നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Suicide | രാജ്യത്ത് ആത്മഹത്യ നിരക്കിൽ മുന്നിൽ കൊല്ലം; 2020ല്‍ കേരളത്തില്‍ ജീവനൊടുക്കിയത് 8,500 പേർ

    Suicide | രാജ്യത്ത് ആത്മഹത്യ നിരക്കിൽ മുന്നിൽ കൊല്ലം; 2020ല്‍ കേരളത്തില്‍ ജീവനൊടുക്കിയത് 8,500 പേർ

    കേരളത്തിൽഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടത്തിയത് പുരുഷന്‍മാരാണ്. 6,570 പുരുഷ ആത്മഹത്യ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കേരളത്തില്‍ 2020ൽ ആത്മഹത്യ നിരക്ക് കൂടിയെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 8,500 പേര്‍ ആത്മഹത്യചെയ്തുവെന്നും രാജ്യത്തെ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ(Suicide) നിരക്ക് രേഖപ്പെടുത്തിയത് കൊല്ലം (Kollam)നഗരത്തിലാണെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (National Crime Records Bureau - NCRB) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

      കേരളത്തിൽഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടത്തിയത് പുരുഷന്‍മാരാണ്. 6,570 പുരുഷ ആത്മഹത്യ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ ആത്മഹത്യ കേസുകളുടെ എണ്ണം 1,930 ആണ്. 2020ല്‍ കേരളത്തിലെ ആത്മഹത്യനിരക്ക് 24 ആണ്. ബിസിനസ്സുകളിലെയും ഉപജീവനമാര്‍ഗങ്ങളിലെയും തടസ്സങ്ങളും കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളുമാണ് ഈ കാലയളവില്‍ സംസ്ഥാനത്ത് ആത്മഹത്യ വര്‍ദ്ധിക്കാൻ പ്രധാന കാരണം. ഇതോടെ ആത്മഹത്യ നിരക്കില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്താണിപ്പോള്‍ കേരളം. കൊല്ലം നഗരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന സ്ഥലമാണെന്നും എൻസിആർബിറിപ്പോർട്ട്വ്യക്തമാക്കുന്നു. കൊല്ലം നഗരത്തിലെ ആത്മഹത്യാ നിരക്ക് 44 ആണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൊല്ലത്ത് 2020ല്‍ 488 പേര്‍ ആത്മഹത്യ ചെയ്തു. 2019ല്‍ 457 പേരായിരുന്നു നഗരത്തില്‍ ആത്മഹത്യ ചെയ്തത്.

      തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യാ നിരക്കും സംസ്ഥാനത്ത് വര്‍ദ്ധിച്ചു. കേരളത്തിൽ1,769 പേരാണ് ഈ കാരണത്താൽ ആത്മഹത്യ ചെയ്തത്. മൊത്തം ആത്മഹത്യ കേസുകളിലെ 11.3 ശതമാനമാണ് ഇത്. ഈ വിഭാഗത്തിലെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് കേരളം.

      ഈ കാലയളവില്‍ (2020) അനുഭവപ്പെട്ട സാമ്പത്തിക തകര്‍ച്ചയുടെ ഫലമായി ആത്മഹത്യ ചെയ്തവരിൽ 2,496 ദിവസ വേതനക്കാരുണ്ട്. 893 സ്വയം തൊഴില്‍ ചെയ്യുന്നവരും, 448 ചെറുകിട വ്യവസായികളും ആത്മഹത്യ ചെയ്തവരിൽ ഉൾപ്പെടുന്നു.

      കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും 2020 കഠിനമായ പ്രതിസന്ധി സൃഷ്ടിച്ച വർഷമാണ്. 796 കര്‍ഷക തൊഴിലാളികളും 908 വീട്ടമ്മമാരും കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു. 803 ശമ്പളക്കാരും 593 സ്വകാര്യ മേഖലയിലെ ജീവനക്കാരും ഈ കാലയളവില്‍ ആത്മഹത്യ തിരഞ്ഞെടുത്തു.

      ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ക്ക് കാരണമായത് കുടുംബ പ്രശ്നങ്ങളാണെന്നാണ്എന്‍സിആര്‍ബി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 3,575 ആത്മഹത്യകള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ കാരണമായി. അതേസമയം വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 1,933 പേരും ജീവനൊടുക്കി. മാനസിക രോഗങ്ങള്‍ (997 പേര്‍), മയക്കുമരുന്ന് ഉപയോഗം (692 പേര്‍), വിട്ടുമാറാത്ത രോഗങ്ങള്‍ (688 പേര്‍) എന്നിവയാണ് ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച മറ്റ് പ്രധാന കാരണങ്ങള്‍.

      Also Read-Murder| കൊല്ലത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ

      ജീവിതത്തേക്കാള്‍ മരണം തിരഞ്ഞെടുത്ത 5,116 പേരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം 3,074 പേര്‍ക്ക് ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുണ്ട്. ആത്മഹത്യ ചെയ്തവരില്‍ 3,150 പേര്‍ പത്താം ക്ലാസ് വരെ പഠിച്ചവരും 1,603 പേര്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചവരുമാണ്.

      കേരളത്തിലെ ആത്മഹത്യകളെക്കുറിച്ചുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍

      • ആകെ ആത്മഹത്യകള്‍: 8,500.

      • പുരുഷന്മാര്‍: 6,570.

      • സ്ത്രീകള്‍: 1,930.

      • ആത്മഹത്യാ നിരക്ക് - 24 ശതമാനം (ഒരു ലക്ഷം ജനസംഖ്യയില്‍), കേരളം ഇന്ത്യയില്‍ അഞ്ചാമത്.

      • തൊഴിലില്ലാത്തവരുടെ ആത്മഹത്യ: 1,769, കേരളം ഇന്ത്യയില്‍ രണ്ടാമത്.


      കേരളത്തിലെ ആത്മഹത്യ കാരണങ്ങള്‍

      • കുടുംബ പ്രശ്‌നങ്ങള്‍: 3,575

      • രോഗം: 1,933

      • കടം: 180

      • തൊഴിലില്ലായ്മ: 122

      • പ്രണയബന്ധം: 238


      വിവിധ രോഗങ്ങള്‍

      • മാനസിക രോഗം: 997

      • നീണ്ടുനില്‍ക്കുന്ന രോഗങ്ങള്‍: 688

      • മയക്കുമരുന്ന് ദുരുപയോഗം: 692

      • കാന്‍സര്‍: 213

      • പക്ഷാഘാതം: 31


      പദവി 

      • വീട്ടമ്മമാര്‍: 908

      • ശമ്പളമുള്ളവര്‍: 803

      • സ്വകാര്യ ജീവനക്കാര്‍: 593

      • വിദ്യാര്‍ത്ഥികള്‍: 468

      • സര്‍ക്കാര്‍ ജീവനക്കാര്‍: 70

      • തൊഴിലില്ലാത്തവര്‍: 1,769

      • സ്വയം തൊഴില്‍ ചെയ്യുന്നവര്‍: 893

      • സ്വയം തൊഴില്‍ ചെയ്യുന്നവര്‍ (ബിസിനസ്): 448

      • കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍: 796

      • ദിവസ വേതനക്കാര്‍: 2,496


      വരുമാന നില

      • പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ: 5,116

      • ഒരു ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍: 3,074

      • 5 ലക്ഷം രൂപയും അതിനുമുകളിലും: 302


      വിദ്യാഭ്യാസം

      • പത്താം ക്ലാസ് വരെ - 3,150

      • പന്ത്രണ്ടാം ക്ലാസ് വരെ - 1,603

      • ബാച്ചിലേഴ്‌സ് ബിരുദവും അതിനുമുകളിലും - 262

      • പ്രൊഫഷണല്‍ ബിരുദം - 34.


      എന്‍സിആര്‍ബിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇന്ത്യയിലെ ആത്മഹത്യകളില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ്. കോവിഡ് 19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച ആഘാതം ആത്മഹത്യകള്‍ക്ക് ഒരു പ്രധാനാകാരണമാണ്. ജീവിതം അവസാനിപ്പിച്ചതില്‍ ഭൂരിഭാഗവും ദിവസവേതന തൊഴിലാളികള്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ എന്നിവരാണ്. സാമ്പത്തിക പ്രശ്‌നങ്ങളും, കുടുംബ പ്രശ്‌നങ്ങളും, രോഗാവസ്ഥയുമാണ് ആത്മഹത്യ ചെയ്യാന്‍ കൂടുതല്‍ ആളുകളെയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം - 2020 ല്‍ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,53,052 ആത്മഹത്യകളാണ്. 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 2020-ല്‍ ആത്മഹത്യകളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

      നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എന്നത് രാജ്യത്തെ കുറ്റകൃത്യങ്ങളുടെയും ദുരൂഹ മരണങ്ങളുടെയും വിവരം ശേഖരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും വേണ്ടി രൂപീകരിച്ചിട്ടുള്ള ഒരു കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയാണ്. ഇന്ത്യയിലെ അപകട മരണങ്ങള്‍, ആത്മഹത്യകള്‍, ദുരൂഹ മരണങ്ങള്‍, കുറ്റകൃത്യങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതശരീരങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ കൃത്യമായി ശേഖരിച്ച് ഒരു ഡാറ്റാബേസ് തയ്യാറാക്കുക എന്നതാണ് എന്‍സിആര്‍ബി-യുടെ പ്രധാന ലക്ഷ്യം. ഒപ്പം ഈ ഡാറ്റകള്‍ ദേശീയ തലത്തില്‍ ക്രോഡീകരിച്ച് നിയമപാലകര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ദൗത്യവും ഏജന്‍സിക്കുണ്ട്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍സിആര്‍ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
      Published by:Jayesh Krishnan
      First published:
      )}