• HOME
 • »
 • NEWS
 • »
 • india
 • »
 • പാകിസ്ഥാനിലെ ഇന്ത്യക്കാരൻ; ഇസ്ലാമിലെ പഞ്ചാബി; കാനഡയിലെ കുടിയേറ്റക്കാരൻ; അന്തരിച്ച വിവാദ മാധ്യമപ്രവർത്തകൻ താരിഖ് ഫത്താഹ്

പാകിസ്ഥാനിലെ ഇന്ത്യക്കാരൻ; ഇസ്ലാമിലെ പഞ്ചാബി; കാനഡയിലെ കുടിയേറ്റക്കാരൻ; അന്തരിച്ച വിവാദ മാധ്യമപ്രവർത്തകൻ താരിഖ് ഫത്താഹ്

'പാകിസ്ഥാനിൽ ജനിച്ച ഇന്ത്യക്കാരൻ', 'ഇസ്ലാമിലെ പഞ്ചാബി', 'ഇസ്ലാമിക ബോധ്യങ്ങളുള്ള, മാർക്സിസത്തിൽ വിശ്വസിക്കുന്ന കാനഡയിലെ ഒരു കുടിയേറ്റക്കാരൻ', എന്നിങ്ങനെയൊക്കെയാണ് ഫത്താഫ് സ്വയം വിശേഷിപ്പിച്ചിരുന്നത്

 • Share this:

  പാക്-കനേഡിയൻ മാധ്യമപ്രവർത്തകൻ താരിഖ് ഫത്താഹ് (73) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിൽസയിലായിരുന്നു. അദ്ദേഹത്തിന്റെ മകളാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇസ്ലാമിക തീവ്രവാദത്തെ നിശിതമായി വിമർശിച്ചിരുന്ന ആളായിരുന്നു ഫത്താഫ്. ക്വിയർ സമൂഹത്തിന്റെ അവകാശങ്ങൾക്കു വേണ്ടിയും അദ്ദേഹം നിരന്തരം ശബ്ദമുയർത്തിയിരുന്നു.

  1949 നവംബർ 20-ന് കറാച്ചിയിലാണ് താരിഖ് ഫത്താഹ് ജനിച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഫത്താഹിന്റെ മാതാപിതാക്കൾ ബോംബെയിൽ നിന്ന് കറാച്ചിയിലേക്ക് കുടിയേറിയത്. ‘പാകിസ്ഥാനിൽ ജനിച്ച ഇന്ത്യക്കാരൻ’, ‘ഇസ്ലാമിലെ പഞ്ചാബി’, ‘ഇസ്ലാമിക ബോധ്യങ്ങളുള്ള, മാർക്സിസത്തിൽ വിശ്വസിക്കുന്ന കാനഡയിലെ ഒരു കുടിയേറ്റക്കാരൻ’, എന്നിങ്ങനെയൊക്കെയാണ് ഫത്താഫ് സ്വയം വിശേഷിപ്പിച്ചിരുന്നത്.

  Also Read- യാത്രാശീലം മാറാൻ ഇനി വന്ദേഭാരത്; കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

  കറാച്ചി സർവ്വകലാശാലയിൽ നിന്ന് ബയോകെമിസ്ട്രി പഠിച്ച അദ്ദേഹം, കോളേജിലെ ഏറ്റവും സജീവമായ ഇടതുപക്ഷ പ്രവർത്തകരിൽ ഒരാളായിരുന്നു. പിന്നീടാണ് അദ്ദേഹം മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. 1970-ൽ കറാച്ചി സണിൽ റിപ്പോർട്ടറായി അദ്ദേഹം തന്റെ മാധ്യമ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പാക്കിസ്ഥാന്റെ ഔ​ദ്യോ​ഗിക ചാനലായ പാകിസ്ഥാൻ ടെലിവിഷനിൽ ഫത്താഫ് ഇൻവെസ്റ്റി​ഗേഷൻ റിപ്പോർട്ടറായി. 1977-ൽ, സിയാ-ഉൾ ഹഖ് ഗവൺമെന്റ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. അതിനുശേഷം ഫത്താഫ് സൗദി അറേബ്യയിലേക്ക് കുടിയേറി. 1987-ലാണ് താരിഖ് ഫത്താഫ് കാനഡയിൽ സ്ഥിരതാമസമാക്കിയത്. ടൊറന്റോയിലെ റേഡിയോ സ്റ്റേഷനായ സിഎഫ്ആർബി ന്യൂസ്‌സ്റ്റോക്ക് 1010-ൽ ബ്രോഡ്കാസ്റ്ററായി അദ്ദേഹം തുടർന്ന് ജോലി ചെയ്തു. പിന്നീട് ടൊറന്റോ സണ്ണിൽ കോളമിസ്റ്റായും സേവനം അനുഷ്ഠിച്ചു.

  ഇന്ത്യാ-പാക് വിഭജനത്തെ ശക്തമായി എതിർത്തിരുന്നയാളായിരുന്നു ഫത്താഹ്. പാക് സർക്കാരിലെ സൈന്യത്തിന്റെ സ്വാധീനത്തെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഇസ്ലാമിക തീവ്രവാദത്തിനെതിരെയും ഫത്താഫ് നിരന്തരം സംസാരിച്ചിരുന്നു. 2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേയും ബേണി സാൻഡേഴ്സിനേയുമാണ് അദ്ദേഹം പിന്തുണച്ചത്. എന്നാൽ അഫ്ഗാൻ യുദ്ധസമയത്ത് സൗദി അറേബ്യയിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് അമേരിക്ക ധനസഹായം നൽകുന്നതിനെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക ഭീകരർക്ക് അഭയം നൽകുന്ന രാജ്യങ്ങൾക്ക് കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഫത്താഫ് ആവശ്യപ്പെട്ടു. ചേസിംഗ് എ മിറേജ്, ജൂ ഈസ് നോട്ട് മൈ എനിമി തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

  Also Read- എം.കെ സ്റ്റാലിന് റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ബെനാമി നിക്ഷേപമെന്ന് ആരോപണം; തമിഴ്നാട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡ്

  താരിഖ് ഫത്താഹിന്റെ മരണത്തിൽ അനുശോചിച്ച് നിരവധി പ്രമുഖർ രം​ഗത്തെത്തി. ഒരു പ്രമുഖ ചിന്തകനും എഴുത്തുകാരനും നിരൂപകനുമായിരുന്നു ഫത്താഫ് എന്നും മാധ്യമ ലോകത്തിനും സാഹിത്യലോകത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കുറിച്ചു. ”എന്റെ സുഹൃത്തിന്റെ മരണവാർത്ത അറിഞ്ഞതിൽ അഗാധമായ ദുഖ:മുണ്ട്. ഒരു യഥാർത്ഥ ഇന്ത്യക്കാരൻ ആയിരുന്നു അദ്ദേഹം, അതോടൊപ്പം ഏറ്റവും നിർഭയനും ദയയുള്ളവനുമായ മനുഷ്യനും. അദ്ദേഹത്തിന്റെ ധൈര്യം അപാരമായിരുന്നു”, എന്നാണ് നടൻ അനുപം ഖേർ ട്വീറ്റ് ചെയ്തത്.

  Published by:Rajesh V
  First published: