• HOME
 • »
 • NEWS
 • »
 • india
 • »
 • Series on Paramilitary | നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 4: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് CRPF

Series on Paramilitary | നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 4: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് CRPF

ലോകത്തിലെ തന്നെ ഏറ്റവും വലിയ സായുധ പോലീസ് സേനകളിൽ ഒന്നാണ് സിആർപിഎഫ്. നക്സലുകൾക്കെതിരായ പോരാട്ടമായാലും തീവ്രവാദികളെ (Terrorist)തുരത്തുന്നതായാലും സിആർപിഎഫ് മുന്നിൽ തന്നെയുണ്ടാവും

crpf

crpf

 • Share this:
  അങ്കുർ ശർമ്മ

  ഇന്ത്യയുടെ ഏറ്റവും വലിയ സായുധ പോലീസ് സേനയായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (Central Reserve Police Force - CRPF) ഏകദേശം 3.25 ലക്ഷം ജവാൻമാരാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സായുധ പോലീസ് സേനകളിൽ ഒന്നാണ് സിആർപിഎഫ്. നക്സലുകൾക്കെതിരായ (Naxalism) പോരാട്ടമായാലും തീവ്രവാദികളെ (Terrorist)തുരത്തുന്നതായാലും സിആർപിഎഫ് മുന്നിൽ തന്നെയുണ്ടാവും. വിവിഐപികളുടെ (VVIP) സുരക്ഷയും ഇവരുടെ ഉത്തരവാദിത്വമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗാന്ധി കുടുംബം തുടങ്ങിയ വിവിഐപികൾ ഇക്കൂട്ടത്തിൽ പെടുന്നു.

  പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള തീവ്രവാദ വിരുദ്ധസേനയായ QAT, നക്സൽ വിരുദ്ധസേനയായ CoBRA എന്നിവയും സിആർപിഎഫിന് കീഴിൽ വരുന്നുണ്ട്. പാർലമെൻറിൻെറ സുരക്ഷാ ചുമതലയിലും ഇവർക്ക് പങ്കുണ്ട്. ഏറ്റവും കൂടുതൽ വനിതകളുള്ള അർധസൈനിക വിഭാഗങ്ങളിലൊന്നാണ് സിആർപിഎഫ്. നക്സലുകളെ നേരിടാൻ വനിതകൾക്ക് പ്രത്യേക പരിശീലനവും ലഭിക്കുന്നുണ്ട്. കലാപങ്ങളെ നേരിടുന്നതിനായി പ്രത്യേക സംഘമായ റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) സേനയിലുണ്ട്. മികച്ച സേവനത്തിനുള്ള മെഡലുകൾ നേടുന്ന കാര്യത്തിൽ എന്നും മുന്നിലാണ് സിആർപിഎഫ്. ബ്രിട്ടീഷുകാരുടെ കാലത്ത് വെറും രണ്ട് ബറ്റാലിയനുകളിൽ തുടങ്ങിയ സേന ഇപ്പോൾ 246 ബറ്റാലിയനുകളുമായി രാജ്യത്തെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമായി വളർന്ന് കഴിഞ്ഞു.

  ചരിത്രം

  1939-ൽ ക്രൗൺ റെപ്രസെന്റേറ്റീവ് പോലീസ് എന്ന പേരിലാണ് ഈ സേന ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ ഇതിൻെറ പേര് പിന്നീട് മാറ്റുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗമാണ് സിആർപിഎഫ്. വിവിധ സംസ്ഥാനങ്ങളിലെ ബ്രിട്ടീഷ് റെസിഡൻറുമാരെ സംരക്ഷിക്കുകയെന്നതായിരുന്നു ആദ്യത്തെ പ്രധാന ചുമതല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം പുതിയ ചുമതലകൾ ലഭിച്ചു.

  സ്വാതന്ത്ര്യാനന്തരമാണ് സേനയ്ക്ക് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് എന്ന പേര് ലഭിക്കുന്നത്. 1949 ഡിസംബർ 28-ന് പാർലമെന്റിൽ പാസാക്കിയ ഒരു നിയമത്തിലൂടെയാണ് പേര് മാറ്റിയത്. ഒരു സായുധ സേനയായി സിആർപിഎഫിനെ പ്രഖ്യാപിക്കുകയും ചെയ്തു. 1955 മാർച്ച് 25ന് സിആർപിഎഫിൻെറ ആദ്യ ഡിജി ആയി വി.ജി കനേത്കർ ചുമതലയേറ്റു.

  കച്ച്, രാജസ്ഥാൻ സിന്ധ് അതിർത്തികളിലേക്കാണ് സേനയെ ആദ്യം അയച്ചത്. നുഴഞ്ഞുകയറ്റവും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും തടയുക എന്നതായിരുന്നു ലക്ഷ്യം. 1959ൽ പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണത്തെത്തുടർന്ന് ജമ്മു കശ്മീരിലെ പാകിസ്ഥാൻ അതിർത്തിയിൽ സിആർപിഎഫിനെ വിന്യസിച്ചു. 1959ൽ ഒക്‌ടോബർ 21ന് ചൈനീസ് സേനയും സിആർപിഎഫും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. സിആർപിഎഫ് പട്രോളിംഗ് സംഘത്തിന് നേരെ നടന്ന ചൈനയുടെ ആക്രമണത്തിൽ 10 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. ഇവരുടെ രക്തസാക്ഷിത്വത്തിൻെറ ഓർമ്മയ്ക്കായി ഒക്ടോബർ 21 എല്ലാ വർഷവും പോലീസ് അനുസ്മരണ ദിനമായി രാജ്യമെമ്പാടും ആചരിക്കുന്നുണ്ട്.

  1962ൽ ചൈനയുടെ ആക്രമണം ഉണ്ടായപ്പോൾ അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈന്യത്തെ സഹായിക്കാനായി സിആർപിഎഫ് സേനയാണ് ഉണ്ടായിരുന്നത്. ചൈനയുടെ ആക്രമണത്തെ ചെറുക്കുന്നതിനിടയിൽ 8 ജവാൻമാർക്ക് ജീവൻ നഷ്ടപ്പെടുകയുണ്ടായി. 1965ലെയും 1971ലെയും ഇന്തോ - പാക് യുദ്ധത്തിലും സൈന്യത്തോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ സിആർപിഎഫ് ഉണ്ടായിരുന്നു.

  കരുത്തും പ്രവർത്തനരീതിയും

  ഡയറക്ടർ ജനറലിൻെറ പദവിയിലുള്ള ഒരു ഐപിഎസ് ഓഫീസറാണ് സേനയെ നയിക്കുന്നത്. ഡിജിക്ക് ശേഷം സ്‌പെഷ്യൽ ഡയറക്ടർ ജനറൽമാരും അഡീഷണൽ ഡയറക്ടർ ജനറൽമാരുമുണ്ട്. ജമ്മു കശ്മീ‍ർ, നോർത്ത് ഈസ്റ്റ്, മധ്യമേഖല, തെക്കൻ മേഖല എന്നിവിടങ്ങളിലെ ഉത്തരവാദിത്വം ഇവ‍ർക്കായിരിക്കും. ഓപ്പറേഷൻസ്, ട്രെയിനിംഗ്, ഹെഡ്ക്വാർട്ടേഴ്സ്, അക്കാദമി എന്നിവയുടെ ഉത്തരവാദിത്വവും ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥ‍ർക്കാണ്. വിവിഐപി, കോബ്രാ വിഭാഗങ്ങളെയും ഇവ‍ർ നയിക്കും. ഈ ഉദ്യോഗസ്ഥരുടെ കീഴിൽ ഏകദേശം 40ഓളം ഐജിമാ‍ർ ഉണ്ടായിരിക്കും. നിലവിൽ, 246 ബറ്റാലിയനുകളാണ് സിആർപിഎഫിന് കീഴിലുള്ളത്. ഇതിൽ 203 എക്സിക്യൂട്ടീവ്, 5 വിഐപി സുരക്ഷ, 6 മഹിള, 15 RAF, 10 CoBRA, 5 സിഗ്നൽ, 1 സ്പെഷ്യൽ ഡ്യൂട്ടി ഗ്രൂപ്പ്, 1 പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് എന്നിവ ഉൾപ്പെടുന്നു.

  പോരാട്ടത്തിൻെറ വഴികൾ

  1959ൽ ചൈനയുടെ ആക്രമണത്തിനോട് ചെറുത്തുനിൽപ്പ് നടത്തിയ സിആ‍ർപിഎഫിന് 10 ജവാൻമാരെയാണ് നഷ്ടമായത്. 1965ൽ നാല് കമ്പനി സിആ‍ർപിഎഫ് ജവാൻമാ‍ർക്ക് റാൻ ഓഫ് കച്ചിലെ അതി‍ർത്തിയുടെ ചുമതല നൽകുകയുണ്ടായി. പാകിസ്ഥാൻ സൈന്യത്തിൽ നിന്ന് വലിയൊരു ആക്രമണം ഇന്ത്യ നേരിടേണ്ടി വന്നു. വെറും 150 സിആ‍ർപിഎഫ് ജവാൻമാർ ചേർന്ന് ഈ ആക്രമണത്തെ ചെറുത്ത് തോൽപ്പിച്ചു. 34 പാക് സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു.

  2001 ഡിസംബ‍ർ 13ന് ഇന്ത്യൻ പാർലിമെൻറിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തെ പ്രതിരോധിച്ചതിലൂടെ സിആ‍ർപിഎഫിൻെറ ധീരത രാജ്യം അടുത്തറിഞ്ഞതാണ്. പാ‍ർലമെൻറിൻെറ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജവാൻമാ‍ർ അരമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ അഞ്ച് ഭീകരരെയാണ് വധിച്ചത്. ഒരു വനിതാ കോൺസ്റ്റബിളനടക്കം അന്ന് ജീവൻ ബലിയ‍ർപ്പിക്കേണ്ടി വന്നു. 2005 ജൂലൈ 5ന് അയോധ്യയിലെ രാമജൻമഭൂമി പ്രദേശത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട അഞ്ച് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയതും സിആ‍ർപിഎഫിൻെറ വലിയ നേട്ടങ്ങളിലൊന്നാണ്. രാജ്യത്തിന് വേണ്ടി സേവനം നടത്തുന്നതിനിടയിൽ ഇത് വരെ 2241 ജവാൻമാരാണ് വീരമൃത്യു വരിച്ചിട്ടുള്ളത്.

  ബജറ്റ്

  2022-23 വർഷത്തെ ബജറ്റിൽ 29,324.92 കോടി രൂപയാണ് സിആർപിഎഫിന് അനുവദിച്ചിരിക്കുന്നത്. സേനയ്ക്ക് അനുവദിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. സായുധ പോലീസ് സേനകളിൽ ഏറ്റവും വലിയ സേനയായതിനാൽ സ‍ർക്കാർ ഏറ്റവും കൂടുതൽ തുകയാണ് സിആ‍ർപിഎഫിൻെറ പ്രവ‍ർത്തനങ്ങൾക്ക് അനുവദിക്കാറുള്ളത്.

  പരിശീലനം

  എല്ലാ മേഖലകളിലുമായി ഏറ്റവും കൂടുതൽ പരിശീലന സ്കൂളുകളും അക്കാദമികളും സേനയ്ക്കാണുള്ളത്. ഹരിയാനയിലെ കദർപൂരിലെ സിആർപിഎഫ് അക്കാദമിയുടെ തലവനായ എഡിജി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് മൊത്തം പരിശീലനത്തിൻെറ ഉത്തരവാദിത്വം വഹിക്കുന്നത്. സുരക്ഷയുടെ സങ്കീർണ്ണത കൂടുന്നതിനാൽ പരിശീലന പാഠ്യപദ്ധതി CRPF തുടർച്ചയായി അവലോകനം ചെയ്യുകയും കാലത്തിനനുസരിച്ച് മാറ്റുകയും ചെയ്യുന്നുണ്ട്. സേനയിൽ പ്രവേശിക്കുന്ന ഒരാൾ 52 ആഴ്ചത്തെ പരിശീലനമാണ് പൂ‍ർത്തിയാക്കേണ്ടത്. വെടിവെപ്പും ആയുധങ്ങളുടെ പ്രത്യേക പരിശീലനവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. കമാൻഡോകൾക്ക് മറ്റൊരു തലത്തിലുള്ള പരിശീലനവുമുണ്ട്. ഫിസിക്കൽ ടെസ്റ്റ് കഴിഞ്ഞ് മാസങ്ങളോളം പരിശീലനം നടത്തേണ്ടി വരുന്ന ഇവരെ സിആർപിഎഫിന്റെ പ്രത്യേക യൂണിറ്റുകളിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുക.
  Published by:Anuraj GR
  First published: