കൊൽക്കത്ത: പശ്ചിമബംഗാളിൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് വോട്ട് ചെയ്തവരിൽ വലിയൊരുവിഭാഗം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് തുറന്ന് സമ്മതിച്ച് സിപിഎം. പശ്ചിമ ബംഗാളിൽ ഇടത് അനുഭാവികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൊൽക്കത്തയിൽ പറഞ്ഞു. 1977 മുതൽ 2011 വരെ ഇടതുമുന്നണി സർക്കാർ അധികാരത്തിലിരുന്ന പശ്ചിമബംഗാളിൽ ഇടതുവോട്ടുകൾ ബിജെപിക്ക് പോയെന്ന് സിപിഎം സമ്മതിക്കുന്നത് ഇതാദ്യമാണ്. ബംഗാളിൽ ഇത്തവണ എക്കാലത്തെയും വലിയ വിജയമാണ് ബിജെപി നേടിയത്. 18 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ ജയിച്ചിരുന്നു.
'തൃണമൂൽ കോൺഗ്രസിന്റെ ഭീകരതയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും ആശ്വാസം ആഗ്രഹിച്ചവരുടെ സ്വാഭാവിക പ്രവണത ആയിരുന്നു ഇത്. മതേതര അടിത്തറ സംരക്ഷിക്കാൻ ആഗ്രഹിച്ചവർ തൃണമൂലിന് വോട്ട് ചെയ്തു. ഇത് തൃണമൂലും ബിജെപിയും ഉണ്ടാക്കിയ ധ്രുവീകരണത്തിന്റെ ഫലമാണ്. ഇതിന്റെ ഫലമായി മറ്റു പാർട്ടികളുടെ ഇടം തൃണമൂലും ബിജെപിയും കവർന്നെടുക്കുകയായിരുന്നു' - ഇടത് വോട്ടുകൾ ബിജെപിയിലേക്ക് പോയത് സമ്മതിച്ചുകൊണ്ട് യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇടത് അനുഭാവികളുടെ വോട്ട് നഷ്ടമായെങ്കിലും സിപിഎം പാർട്ടി അംഗങ്ങളുടെ വോട്ട് ബിജെപിക്ക് പോയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. 'സിപിഎം അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല. ഇടതു അനുഭാവികളുടെ വോട്ട് മാത്രമാണ് ബിജെപിയിലേക്ക് പോയത്' - യെച്ചൂരി പറഞ്ഞു. 'തെരഞ്ഞെടുപ്പിനെ ഞാൻ നാലു തവണ ബംഗാളിലെത്തിയിരുന്നു. ഇത്തവണ വോട്ട് രാമന്, ഇടതു പാർട്ടികൾക്ക് പിന്നീട്, എന്ന മുദ്രാവാക്യം പോലും തെരഞ്ഞെടുപ്പിനിടെ കേട്ടിരുന്നു. ആരാണ് ഈ മുദ്രാവാക്യത്തിന് രൂപം നൽകിയതെന്ന് അറിയില്ല. എന്നാൽ ഇത്തരത്തിലുള്ള ഒരു വികാരം അവിടെ ഉണ്ടായിരുന്നു' - യെച്ചൂരി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിലെത്തിയതായിരുന്നു യെച്ചൂരി. കേന്ദ്ര കമ്മിറ്റി യോഗം ജൂണ്‍ ഏഴിന് ചേരും.
ബംഗാളിൽ ഇത്തവണ 40 ഇടത് സ്ഥാനാർഥികളിൽ 39 പേർക്കും കെട്ടിവച്ച് കാശ് നഷ്ടമായിരുന്നു. 7.46 ശതമാനമായിരുന്നു ഇടതുസ്ഥാനാർഥികളുടെ വോട്ട് വിഹിതം. തെരഞ്ഞെടുപ്പിലെ എക്കാലത്തെയും മോശം പ്രകടനമായിരുന്നു ഇടതുപാർട്ടികളുടേത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ 29.95 ശതമാനത്തിൽ വലിയൊരു ശതമാനം ഇടതുപാർട്ടികൾക്ക് നഷ്ടമായപ്പോൾ ബിജെപി ഇത്തവണ 40.25 ശതമാനം വോട്ടുകൾ നേടി. തൃണമൂൽ കോൺഗ്രസ് 43.28 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് 5.61 ശതമാനം വോട്ടുകളാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.