കെതിരെയും പരാതി ലഭിച്ചിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തത് ഗവർണറുടെ നിയമവിരുദ്ധ ഇടപെടലുകളാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സിപിഎം നേതാക്കളാരും പങ്കെടുക്കില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ പരിപാടിയാണ്. അതിൽ സിപിഎം നേതാക്കൾ പങ്കെടുക്കേണ്ട കാര്യമെന്താണ്? സിപിഎം സ്വന്തമായ പരിപാടികൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർടി കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അങ്ങോട്ട് വന്ന് പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.