• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

സ്വവർഗ രതി മാത്രമല്ല, രാജ്യം കാത്തിരിക്കുന്ന ചരിത്ര വിധികൾ ഇനിയുമുണ്ട്

news18
Updated: September 6, 2018, 4:52 PM IST
സ്വവർഗ രതി മാത്രമല്ല, രാജ്യം കാത്തിരിക്കുന്ന ചരിത്ര വിധികൾ ഇനിയുമുണ്ട്
news18
Updated: September 6, 2018, 4:52 PM IST
377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിക്കൊണ്ട് പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്.

ഔദ്യോഗിക പദവിയിൽ വെറും 18 ദിവസം മാത്രമാണ് ദീപക് മിശ്രയ്ക്ക് ഇനിയുള്ളത്. ഒക്ടോബർ 2ന് അദ്ദേഹം വിരമിക്കും. ഇതിനു മുമ്പ് ശബരിമല സ്ത്രീ പ്രവേശനം, അയോധ്യ തുടങ്ങി ഒരുപിടി സുപ്രധാന കേസുകളിൽ വിധി പറയാനുണ്ട്. നിലവിലെ രാഷ്ട്രീയ , ഭരണഘടന ആഖ്യാനങ്ങളെ തന്നെ തിരുത്തുന്നതായിരിക്കും ഇതിൽ പല വിധികളും.

ആധാറിന്റെ നിയമ സാധുത

ആധാർ പദ്ധതിയുടെ നിയമ സാധുതയെ ചോദ്യം ചെയ്ത് മാരത്തൺ വിചാരണയാണ് സുപ്രീംകോടതിയിൽ നടന്നത്. കേശവാനന്ദ ഭട്ടതിരി കേസിന് ശേഷം സുപ്രീംകോടതിയിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ വിചാരണയാണ് ആധാറിന്റേത്. 38 ദിവസമാണ് വിചാരണ നീണ്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എ എം ഖാൻവിൽകർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് അശോക് ഭൂഷൻ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആധാറിൽ ബയോമെട്രിക് സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നതിനെ ചോദ്യം ചെയ്താണ് ഹർജി. 2016 മാർച്ചിലാണ് പാർലമെന്റ് ആധാർ നിയമം പാസാക്കിയത്. ഇതിനു പിന്നാലെയാണ് നിയമത്തിന്റെ വകുപ്പുകളെ വെല്ലുവിളിച്ചും മണി ബില്ലായി കണക്കാക്കി പാർലമെന്റ് ആധാർ നിയമം പാസാക്കിയ രീതിയെ ചോദ്യം ചെയ്തും ഹർജി നൽകിയത്.

സ്വകാര്യതയ്ക്കുള്ള അവകാശം മൗലിക അവകാശമാണോ എന്നായിരിക്കും ആധാർ കേസിൽ പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്.

ശബരിമല സ്ത്രീ പ്രവേശനം
Loading...

നിരവധി ഭരണഘടന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സുപ്രധാന കേസാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം. പരിഷ്കരണത്തിന്റെ പേരിൽ മതപരമായ വിഷയങ്ങളിൽ സർക്കാർ ഇടപെടുന്നതിന്റെ സാധുതയെയും പാരമ്പര്യം സംരക്ഷിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെയും ഇത് ചോദ്യം ചെയ്യുന്നു. ആർട്ടിക്കിൾ 25 പ്രകാരമുള്ള മതപരമായ ആചാരങ്ങൾക്കുള്ള അവകാശം, ആർട്ടിക്കിൾ 14, 15 പ്രകാരമുള്ള ലിംഗ വിവേചനം തടയുന്നതിനുള്ള അവകാശം തുടങ്ങിയ വിശാലമായ പ്രശ്നങ്ങളാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീംകോടതിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. സ്ത്രീപ്രവേശനം എതിർക്കുന്നത് തൊട്ടുകൂടായ്മയാണെന്ന വാദവും നിലനിൽക്കുന്നുണ്ട്.

ഹർജിക്കാരും ഹർജിയെ എതിർക്കുന്നവരും അവരവരുടെ വാദങ്ങൾ സാധൂകരിക്കാൻ ആർട്ടിക്കിൾ 25 ആണ് ഉപയോഗിച്ചിരിക്കുന്നത്. അമ്പലത്തിലെ ആരാധനാ മൂർത്തിയായ അയ്യപ്പന്റെ അവകാശം സംബന്ധിച്ച പുതിയ വാദങ്ങളും ഉയർന്നിട്ടുണ്ട്. അയ്യപ്പ ഭക്തന്മാർക്ക് ആർട്ടിക്കിൾ 26 പ്രകാരം പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള അവകാശം ഉണ്ടോയെന്ന് കേസ് പരിശോധിക്കും.

വ്യഭിചാരം ക്രിമിനൽ കുറ്റം

വ്യഭിചാരം ക്രിമിനൽ കുറ്റമാക്കുന്നതിന്റെ നിയമ സാധുതയെ ചോദ്യം ചെയ്യുന്നതാണിത്. ഇന്ത്യൻ ഭരണഘടനയിലെ 497ാം വകുപ്പിനെ ചോദ്യം ചെയ്യുന്നതാണ് ഈ കേസ്. ലിംഗ സമത്വം, വ്യക്തിപരമായ അന്തസത്ത, സ്വകാര്യത തുടങ്ങിയ പ്രശ്നങ്ങളെ ഇത് ഉയർത്തിക്കാട്ടുന്നുണ്ട്. നിലവിലെ നിയമപ്രകാരം കേസിൽ പുരുഷൻ മാത്രമായിരിക്കും ശിക്ഷിക്കപ്പെടുക. ഒരേ കേസിൽ രണ്ട് നീതി നടപ്പാക്കപ്പെടുന്നതിനെ ഇത് ചോദ്യം ചെയ്യുന്നു.

കുറ്റവാളികളായ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കൽ

കേസുകളിൽ ഉൾപ്പെട്ട രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുളള കേസാണിത്. രാഷ്ട്രീയക്കാർ ഉൾപ്പെടുന്ന കേസുകളുടെ വിചാരണ മനപൂർവം വൈകിപ്പിക്കുന്നുണ്ടെന്ന് ഹർജിക്കാർ ആരോപിച്ചിട്ടുണ്ട്. കേന്ദ്രം ഇത് എതിർത്തിട്ടുണ്ട്. നിയമത്തിലില്ലാത്ത പുതിയ അയോഗ്യതകൾ കൂട്ടിച്ചേർക്കുന്നത് കോടതിയുടെ അധികാരപരിധിയിലുള്ള കാര്യമല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.

അയോധ്യ കേസ്

വിധി കാത്തിരിക്കുന്ന സുപ്രധാന കേസുകളിൽ ഒന്നാണ് അയോധ്യ കേസ്. മോസ്ക് എന്നത് ഇസ്ലാം മതാനുഷ്ഛാനത്തിന്റെ അവിഭാജ്യഘടകമല്ലെന്ന 1994ലെ സുപ്രീംകോടതി വിധിയിൽ ആശയക്കുഴപ്പമുണ്ടെന്ന ഹർജിയിൽ ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പ്രഖ്യാപിക്കും.

കോടതി നടപടികൾ തത്സമയം
കോടതി നടപടികൾ തത്സമയം ജനങ്ങളിലെത്തിക്കുക എന്ന വിപ്ലവകരമായ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധിയായിരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ‌ ഇത് നടപ്പാക്കാമെന്ന് അറ്റോണി ജനറൽ കെകെ വേണു ഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ നിർദേശം

പ്രതിഷേധങ്ങളുടെ മറവിൽ പൊതു മുതലും സ്വകാര്യ സ്വത്തും നശിപ്പിക്കുന്നതിനെതിരെ നിർദേശങ്ങൾ കൊണ്ടുവരാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സമ്മതിച്ചിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് അറ്റോർജി ജനറലും വ്യക്തമാക്കി. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജിയിലാണ് നിർദേശങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി കൊണ്ടുവരുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സ്ഥാനക്കയറ്റത്തിൽ എസ് സി/ എസ് ടി സംവരണം

2006ലെ എം നാഗരാജ് കേസിലെ വിധി വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരാണ് മറ്റംഗങ്ങൾ.

സെക്ഷൻ 498 എയുടെ ദുരുപയോഗം തടയുന്ന ഹർജി

ഇന്ത്യൻ ഭരണ ഘടന സെക്ഷൻ 498 എയുടെ ദുരുപയോഗം തടയുന്നതിനെതിരായ ഹർജിയാണിത്. 498എ വകുപ്പ് പ്രകാരം ഗാർഹിക പീഡന പരാതികൾ പരിഗണിക്കുന്നത് സൂക്ഷ്മ പരിശോധനകൾക്കു ശേഷമായിരിക്കണമെന്ന് ആദർശ് കുമാർ ഗോയൽ, യുയു ലളിത് എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചിരുന്നു.

ഭിന്നശേഷിക്കാർക്ക് വിവരാവകാശം എളുപ്പമാക്കുക

വിവരാവകാശത്തിന്റെ ഗുണഫലം സമൂഹത്തിലെ വലിയൊരു വിഭാഗത്തിനും ലഭിക്കുന്നില്ലെന്ന പൊതു താത്പര്യ ഹർജിയാണിത്. ദീപക് മിശ്ര, ഡി വൈ ചന്ദ്ര ചൂഢ്, എ എം ഖാൻവിൽകർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഭിന്നശേഷിക്കാർക്ക് വിവരാവകാശ നിയമം എളുപ്പത്തിൽ ഉപയോഗിക്കാനുള്ള മാർഗ നിർദേശം നൽകുമെന്ന് ബെഞ്ച് വ്യക്തമാക്കുന്നു.

എംപിമാരുടെയും എംൽഎമാരുടെയും നിയമ പ്രാക്ടീസ്

എംപിമാരും എംഎൽഎമാരും അഭിഭാഷകരാകുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജി കേന്ദ്ര സർക്കാർ എതിർത്തിട്ടുണ്ട്. എംപിമാരോ എംഎൽഎമാരോ നിയമ പ്രാക്ടീസ് നടത്തുന്നത് തടയുന്നത് ശരിയല്ലെന്നും ന്യായീകരിക്കാനാവുന്നതല്ലെന്നുമാണ് അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാൽ പറയുന്നത്. എംപി/ എംഎൽഎ ജോലി മുഴുവൻ സമയ ജോലിയല്ലെന്നും അദ്ദേഹം. എംപിമാരോ എംഎൽഎമാരോ നിയമ പ്രാക്ടീസ് നടത്തുന്നതിനെ എതിർക്കില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.

പെൺകുട്ടികളുടെ ജനനേന്ദ്രിയ ഛേദം

ദാവൂദി ബോഹ്റ വിഭാഗക്കാർക്കിടയിലെ പെൺകുട്ടികളുടെ ജനനേന്ദ്രിയം ഛേദിക്കുന്ന ‌ആചാരത്തെ എതിർക്കുന്നതാണ് ഹര്‍ജി. കേസിൽ വിചാരണ ഈ ആഴ്ച അവസാനിക്കും.

ഇതിനു പുറമെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലും വിധി പറയാനുണ്ട്.
First published: September 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...