ഭോപ്പാൽ: ലഹരി മുക്ത പ്രചാരണത്തിനൊരുങ്ങി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഉമാ ഭാരതി. ലോക വനിതാ ദിനമായ മാർച്ച് എട്ടിന് ക്യാംപെയ്ന് തുടക്കം കുറിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മദ്യത്തിനെതിരായ പ്രചാരണ പരിപാടിയിൽ നിന്നും പിന്നോട്ട് പോകില്ല. മദ്യാസക്തിയില്‍ മദ്യപാനികൾ മരിക്കുമെന്ന അവസ്ഥ വന്നാൽ പോലും അത് നിരോധിച്ചേ പറ്റു എന്നാണ് ഗ്വാളിയാറിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഉമാഭാരതി പറഞ്ഞത്.
'ഇതൊരു പ്രചാരണ പരിപാടിയായിരിക്കുമെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. പ്രക്ഷോഭപരിപാടിയായി രൂപപ്പെടുത്തുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മാർച്ച് എട്ടിന് ഒരു ചെറിയ സമ്മേളനമായി തുടങ്ങും അവിടെ വച്ച് തുടർനടപടികൾ വ്യക്തമാക്കും' ബിജെപി നേതാവ് അറിയിച്ചു. ബിജെപി സർക്കാർ മധ്യപ്രദേശിനെ 'മദ്യത്തിന്റെ ഭൂമി' ആക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമാഭാരതിയുടെ പ്രഖ്യാപനം.
'ആളുകൾ മരിച്ച് വീണാലും മദ്യ നിരോധനം തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ ഞാനത് നടപ്പിലാക്കിയിരിക്കും.കാരണം ഞാനത് അത്രയേറെ വെറുക്കുന്നു. മദ്യം കൊണ്ടുള്ള വരുമാനം പോയി തുലയട്ടെ എന്നാലും മദ്യം നിരോധിച്ചിരിക്കും' എന്നായിരുന്നു വാക്കുകൾ. കോവിഡ് കാലത്ത് മദ്യശാലകൾ അടച്ചിരുന്നു. മദ്യം ലഭിക്കാതെ ഇവിടെ ഒരാൾ പോലും മരിച്ചില്ല എന്നാലിപ്പോൾ മദ്യവിൽപ്പന വീണ്ടും തുടങ്ങിയപ്പോൾ ആളുകൾ മരിക്കാൻ തുടങ്ങി. ഝാൻസി മുൻ എംപി കൂടിയായ ഉമാ ഭാരതി വ്യക്തമാക്കി. പുതിയ പ്രചാരണ പരിപാടിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അതുമായി മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.
മദ്യം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ചും ഉമാഭാരതി പരാമർശിച്ചിരുന്നു. മദ്യപാനികളായ പുരുഷന്മാർ ശാരീരിക ഉപദ്രവം അടക്കമുള്ള അതിക്രമങ്ങൾ നടത്തുമ്പോൾ അതിന് ഇരയാകേണ്ടി വരുന്നത് സ്ത്രീകളാണ്. പാവപ്പെട്ട ആളുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി ഉത്പ്പാദിക്കപ്പെടുന്ന മദ്യമാണ് ഇത് സംസ്ഥാന സർക്കാരിന് വരുമാനം ഒന്നും നല്‍കുന്നില്ലെന്ന കാര്യവും ഇവർ പ്രത്യേകമായി എടുത്തു പറഞ്ഞിരുന്നു.
സാമൂഹിക അവബോധ പ്രചാരണ പരിപാടിയെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ ഉണ്ടെങ്കിൽ മദ്യ വിൽപ്പന ഇനിയും തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാൽ നിലപാടിൽ ഉറച്ചു നിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമാ ഭാരതി, മദ്യനിരോധനത്തെക്കാൾ മികച്ചൊരു മാർഗ്ഗമാണ് സമ്പൂർണ്ണ ലഹരി മുക്തി എന്നാണ് അറിയിച്ചത്. അവബോധ ക്യാംപെയ്നുകളെക്കാളും ഇത് നല്ലതാകുമെന്നും ഇവർ കൂട്ടിച്ചേർത്തു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മദ്യവിൽപ്പനശാലകൾ തുറക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയ ഉമാ ഭാരതി, വ്യാജമദ്യം ഒരു വിഷയമായി നിലനിൽക്കുന്നതിനാൽ എക്സൈസ് നിയമങ്ങൾ കർശനമായി തന്നെ പാലിക്കണമെന്നും ചൂണ്ടിക്കാട്ടി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.