• HOME
 • »
 • NEWS
 • »
 • india
 • »
 • Series on Paramilitary | നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 5: സ്പെഷ്യൽ സർവീസ് ബ്യൂറോ SSB

Series on Paramilitary | നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 5: സ്പെഷ്യൽ സർവീസ് ബ്യൂറോ SSB

ഏകദേശം ഒരു ലക്ഷം ജവാൻമാർ ഉള്ള ഈ സേനയുടെ പ്രധാന ഉത്തരവാദിത്തം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കുക എന്നതാണ്

ssb

ssb

 • Share this:
  1962 ലെ ചൈനീസ് കടന്നുകയറ്റത്തെ തുടർന്ന് രാജ്യത്തെ ജനങ്ങളുമായി ഇടപഴകാനും ഇന്റലിജൻസ് റിപ്പോർട്ടുകൾ നൽകാനും പര്യാപ്തമായ പ്രത്യേക സേനയെക്കുറിച്ച് രാജ്യം ചിന്തിച്ചു തുടങ്ങി. അവിടെ നിന്നാണ് ഇന്ന് സഹസ്ത്ര സീമാ ബാൽ (Sashastra Seema Bal) എന്നറിയപ്പെടുന്ന സ്പെഷ്യൽ സർവീസ് ബ്യൂറോ (Special Service Bureau) അഥവാ എസ്എസ്ബിയുടെ ചരിത്രം ആരംഭിക്കുന്നത്. ഇന്ത്യയുടെ ദേശീയ രഹസ്യാന്വേഷണ ഏജൻസിക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിലാണ് എസ്എസ്ബി രൂപീകരിച്ചത്. എന്നാൽ ഇപ്പോൾ ഏകദേശം ഒരു ലക്ഷം ജവാൻമാർ ഉള്ള ഈ സേനയുടെ പ്രധാന ഉത്തരവാദിത്തം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കുക എന്നതാണ്. കാർഗിൽ യുദ്ധത്തിന് ശേഷം 'ഒരു അതിർത്തി, ഒരു സേന' (one border, one force) എന്ന ആശയം സർക്കാർ കൊണ്ടുവന്നതോടെ ആയിരുന്നു ഈ മാറ്റം.

  കാർഗിൽ യുദ്ധത്തിന് ശേഷം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ അതിർത്തി കാക്കാനുള്ള സേനയായി എസ്എസ്ബിയെ പ്രഖ്യാപിക്കുകയും 2003 ഡിസംബർ 15-ന് സഹസ്ത്ര സീമ ബാൽ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഇന്തോ-നേപ്പാൾ അതിർത്തി സംരക്ഷിക്കുക എന്നതായിരുന്നു ആദ്യം ഏൽപിക്കപ്പെട്ട ചുമതല. ഒരു വർഷത്തിന് ശേഷം ഇന്തോ-ഭൂട്ടാൻ അതിർത്തി സുരക്ഷക്കായുള്ള അധിക ചുമതല കൂടി ലഭിച്ചു. ഈ പ്രദേശങ്ങളിലെ അന്വേഷണ ഏജൻസിയായും എസ്എസ്ബി പ്രവർത്തിക്കുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, സിക്കിം, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് എസ്എസ്ബിയുടെ പ്രവർത്തനം വ്യാപിച്ചു കിടക്കുന്നത്.

  ചരിത്രം
  1962-ൽ ചൈനയുമായുള്ള ഏറ്റുമുട്ടലിനുശേഷം, അതിർത്തികളുടെ സംരക്ഷണത്തിന് സായുധ സേനയെ സഹായിക്കാൻ നിരായുധരായ സൈനികരും ആവശ്യമാണെന്ന കേന്ദ്രത്തിന്റെ തോന്നലിൽ നിന്നാണ് എസ്എസ്ബിയുടെ പിറവി. ശത്രുപക്ഷത്തു നിന്നുള്ള നീക്കങ്ങൾ സായുധ സേനയെ അറിയിക്കുകയും അതിർത്തി പ്രദേശങ്ങളിൽ സമ്പൂർണ സുരക്ഷാ തയ്യാറെടുപ്പുകൾ നടത്തുകയുമായിരുന്നു പ്രാഥമിക ലക്ഷ്യം.

  അസം, വടക്കൻ ബംഗാൾ, ഉത്തർപ്രദേശിലെ മലയോര ജില്ലകൾ (പിന്നീട് ഉത്തരാഖണ്ഡിന്റെ ഭാഗമായി), ഹിമാചൽ പ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ, അന്നത്തെ ജമ്മു കശ്മീരിലെ ലഡാക്ക് പ്രദേശങ്ങൾ, തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തുടക്കകാലത്ത് പ്രവർത്തനം. പിന്നീട് മണിപ്പൂർ, ത്രിപുര, ജമ്മു, മേഘാലയ, സിക്കിം, രാജസ്ഥാൻ, സൗത്ത് ബംഗാൾ, നാഗാലാൻഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിച്ചു.

  80,000 ഗ്രാമങ്ങളിലായി 9,917 കിലോമീറ്ററുകളിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെ 6 കോടിയോളം വരുന്ന ജനങ്ങളുടെ സുരക്ഷ എസ്എസ്ബിയുടെ ചുമതലയാണ്. ആദ്യഘട്ടത്തിൽ ഒരു ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള 10 ഡിവിഷനുകളും, ഏരിയ ഓർഗനൈസർമാർ നേതൃത്വം നൽകുന്ന 49 ഏരിയകളും, സബ് ഏരിയ ഓർഗനൈസർമാരുടെ നേതൃത്വത്തിൽ 117 സബ് ഏരിയകളും, സർക്കിൾ ഓർഗനൈസർമാരുടെ മേൽനോട്ടത്തിൽ 287 സർക്കിളുകളും എസ്എസ്ബിയുടെ ഭാഗമായി ഉണ്ടായിരുന്നു. യുദ്ധത്തിനായി, വൊളണ്ടിയർമാർക്ക് ആയുധ പരിശീലനം നൽകുന്ന രണ്ട് ഡസൻ ബറ്റാലിയനുകളും എസ്എസ്ബിക്ക് ഉണ്ടായിരുന്നു. ഈ വോളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതിനായി എസ്എസ്ബി വിവിധ പരിശീലന കേന്ദ്രങ്ങളും തുറന്നു.

  1990 ആയപ്പോഴേക്കും സേനയിലേക്ക് ഏഴ് പ്രധാന പരിശീലന കേന്ദ്രങ്ങളും ഏഴ് വനിതാ പരിശീലന കേന്ദ്രങ്ങളും ചേർക്കപ്പെട്ടു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങൾ, യുപി, വടക്കൻ അസം, വടക്കൻ ബംഗാൾ, ദക്ഷിണ ബംഗാൾ എന്നിവിടങ്ങളിലെ അതിർത്തിയിലെ ജനങ്ങൾക്ക് എസ്എസ്ബി അംഗങ്ങൾ പരിശീലനം നൽകി. യുദ്ധസമാനമായ സാഹചര്യങ്ങളിലോ ഏതെങ്കിലും ആക്രമണത്തിലോ അകപ്പെട്ടാൽ സ്വയരക്ഷക്ക് ചെറിയ ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനവും ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ വോളണ്ടിയമാർ എസ്എസ്ബിയുടെ കണ്ണും കാതും ആയി പ്രവർത്തിച്ചു.

  കാർഗിൽ യുദ്ധത്തിനുശേഷം, അതിർത്തിയുമായി ബന്ധപ്പെട്ട നയങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയും 'ഒരു അതിർത്തി, ഒരു സേന' എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതിക്ക് അന്തിമ രൂപം നൽകുകയും ചെയ്തു.

  2001-ൽ, എസ്എസ്ബിയെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൽ നിന്ന് (R&AW) ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റി. നേപ്പാൾ, ഭൂട്ടാൻ അതിർത്തികളിൽ കാവൽ സേനയായി നിയമിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് സഹസ്ത്ര സീമാ ബാൽ എന്ന് സേനയെ പുനർനാമകരണം ചെയ്തത്. ഏറ്റവും പുതിയ അർദ്ധസൈനിക വിഭാഗമായി സേന മാറുകയും ചെയ്തു.

  പുതിയതായി കൈവന്ന ഉത്തരവാദിത്തങ്ങൾക്കു പിന്നാലെ എസ്എസ്ബിയെ കേന്ദ്ര സായുധ പോലീസ് സേനയായി (CAPF) പ്രഖ്യാപിക്കുകയും 2001 ജൂണിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായി എസ്എസ്ബി മാറുകയും ചെയ്തു. സ്ത്രീകളെ ബറ്റാലിയനിലേക്ക് റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ച ആദ്യ കേന്ദ്ര സായുധ പോലീസ് സേന കൂടിയാണ് എസ്എസ്ബി.

  പോരാട്ട കഥകൾ

  വിവിധ മേഖലകളിലുള്ള പ്രവർത്തനം കണക്കിലെടുത്ത് എസ്എസ്ബി ജവാൻമാർക്ക് കീർത്തി ചക്ര, ശൗര്യ ചക്ര, തുടങ്ങി നിരവധി മെഡലുകൾ ലഭിച്ചിട്ടുണ്ട്.

  2009ലെ ആസാം കലാപത്തെ നേരിടുന്നതിൽ പ്രധാന പങ്കു വഹിച്ചത് എസ്എസ്ബിയാണ്. അതേ വർഷം ഏപ്രിൽ 9 ന്, മറ്റൊരു ബറ്റാലിയൻ നിലയുറപ്പിച്ചിരിക്കുന്ന കാലചന്ദിലേക്ക് നീങ്ങുകയായിരുന്നു ഒരു എസ്എസ്ബി സംഘം. റോഡിന്റെ ഇരുവശത്തും പതിയിരുന്ന് കലാപകാരികൾ ഇവരുടെ വാഹനത്തിനു നേരെ വെടിയുതിർത്തു. എന്നാൽ കലാപകാരികളോട് പോരാടി എസ്എസ്ബി അംഗങ്ങൾ വിജയം കൈവരിച്ചു.

  Also Read- Series on Paramilitary | നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 4: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് CRPF

  പലപ്പോഴും കലാപകാരികൾ കീഴടങ്ങുന്നതിലും എസ്എസ്ബി ഒരു പ്രധാന പങ്ക് വഹിച്ചു. 1970-കളുടെ അവസാനത്തിൽ സേനയുടെ ഇടപെടലിനെ തുടർന്ന് ഒരു മിസോ സംഘം അടിയറവ് പറഞ്ഞിരുന്നു. മിസോ നാഷണൽ ഫ്രണ്ടിന്റെ സ്വയം പ്രഖ്യാപിത രാഷ്ട്രീയ ഉപദേഷ്ടാവായ ഡെംഖോസി ഗാങ്‌ടെയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഈ സംഘം അക്കാലത്തുണ്ടായിരുന്ന ഏറ്റവും വലിയ മിസോ സംഘമായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന 53 പേരും അത്യാധുനിക ആയുധങ്ങൾ കൈവശം വച്ചിരുന്നു.

  കാർഗിൽ യുദ്ധസമയത്തെ എസ്എസ്ബിയുടെ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്. പ്രദേശവാസികളുമായി സമ്പർക്കം പുലർത്തുന്ന ശത്രുക്കളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ യുദ്ധകാലത്ത് എസ്എസ്ബി ഫീൽഡ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിരുന്നു.

  പല നക്സൽ കമാൻഡർമാരെയും വിമതരെയും സൈന്യം ഇല്ലാതാക്കിയിട്ടുണ്ട്. 2016-ൽ ബിഹാറിൽ മുംബൈയിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്ന 59 കുട്ടികളെ എസ്എസ്ബി രക്ഷപ്പെടുത്തിയിരുന്നു.

  ബജറ്റ്

  2022-23 വർഷത്തെ കണക്കനുസരിച്ച് 7653.73 കോടി രൂപയാണ് കേന്ദ്രം എസ്എസ്ബിക്ക് അനുവദിച്ചിട്ടുള്ളത്. സമീപ വർഷങ്ങളിൽ, അരുണാചൽ പ്രദേശിലെ ചില തന്ത്രപ്രധാന സ്ഥലങ്ങളിൽ വിന്യസിക്കപ്പെട്ടതിനാൽ സേനയുടെ ബജറ്റിൽ വർധനവ് ഉണ്ടായിരുന്നു.

  ഘടനയും ശക്തിയും

  ഡയറക്ടർ ജനറൽ (ഡിജി) റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഒരു ലക്ഷത്തോളം അംഗങ്ങളുള്ള സേനയെ നയിക്കുന്നത്. എല്ലാ ഇൻസ്പെക്ടർ ജനറൽമാരുടെയും (ഐജിമാർ) അഡീഷണൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഓഫീസർമാരുടെയും മേൽനോട്ടം വഹിക്കുന്നത് ഇദ്ദേഹമാണ്. ഓപ്പറേഷൻസ് ആൻഡ് ഇന്റലിജൻസ്, പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ്, അഡ്മിനിസ്ട്രേഷൻ തുടങ്ങിയവയാണ് സേനയിലെ വിവിധ വിഭാഗങ്ങൾ.

  റാണിഖേത്, ലഖ്‌നൗ, പട്‌ന, സിലിഗുരി, ഗുവാഹത്തി, തേസ്പൂർ എന്നിവിടങ്ങളിൽ വിവിധ ഫ്രണ്ടിയറുകൾ എസ്എസ്ബിക്കുണ്ട്. ഡിജിയുടെ കീഴിൽ പ്രവർത്തിക്കുന്ന 16 ഐജിമാരും ഒരു എഡിജിയും എസ്എസ്ബിയിലുണ്ട്.

  2016-ൽ, ചരിത്രപരമായ ഒരു നീക്കമാണ് എസ്എസ്ബിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ആദ്യമായി ഒരു മുതിർന്ന വനിതാ ഐപിഎസ് ഓഫീസർ സേനയുടെ ചുമതല ഏറ്റെടുത്തു. അർച്ചന രാമസുന്ദരം എന്ന ആ ഓഫീസർ ഒരു വർഷത്തോളം എസ്എസ്ബിയുടെ തലപ്പത്ത് ഉണ്ടായിരുന്നു.

  പരിശീലനം
  ഗറില്ലാ യുദ്ധം, പ്രതിരോധം, രഹസ്യാന്വേഷണം, കാടും മഞ്ഞും അതിജീവിച്ചുള്ള പോരാട്ടം തുടങ്ങി വിവിധ മേഖലകളിൽ എസ്എസ്ബി ജവാൻമാർക്ക് പരിശീലനം ലഭിക്കുന്നു. ജവാൻമാർക്കും സിവിൽ കേഡർമാർക്കുമുള്ള ഏറ്റവും പഴയ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് സേനയ്ക്കുള്ളത്. ജവാൻമാർക്കും ഓഫീസർമാർക്കുമായി ഡൽഹിയിൽ ഒരു ഇന്റലിജൻസ് ലേണിംഗ് സെന്ററും എസ്എസ്ബിക്ക് ഉണ്ട്.
  Published by:Anuraj GR
  First published: