#സുജിത് നാഥ്കൊൽക്കത്ത: എക്സിറ്റ് പോളുകൾ വിശ്വസിക്കാമെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ മോശം പ്രകടനമാണ് ഇടതുപക്ഷത്തിന് ഇത്തവണ ബംഗാളിൽ ഉണ്ടാകുക. ബംഗാളിൽ നിന്ന് ഏകദേശം ഉൻമൂലനം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് ഇടതുപക്ഷം എത്തുമെന്നാണ് എക്സിറ്റ് പോൾ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രമായിരുന്ന ബംഗാളിൽ അത്രമേൽ ക്രൂരമായ വിധിയാണ് ഇത്തവണ പാർട്ടിയെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ നേതൃത്വം ഇല്ലാത്തതും കാലഹരണപ്പെട്ട വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമാണ് പാർട്ടിയെ ഇത്രമേൽ ക്ഷയിപ്പിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
1977 മുതൽ 2011 വരെ തുടർച്ചയായ 34 വർഷങ്ങൾ പശ്ചിമ ബംഗാൾ ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നിൽപിനായുള്ള പോരാട്ടത്തിലാണ്. തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോൾ പ്രധാന പ്രതിപക്ഷം. സി പി ഐ (എം) ലെ കൂടുതൽ നേതാക്കളും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ തൃണമൂലിലോ ബി ജെ പിയിലോ ചേരുകയും ചെയ്തു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിൽ ആകെ രണ്ടു സീറ്റുകളിൽ മാത്രമായിരുന്നു സി പി എം വിജയിച്ചത്. റായ് ഗുഞ്ചിൽ നിന്ന് മൊഹമ്മദ് സലിമും മുർഷിദാബാദിൽ നിന്ന് ബദറുദ്ദോസ ഖാനുമായിരുന്നു വിജയിച്ചത്. ഇത്തവണ, തെരഞ്ഞെടുപ്പിനു മുമ്പ് സി പി എം കോൺഗ്രസുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് പാർട്ടികളും സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
2014ൽ രാജ്യത്ത് ആകെ പത്തു സീറ്റുകളിൽ ആയിരുന്നു സി പി എം വിജയിച്ചത്. കേരളത്തിൽ നിന്ന് ആറു സീറ്റുകളിലും ബംഗാളിൽ നിന്നും തൃപുരയിൽ നിന്നും രണ്ടുവീതം സീറ്റുകളിലായിരുന്നു സി പി എം വിജയിച്ചത്. തൃപുരയിലും പാർട്ടി വൻ പ്രതിസന്ധിയാണ് നേരിടുന്നത്. മണിക് സർക്കാരിന്‍റെ 25 വർഷത്തെ തുടർച്ചയായ ഭരണത്തിന് ആയിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാനമായത്. 59 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ആകെ 16 മണ്ഡലങ്ങളിൽ മാത്രമായിരുന്നു പാർട്ടിക്ക് ജയിക്കാൻ കഴിഞ്ഞത്.
2009ൽ സി പി ഐ (എം), ആർ എസ് പി, സി പി ഐ, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ ആകെ വോട്ട് ഷെയർ 7.1 ശതമാനം ആയിരുന്നു. എന്നാൽ, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 4.4 ശതമാനം ആയി ചുരുങ്ങി. അതേസമയം, പാർട്ടി ഇപ്പോഴും പിന്തുടരുന്ന പഴഞ്ചൻ ആശയങ്ങളാണ് നേതാക്കളെ പാർട്ടിയിൽ നിന്ന് മാറാൻ പ്രേരിപ്പിക്കുന്നതെന്ന് സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ഹന്നൻ മൊല്ല ന്യൂസ് 18നോട് പറഞ്ഞു.
"പഴഞ്ചൻ ആശയങ്ങൾ പിന്തുടരുന്നതിനാലാണ് പ്രവർത്തകർ പാർട്ടി വിട്ടുപോകുന്നത്. അടുത്ത തലമുറയ്ക്ക് വേണ്ടി ആശയങ്ങളും കാഴ്ചപ്പാടുകളും നവീകരിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. തെറ്റായ നയങ്ങളും ശക്തമായ നേതൃത്വം ഇല്ലാത്തതും അടിത്തട്ടിൽ പാർട്ടിയെ അശക്തമാക്കി". കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പാർട്ടിയെ മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെന്നും മൊല്ല വ്യക്തമാക്കി.
"ഒരു കാലത്ത് പാർട്ടിയുടെ ചെങ്കൊടി പിടിച്ച് നടന്നവർ ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്‍റെയും ബി ജെ പിയുടെയും പതാകവാഹകരാണ്. ഇടതുപക്ഷത്തിൽ ഭാവിയില്ലെന്ന് മനസിലായതിനെ തുടർന്നാണ് അവർ അങ്ങനെ ചെയ്തത്. ഇത് പാർട്ടിയെ ദുർബലമാക്കിയിരിക്കുകയാണ്. ഏതു രാഷ്ട്രീയ പാർട്ടിയാണെങ്കിലും ബൂത്തു തലത്തിൽ തന്നെ ശക്തമായ സംഘാടനം ആവശ്യമുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണ ജനങ്ങൾ ഹിന്ദുത്വ പാർട്ടിക്കൊപ്പമോ മമത ബാനർജിക്കൊപ്പമോ നിൽക്കും." - ഹന്നൻ മൊല്ല പറയുന്നു.
പശ്ചിമബംഗാളിൽ 2.65 ലക്ഷം ആളുകൾ സി പി എമ്മിൽ അംഗങ്ങളായി ഉണ്ടായിരുന്നു. എന്നാൽ, പരിശീലന പരിപാടികളും മറ്റും പാർട്ടി സംഘടിപ്പിക്കാതെ വന്നതോടെ 2017ൽ നിരവധി അംഗങ്ങൾ പാർട്ടിയിൽ ഇല്ലാതായി. സജീവമല്ലാത്ത 15 മുതൽ 20 ശതമാനം വരെ പ്രവർത്തകരുടെ അംഗത്വം പാർട്ടി റദ്ദു ചെയ്തു. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുകയും ചെയ്തു. 25 ശതമാനത്തോളം ബൂത്തുകളിൽ പാർട്ടിക്ക് പോളിംഗ് ഏജന്‍റുകളെ നൽകാൻ കഴിഞ്ഞില്ല.
നിലവിലെ, ഇടതുപക്ഷത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി ശക്തമായ നേതൃത്വം ഇല്ലെന്നുള്ളതാണ്. ജ്യോതി ബസു, ബുദ്ദദേബ് ഭട്ടാചാര്യ, സോമനാഥ് ചാറ്റർജി, ബിമൻ ബോസ്, ഹർകിഷൻ സിംഗ് സുർജിത്ത്, ഇ എം എസ് നമ്പൂതിരിപ്പാട് എന്നിവരെ പോലെയുള്ള ശക്തരായ നേതാക്കൾ പാർട്ടിക്ക് ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ്. അതേസമയം, സി പി എമ്മിനെ ബംഗാളിൽ നിന്ന് ഉൻമൂലനം ചെയ്യാൻ ആർക്കും കഴിയില്ലെന്ന് മുതിർന്ന നേതാവായ സുജൻ ചക്രബർത്തി പറഞ്ഞു. കഴിഞ്ഞ 10 വർഷം തങ്ങൾ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ആളുകൾക്ക് അവർക്ക് പറ്റിയ തെറ്റ് മനസിലാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സുജൻ ചക്രബർത്തി പറഞ്ഞു.
എക്സിറ്റ് പോളുകളിൽ വിശ്വസിക്കുന്നില്ലെന്നും ബംഗാളിൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന് കാൾ മാർക്സ് പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. അത് തെറ്റാണെന്ന് അവർ തെളിയിച്ചോ ഇല്ലയോയെന്ന് തനിക്കറിയില്ല. എന്നാൽ, മതത്തിന്‍റെ പേരിൽ ധ്രുവീകരണം നടത്തി വോട്ട് സമ്പാദിക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. ഇത് മുമ്പുണ്ടായിരുന്നതല്ല, ഇത് നമ്മൾ പരിഗണിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.