മൈസൂരു: കനത്ത മഴയെത്തുടർന്ന് തലക്കാവേരിയിലെ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുൾപ്പെടെ അഞ്ചുപേരെ കാണാതായി. രണ്ടുവീടുകൾ പൂർണമായും തകർന്നു. ബ്രഹ്മഗിരി മലയിൽ തലക്കാവേരി ക്ഷേത്രത്തിനു സമീപമാണ് ഉരുൾപൊട്ടലുണ്ടാത്. കുന്നിടിഞ്ഞ് കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലിൽ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടി കിടക്കുകയാണ്.
തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളിൽ ഒരാളായ നാരായണ ആചാർ (75), ഭാര്യ ശാന്താ ആചാർ (70), നാരായണ ആചാറുടെ സഹോദരൻ സ്വാമി ആനന്ദ തീർഥ (78), തലക്കാവേരി ക്ഷേത്രത്തിലെ മറ്റ് രണ്ട് ക്ഷേത്ര പൂജാരികളായ രവി കിരൺ (30), പവൻ എന്നിവരെയാണ് കാണാതായത്. ഇതിൽ രവികിരൺ ഒരുമാസം മുൻപാണ് ക്ഷേത്രത്തിൽ പൂജാരിയായി എത്തിയത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ തലക്കാവേരി ക്ഷേത്രത്തിന്റെ താഴ്‌വാരത്തായിരുന്നു അപകടം. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാൽ വ്യാഴാഴ്ചരാവിലെ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്.
പൂർണമായി മണ്ണിനടിയിലായ രണ്ട് വീടുകളിലൊന്നിൽ താമസിച്ചിരുന്ന കുടുംബം ഒരുമാസം മുൻപ് പുതിയ വീട് നിർമിച്ച് ഭാഗമണ്ഡലത്തേക്ക് താമസം മാറിയിരുന്നു. ദുരന്തനിവാരണ സേനയും പൊലീസും നാട്ടുകാരും ചേർന്ന് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെമുതൽ തിരച്ചിൽ തുടങ്ങിയിരുന്നെങ്കിലും കനത്തമഴയിൽ തടസ്സപ്പെട്ടു.
ഇതിനിടെ ത്രിവേണി സംഗമത്തിൽ വെള്ളം ഉയർന്ന് ഭാഗമണ്ഡല ടൗണിലേക്കും എത്തിയതോടെ മണ്ണുമാന്തി യന്ത്രത്തിനും വാഹനങ്ങൾക്കും അപകടസ്ഥലത്തേക്ക് പോകാൻ കഴിയാത്തതിനാൽ തിരച്ചിൽ വൈകുന്നേരത്തോടെ നിർത്തിവെച്ചു. ഇന്നു രാവിലെ വീണ്ടും തിരച്ചിൽ തുടരും. നാരായണ ആചാറിന്റെ വീട്ടിലെ 20 പശുക്കൾ, രണ്ട് വാഹനങ്ങൾ എന്നിവയും മണ്ണിനടിയിൽപ്പെട്ട് കാണാതായി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka, Landslide, Priests in Mysuru