ജയ്പൂർ: തെരഞ്ഞെടുപ്പ് ജോലിക്കായി കേരളത്തിൽ നിന്ന് രാജസ്ഥാനിൽ എത്തിയ പൊലീസുകാർക്ക് നരകയാതന. കൊടും വെയിലിൽ നിരന്തരം റൂട്ട് മാർച്ച് നടത്തേണ്ടി വന്ന പല പൊലീസുകാരും സൂര്യാഘാതമേറ്റ് ആശുപത്രിയിലായി. നിരവധിപേർ മഞ്ഞപ്പിത്തവും പകർച്ചപ്പനിയും ബാധിച്ചു ചികിത്സയിലാണ്. കുടിവെള്ളം ആവശ്യപ്പെട്ട പൊലീസുകാർക്ക് റോഡരികിലെ മലിനജലം കൊടുക്കുന്ന ദൃശ്യങ്ങൾ ന്യൂസ് 18നു ലഭിച്ചു.
കേരളത്തിൽ നിന്നുള്ള അഞ്ഞൂറിലേറെ പൊലീസുകാരെ ആഴ്ചകളായി ഇതരസംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്ക് നിയോഗിച്ചിരിക്കുകയാണ്. ഇതിൽ രാജസ്ഥാനിൽ എട്ടു ദിവസമായി കഴിയുന്ന പൊലീസുകാരാണ് നരകയാതന അനുഭവിക്കുന്നത്. കൊച്ചിയിൽ നിന്നുള്ള 160 പൊലീസുകാർ കഴിയുന്ന സ്‌കൂളിൽ ആകെയുള്ളത് രണ്ടു ശുചിമുറികൾ. ജോലിക്കിടയിൽ കുടിവെള്ളം ചോദിച്ചപ്പോൾ റോഡരികിലെ തുറന്ന കുളത്തിൽ നിന്ന് ബക്കറ്റിൽ മുക്കി കൊടുത്തത് മലിനജലം.
മലിനജലം കുടിച്ച പതിനൊന്നു പൊലീസുകാർ രോഗം ബാധിച്ചു അവശരായി. മഞ്ഞപ്പിത്തം ഗുരുതരമായതിനെ തുടർന്ന് ഒരാളെ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു. പക്ഷേ, മറ്റുള്ളവർ ഇപ്പോഴും നരകയാതനയിൽ തന്നെയാണ്.
കുടിവെള്ളം പോലും ലഭിക്കാതെ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ കേരളപൊലീസ്
യാതൊരു സൗകര്യവുമില്ലാത്ത സ്‌കൂളുകളിലാണ് പൊലീസുകാരുടെ താമസം. പൊരിവെയിലിൽ മണിക്കൂറുകൾ റൂട്ട് മാർച്ച് നടത്തിച്ചതോടെ പലരും സൂര്യാതപമേറ്റു വീണു. മേലധികാരികളെ പരാതി അറിയിച്ചിട്ടും ഇതുവരെ ആരും അനങ്ങിയിട്ടില്ല. മുൻകാലങ്ങളിലും പൊലീസുകാരെ ഇതരസംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് അയക്കാറുണ്ടെങ്കിലും അന്നൊക്കെ അടിസ്ഥാനസൗകര്യങ്ങളും താമസവും നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, Kerala loksabha election, Kerala Loksabha Election 2019, Loksabha election, Loksabha election 2019, രാജസ്ഥാൻ തെരഞ്ഞെടുപ്പ്