സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (CDS Bipin Rawath)സഞ്ചരിച്ച വ്യോമസേന ഹെലിക്കോപ്റ്റർ അപകടത്തിന്റെ (military helicopter crash) ഞെട്ടൽ മാറാതെ രാജ്യം. ജനറൽ ബിബിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. അപകട സ്ഥലത്തു വ്യോമസേനാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഡാറ്റ റെക്കോർഡർ കണ്ടെത്തി.
അതിനിടെ അപകടം നടക്കുന്നതിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങൾ ന്യൂസ് 18 നു ലഭിച്ചു. ഹെലികോപ്റ്റർ പറന്നു നീങ്ങുന്നത് നോക്കി നിന്ന ദൃക്‌സാക്ഷികൾ, വലിയ ശബ്ദം കേട്ടതോടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടോ എന്ന് ചോദിക്കുന്നതും കേൾക്കാം.
അതേസമയം, ബിപിൻ റാവത്തിന്റെ മൃതദേഹം വെല്ലിംഗ്ടൺ മിലിട്ടറി ആശുപത്രിയിൽ നിന്ന് മദ്രാസ് റെജിമെൻറ് സെന്ററിൽ പൊതു ദർശനത്തിനായി എത്തിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കമുള്ളവർ മദ്രാസ് റെജിമെൻറ് ആസ്ഥാനത്ത് എത്തി അന്തിമോപചാരം അർപ്പിക്കും. വ്യോമ സേന മേധാവി വി ആർ ചൗധരി അടക്കം ഉന്നത ഉദ്യോഗസ്ഥ സംഘം അപകടസ്ഥലം സന്ദർശിച്ചു. അപകടത്തെ കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തും.
നാളെയാണ് സംസ്കാരം നടക്കുക. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും അപകടത്തില്‍ മരണപ്പെട്ട മറ്റ് 11 സൈനികരുടെയും മൃതദേഹം ഡല്‍ഹിയില്‍ എത്തിക്കും.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തിൽ മരിച്ചു.
ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അദ്ദേഹം വെല്ലിങ്ടണിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്.
സുലൂരിലെ സൈനിക താവളത്തിൽ നിന്ന് മി-സീരീസ് ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകർന്നു വീണത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Army Chief Bipin Rawat, Army chopper crash, Bipin rawat