ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിന് എതിരെ സമസ്ത കേരള ജമിയത്തുൽ ഉലെമ സുപ്രീംകോടതിയെ സമീപിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ നിയമത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചതിന്റെ പിറ്റേദിവസമാണ് സമസ്ത കേരള ജമിയത്തുൽ ഉലെമ സുപ്രീംകോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച രാജ്യസഭയും പാസാക്കിയ നിയമത്തിൽ വ്യാഴാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി ഒപ്പുവെച്ചത്.
സുന്നി മുസ്ലിം പണ്ഡിതൻമാരുടെയും പുരോഹിതൻമാരുടെയും സംഘടനയാണ് സമസ്ത കേരള ജമിയത്തുൽ ഉലെമ. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയാണെന്ന് സ്വയം വിശേഷിപ്പിച്ചാണ് സുപ്രീംകോടതിയെ ഹർജിയുമായി സമീപിച്ചിരിക്കുന്നത്. പുതിയ നിയമം മുത്തലാഖിനെ നിരോധിക്കുന്നത് അല്ലെന്നും മുസ്ലിം ഭർത്താക്കൻമാർക്കുള്ള ശിക്ഷയാണെന്നും ഹർജിയിൽ പറയുന്നു.
'സെക്ഷൻ നാല് അനുസരിച്ച് മുസ്സിം ഭർത്താവ് മുത്തലാഖ് പ്രഖ്യാപിച്ചാൽ മൂന്നു വർഷത്തെ തടവാണ് പരമാവധി ശിക്ഷ. എന്നാൽ, സെക്ഷൻ 7 അനുസരിച്ച് ഈ കുറ്റകൃത്യം ജാമ്യമില്ലാത്തതാണ്" -ഹർജിയിൽ പറയുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15, 21 എന്നിവ ലംഘിക്കുന്നതാണ് പുതിയ നിയമമെന്നും പരാതിയിൽ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.