കൊൽക്കത്ത: സെൻട്രൽ കൊൽക്കത്തയിലെ സ്ട്രാൻഡ് റോഡിലുള്ള കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. നാല് അഗ്നിശമന സേന ഉദ്യോഗസ്ഥരും രണ്ട് ആർപിഎഫ് ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
സ്ട്രാൻഡ് റോഡിലുള്ള ദി ന്യൂ കൊയിലാഘട്ട് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഈസ്റ്റേൺ റെയിൽവേയുടേയും സൗത്ത് ഈസ്റ്റേൺ റെയിൽവേയുടേയും ഓഫീസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ പതിമൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്.
കൊൽക്കത്ത കമ്മീഷണർ ഓഫ് പൊലീസ് സൗമൻ മിത്ര, മന്ത്രി സുജിത്ത് ബോസ്, ജോയിന്റ് സിപി മുരളീധർ എന്നിവരടങ്ങുന്ന സംഘം സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഥല പരിമിതി രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി മന്ത്രി സുജിത്ത് ബോസ് പറയുന്നു. സ്ഥലം ഇല്ലാത്തതിനാൽ ഏണി വെക്കാനടക്കം പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണ്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി സ്ഥലത്ത് എത്തിയിരുന്നു.
You may also like:ഒരേ പെൺകുട്ടിയെ പ്രണയിച്ചു; ബന്ധുക്കളായ യുവാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖേദം രേഖപ്പെടുത്തി.
You may also like:യുവതിയെയും നവജാത ശിശുവിനെയും കൊണ്ടുപോയ ആംബുലൻസ് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ
അതേസമയം, റെയിൽവേ ഓഫീസ് കെട്ടിടത്തിലുണ്ടായ തീപിടുത്തം ട്രെയിൻ ടിക്കറ്റ് സംവിധാനത്തേയും ബാധിച്ചിട്ടുണ്ട്. ഈസ്റ്റേൺ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന്റെ സെർവർ റൂം ഈ കെട്ടിടത്തിലാണ് ഉള്ളതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തീപിടുത്തം ഉണ്ടായതോടെ കെട്ടിടത്തിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ ഈസ്റ്റേൺ സോണിലെ ടിക്കറ്റ് ബുക്കിങ് സംവിധാനം തകർന്നു. കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിലാണ് കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റ് ബുക്കിങ് സെന്റർ പ്രവർത്തിക്കുന്നത്.
തിങ്കളാഴ്ച്ച വൈകിട്ട് 6.10 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്ത് ഫയർ എഞ്ചിൻ ഉടൻ തന്നെ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തീപിടുത്തത്തിനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു. മരിച്ചവരിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയത് കെട്ടിടത്തിലെ ലിഫ്റ്റിൽ നിന്നാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.