ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി മറികടക്കാൻ ഉടൻ നിയമനിർമാണം നടത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ലോക്സഭയിൽ ശശി തരൂർ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകവേ കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. ഉടൻ നിയമനിർമാണത്തിനില്ലെന്ന മറുപടി രേഖാമൂലം നൽകുകയാണ് മന്ത്രി രവിശങ്കർ പ്രസാദ് ചെയ്തത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി മറികടക്കാൻ എന്തെങ്കിലും നിയനിർമാണം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നായിരുന്നു ശശി തരൂരിന്‍റെ ചോദ്യം. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഉടൻ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
ശബരിമല വിഷയത്തിൽ ആചാരസംരക്ഷണത്തിനായി എൻ.കെ പ്രേമചന്ദ്രൻ എം.പി ജൂൺ 22ന് ലോക്സഭയിൽ ഒരു സ്വകാര്യബിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ നറുക്കെടുപ്പിൽ പരാജയപ്പെട്ടതോടെ ഇത് പരിഗണിച്ചിരുന്നില്ല.
വർഷങ്ങൾ നീണ്ട വാദത്തിനൊടുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുറത്തുവന്നത്. ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശന അനുമതി നൽകുന്നതായിരുന്നു കോടതി വിധി. ഇതിനെതിരെ നൽകിയ റിവ്യൂഹർജികൾ ഫെബ്രുവരി ആറിന് കോടതി പരിശോധിച്ചെങ്കിലും അത് പരിഗണിക്കണമോ തള്ളണമോയെന്ന കാര്യത്തിൽ തീരുമാനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Law minister ravi sankar prasad, Law to overturn sabarimala verdict, Sabarimala Verdict, Sasi tharoor, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ലോക്സഭ, ശബരിമല വിധി, ശശി തരൂർ, സുപ്രീം കോടതി വിധി