• HOME
 • »
 • NEWS
 • »
 • india
 • »
 • Series on Paramilitary | നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 3: ദേശീയ സുരക്ഷാ സേന NSG

Series on Paramilitary | നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 3: ദേശീയ സുരക്ഷാ സേന NSG

കഠിനമായ മൽസര പരീക്ഷകൾക്കും പരിശീലനങ്ങൾക്കും ശേഷം ഏറ്റവും മികച്ചതും ഫിറ്റ് ആയവരെയുമാണ് എൻഎസ്ജിയിലേക്ക് തിരഞ്ഞെടുക്കുക.

 • Share this:
  പഴുതടച്ച രക്ഷാപ്രവർത്തനം- അതാണ് രാജ്യത്തെ ഏഴായിരത്തോളം വരുന്ന ദേശീയ സുരക്ഷാ സേന (NSG) കമാൻഡോകളുടെ ഉത്തരവാദിത്തം. ലോകത്തു തന്നെ ഏറ്റവും മികച്ച പരിശീലനം നേടിയിട്ടുള്ളതും ഏത് അവസ്ഥയെയും നേരിടാൻ പര്യാപ്തമായതുമായ സേനകളിൽ ഒന്നു കൂടിയാണ് എൻഎസ്ജി (NSG).

  കഠിനമായ മൽസര പരീക്ഷകൾക്കും പരിശീലനങ്ങൾക്കും ശേഷം ഏറ്റവും മികച്ചതും ഫിറ്റ് ആയവരെയുമാണ് എൻഎസ്ജിയിലേക്ക് തിരഞ്ഞെടുക്കുക. കേന്ദ്ര സായുധ പോലീസ് സേനയിലെയും ഇന്ത്യൻ സൈന്യത്തിലെയും ജവാൻമാർ ഉൾപ്പെട്ടതാണ് ദേശീയ സുരക്ഷാ സേന. തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തുക, രാജ്യത്തെ മുഖ്യപൗരന്മാരുടെ (VIP) സുരക്ഷ ഉറപ്പാക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വേഗതമേറിയ രക്ഷാപ്രവർത്തനമാണ് എൻഎസ്ജിയുടെ പ്രത്യേകതകളിലൊന്ന്.

  ഇന്ത്യയിലും വിദേശത്തും റിപ്പോർട്ട് ചെയ്യപ്പെട്ട ബോംബ് ആക്രമണങ്ങളെ കുറിച്ചുള്ള ഒരു കേന്ദ്രീകൃത ഡാറ്റാബേസ് ആയ നാഷണൽ ബോംബ് ഡാറ്റാ സെന്ററും (NBDC) എൻഎസ്ജിയുടെ ഭാഗമായി ഉണ്ട്. എല്ലാ തീവ്രവാദ, ബോംബിംഗ് പ്രവർത്തനങ്ങളും ശേഖരിക്കുകയും സംയോജിപ്പിക്കുകയും വിശകലനം ചെയ്യുകയും വിലയിരുത്തുകയും ബന്ധപ്പെട്ട നിയമ നിർവ്വഹണ ഏജൻസികൾക്ക് പ്രസക്തമായ വിവരങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഈ ഡാറ്റാ സെന്ററിന്റെ ലക്ഷ്യം.

  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ തിരഞ്ഞെടുത്ത വിവിഐപികൾക്ക് മാത്രമേ
  ഇപ്പോൾ എൻഎസ്ജിയുടെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകളിൽ നിന്ന് പരിരക്ഷ ലഭിക്കുന്നുള്ളൂ.

  ചരിത്രം

  ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യ കരകയറിയതിന് തൊട്ടുപിന്നാലെ, ഭീകരവാദ പ്രവർത്തനങ്ങളെ നേരിടാനുള്ള ഒരു ഫെഡറൽ സംവിധാനത്തെക്കുറിച്ച് കേന്ദ്രം ആലോചന തുടങ്ങി. അങ്ങനെ 1984 മെയ് 16-ന് മന്ത്രിസഭയിലെ രാഷ്ട്രീയകാര്യ സമിതി (സിസിപിഎ) ദേശീയ സുരക്ഷാ സേന രൂപീകരിക്കാൻ അനുമതി നൽകി. സേനയുടെ ഘടനയും മറ്റ് ആവശ്യതകളും തീരുമാനിക്കേണ്ടതിന് 1985 ജനുവരി നാലിന് കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. തത്കാലത്തേക്ക് 5000 ൽ അധികം അംഗബലം സേനക്ക് വേണ്ടതില്ല, ഇന്ത്യൻ സേന, കേന്ദ്ര സായുധ പോലീസ് സേന എന്നിവിടങ്ങളിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ വേണം തുടങ്ങിയ കാര്യങ്ങളിൽ കമ്മിറ്റി തീരുമാനമെടുത്തു. ഒടുവിൽ, അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയുടെ അംഗീകാരത്തിന് ശേഷം, പൂർണ്ണമായും ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ എൻഎസ്ജി രൂപീകരിച്ചു.

  ഘടനയും ശക്തിയും

  മികച്ച പരിശീലനം ലഭിച്ച 5,000 ഉദ്യോഗസ്ഥരെയും ജവാൻമാരെയും ചേർത്താണ് ദേശീയ സുരക്ഷാ സേനയുടെ തുടക്കം. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 2,000 പേർ കൂടി സേനയുടെ ഭാഗമായി. ഏറ്റവും മികച്ച ആളുകൾ തങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കുക എന്നതാണ് സേനയുടെ ലക്ഷ്യം.

  ഡയറക്ടർ ജനറൽ റാങ്കിയുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് ദേശീയ സുരക്ഷാസേനയെ നയിക്കുന്നത്. നാല് ഇൻസ്പെക്ടർ ജനറൽമാർ ഇദ്ദേഹത്തിനു കീഴിലുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനും പ്രവർത്തിക്കുന്നു.

  നാല് പ്രധാന ഗ്രൂപ്പുകൾ ആയാണ് എൻഎസ്ജിയെ തരംതിരിച്ചിരിക്കുന്നത്.

  സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (എസ്.എ.ജി) തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. കേന്ദ്ര സായുധ പോലീസ് സേനയിലെയും ഇന്ത്യൻ സൈന്യത്തിലെയും ജവാൻമാർ ആണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലുള്ളത്.
  സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് (എസ്ആർജി) ഭീകരവിരുദ്ധ സേനയാണ്, അത് എസ്എജിയോടൊപ്പം പ്രവർത്തിക്കുന്നു. ഇത് കൂടാതെ വിഐപികൾക്ക് സംരക്ഷണം നൽകുന്നതിന് നിയോഗിക്കപ്പെട്ട രണ്ട് ഗ്രൂപ്പുകളും ഉണ്ട്.

  മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ഗാന്ധിനഗർ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്രാദേശിക കേന്ദ്രങ്ങളെ നയിക്കുന്ന ഇന്ത്യൻ ആർമി ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക കോമ്പോസിറ്റ് ഗ്രൂപ്പും എൻഎസ്ജിയുടെ ഭാ​ഗമായുണ്ട്. ഇവർക്ക് സാങ്കേതിക പിന്തുണ നൽകുന്ന ഇലക്ട്രോണിക് സപ്പോർട്ട് ഗ്രൂപ്പും ഉണ്ട്.

  പോരാട്ട കഥകൾ

  എൻഎസ്ജി രൂപീകരിച്ചതിനു തൊട്ടു പിന്നാലെ, 1986-ലാണ് സേന അതിന്റെ അതിന്റെ ആദ്യത്തെ വലിയ പോരാട്ടമായ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ നടത്തിയത്. അമൃത്സറിൽ രണ്ട് ഭാഗങ്ങളായി ആയിരുന്നു ഓപ്പറേഷൻ. 1986 ലും 1988 ലും സുവർണ്ണ ക്ഷേത്ര സമുച്ചയത്തിൽ നിന്ന് തീവ്രവാദികളെ തുരത്താനുള്ള യജ്ഞം ആയിരുന്നു അത്. എസ്എജിയും എസ്ആർജിയും സംയുക്തമായാണ് രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ഒന്നാമത്തെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിൽ 122 പേരെ സംശയാസ്പദമായി പിടികൂടി. രണ്ടാമത്തെ ഓപ്പറേഷനിൽ 192 ഭീകരർ ആണ് കീഴടങ്ങിയത്.

  ഒരു വർഷത്തിനുശേഷം, 1989ൽ പഞ്ചാബിലെ ടാർൺ തരണിൽ എൻഎസ്ജി ഓപ്പറേഷൻ ക്ലൗഡ് ബർസ്റ്റ് നടത്തി. രണ്ട് മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഈ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയത്. സ്പെഷ്യൽ ആക്ഷൻ ​ഗ്രൂപ്പും സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പും കമ്മ്യൂണിക്കേഷൻ ഗ്രൂപ്പും സപ്പോർട്ട് വെപ്പൺ സ്ക്വാഡ്രൺ, ഡോഗ് യൂണിറ്റ് എന്നിവയുമായി സഹകരിച്ചാണ് ടാസ്ക് പൂർത്തിയാക്കിയത്. 16 ഭീകരരെ ആണ് എൻഎസ്ജി അന്ന് ഇല്ലാതാക്കിയത്.

  1993 ൽ ഇന്ത്യൻ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനം റാഞ്ചിയപ്പോൾ ബന്ദികളെ രക്ഷിക്കാനുള്ള ഓപ്പറേഷനും എൻഎസ്ജി നടത്തിയിരുന്നു. പഞ്ചാബിലെ അമൃത്സറിൽ ആയിരുന്നു ഈ ഓപ്പറേഷൻ. ആയുധ ധാരികളായ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരവാദികളാണ് വിമാനം റാഞ്ചിയത്. പാക്കിസ്ഥാനിലെ ലാഹോറിലേക്ക് 141 യാത്രക്കാരുമായി യാത്ര തിരിച്ചതായിരുന്നു വിമാനം. യാത്രക്കാരെ പരിക്കുകൾ കൂടാതെയാണ് രക്ഷപെടുത്തിയത്.

  2002 സെപ്റ്റംബറിൽ അഹമ്മദാബാദിലെ അക്ഷർധാം അമ്പലം ആക്രമിച്ച് തീവ്രവാദികൾ തടവിലാക്കിയ ബന്ദികളെ രക്ഷിക്കാനുള്ള ഓപ്പറേഷനും എൻഎസ്ജി നേതൃത്വം നൽകി. തീവ്രവാദികൾ 30 പേരെ കൊല്ലുകയും നൂറോളം പേരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആറ് ഓഫീസർമാരും 23 ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 72 കമാൻഡോകളും ആണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഒമ്പത് മണിക്കൂർ കൊണ്ടാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.

  2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണം നേരിടാൻ നടത്തിയ ഓപ്പറേഷൻ ടൊർണാഡോ ആണ് എൻഎസ്ജിയുടെ ശ്രദ്ധേയമായ പോരാട്ടങ്ങളിൽ മറ്റൊന്ന്. എൻഎസ്ജിയുടെ കർത്തവ്യബോധവും പ്രൊഫഷണലിസവും, ധീരതയുമെല്ലാം ആ ഓപ്പറേഷനിൽ പ്രകടമായിരുന്നു. 60 മണിക്കൂർ നീണ്ട കഠിനമായ ഓപ്പറേഷനിൽ 610 ഇന്ത്യൻ പൗരന്മാരെയും 110 വിദേശ പൗരന്മാരെയും രക്ഷപ്പെടുത്തിയതൊടൊപ്പം എട്ട് ഭീകരരെയും ഇല്ലാതാക്കി.

  പത്താൻകോട്ട് എയർഫോഴ്സ് സ്റ്റേഷനിൽ നടന്ന ഓപ്പറേഷനിൽ മൂന്ന് ​ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ഓപ്പറേഷൻ. ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി സ്റ്റേഷൻ വ്യോമസേന കമാൻഡർക്ക് കൈമാറിയതിനു ശേഷമാണ് അന്ന് എൻഎസ്ജി മടങ്ങിയത്.

  ബജറ്റ്

  2022-23 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് ദേശീയ സുരക്ഷാ സേനയുടെ ബജറ്റ് 1,293 കോടി രൂപയാണ്. ആവശ്യകതകൾ കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബജറ്റ് സ്ഥിരമായി വർദ്ധിപ്പിക്കാറുണ്ട്.

  പരിശീലനം

  കഠിനമായ പരിശീലന പ്രക്രിയയിലൂടെ ആണ് എൻഎസ്ജി കമാൻഡോകൾ കടന്നുപോകേണ്ടത്. 100 പേരിൽ 15-20 ജവാൻമാർക്ക് മാത്രമേ എല്ലാ സെഷനുകളും വിജയകരമായി പൂർത്തീകരിക്കാൻ കഴിയൂ എന്ന് എൻഎസ്ജിയിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥർ പറയുന്നു. 14 മാസത്തെ പരിശീലനത്തിൽ, ഓരോ കമാൻഡോയും വിവിധ ഘടകങ്ങളായി തിരിച്ചിട്ടുള്ള കഠിനമായ ശാരീരിക പരിശീലനത്തിലൂടെ കടന്നുപോകണം. പ്രാഥമിക പരിശീലനത്തിന് ശേഷം കമാൻഡോകൾ ഒമ്പത് മാസത്തെ അടുത്ത പരിശീലന ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇത്തരം പരിശീലനങ്ങൾ ഒരു കമാൻഡോയെ തീവ്രവാദികൾക്കെതിരായ പോരാട്ടം, ഹൗസ് ഇന്റർവെൻഷൻ, അണ്ടർവാട്ടർ ഓപ്പറേഷൻ മുതലായവയിൽ വിദഗ്ധനാക്കുന്നു. ഏറ്റവും മികച്ചതും അത്യാധുനികവുമായ ആയുധങ്ങൾ സേനയ്ക്ക് ഉള്ളതിനാൽ ആയുധങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കുന്നതും പരിശീലനത്തിന്റെ ഭാ​ഗമാണ്.

  എൻഎസ്ജിയിൽ ഇനിയെന്ത്?

  ഏറ്റവും പുതിയ ആന്റി-ഡ്രോൺ സാങ്കേതികവിദ്യ വാങ്ങാനുള്ള താത്പര്യം എൻഎസ്ജി പ്രകടിപ്പിച്ചു കഴിഞ്ഞു. പുതിയ രീതിയിലുള്ള ആക്രമണങ്ങളെ നേരിടാൻ കമാൻഡോകളെ സജ്ജമാക്കുകയും ചെയ്യും. അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഹബ്ബുകൾ ഉണ്ടാക്കാനും ശക്തി വർദ്ധിപ്പിക്കാനും സേന ലക്ഷ്യം വെയ്ക്കുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന, കൂടുതൽ സാങ്കേതിക വിദ്യാഭ്യാസം നേടിയ സൈനികരുള്ള ഒരു സേനയായി സ്വയം മാറാനും എൻഎസ്ജി ശ്രമിക്കുന്നുണ്ട്.
  Published by:Jayashankar Av
  First published: