ന്യൂഡൽഹി: കോഴിക്കോട് ഇരട്ടസ്ഫോടന കേസിൽ ഒന്നാം പ്രതി തടിയന്റവിട നസീർ കൂട്ടുപ്രതി ഷഫാസ് എന്നിവരെ വെറുതെ വിട്ടതിനെതിരെ എൻഐഎ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ സുപ്രീംകോടതിയിൽ അപ്പീൽ നല്‍കിയിരിക്കുന്നത്.
സ്ഫോടനകേസിൽ തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിന് ഇരട്ടജീവപര്യന്തവും എൻഐഎ കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തിൽ ഇവരെ ഹൈക്കോടതി വെറുതെവിട്ടു. ഇതിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. സെപ്റ്റംബർ 12ന് അപ്പീൽ പരിഗണിക്കാൻ കെഎം ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
സ്ഫോടനത്തിന് മുന്നോടിയായി നടത്തിയ ഗൂഢാലോചനയിൽ ഇരുവരുടെയും പങ്കു വ്യക്തമാണെന്ന് അപ്പീലില്‍ എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. 2006 മാര്‍ച്ച് 3-നാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസിള്‍ ബസ് സ്റ്റാന്‍ഡിലും സ്‌ഫോടനമുണ്ടായത്.
2009ലാണ് എൻഐഎ കേസേറ്റെടുക്കുന്നത്. രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് 2005-ല്‍ ജാമ്യം നിഷേധിച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതികള്‍ സ്ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു കണ്ടെത്തൽ.
Also Read-പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് കൊലക്കേസ്: 88 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവും നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: NIA, Supreme court, Twin blast case