• HOME
  • »
  • NEWS
  • »
  • india
  • »
  • ചവ്‍ല ബലാത്സംഗക്കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതികളെ വെറുതെ വിട്ട സുപ്രീംകോടതി വിധിയിൽ റിവ്യൂ പെറ്റീഷൻ അനുവദിച്ചു

ചവ്‍ല ബലാത്സംഗക്കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതികളെ വെറുതെ വിട്ട സുപ്രീംകോടതി വിധിയിൽ റിവ്യൂ പെറ്റീഷൻ അനുവദിച്ചു

ബലാത്സംഗ-കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേരെ അടുത്തിടെ സുപ്രീം കോടതി വെറുതെവിട്ടിരുന്നു

  • Share this:
2012ലെ ചവ്‍ല ബലാത്സംഗ-കൊലപാതകക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അംഗീകരിച്ചു.

സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ എസ്ജി ഐശ്വര്യ ഭാട്ടി എന്നിവരെ സുപ്രീം കോടതിയിൽ പ്രതിനിധീകരിക്കാൻ എൽ-ജി സക്‌സേന അംഗീകാരം നൽകി.

2012 ഫെബ്രുവരിയിൽ 19 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് കേസ്. ബലാത്സംഗ-കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേരെ അടുത്തിടെ സുപ്രീം കോടതി വെറുതെവിട്ടിരുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി‌ എന്ന കേസിലായിരുന്നു വിധി. രവികുമാർ, രാഹുൽ, വിനോദ് എന്നീ മൂന്നു പേരെയാണ് വെറുതേ വിട്ടത്.

പ്രതികളെ വെറുതേ വിടാനായി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ താഴെ പറയുന്നവയാണ്.

1. സംശയത്തിനപ്പുറം പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല: കോടതിക്കു മുന്നിൽ സമർപ്പിച്ച സാഹചര്യചര്യത്തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണാണെന്ന് കരുതാൻ പ്രയാസമാണ്.

2. സാഹചര്യ തെളിവുകളുടെ അഭാവം: ഈ മൂന്നു പേർ തന്നെയാണ് കുറ്റം ചെയ്തതെന്ന് വിധിക്കാൻ പറ്റിയ സാഹചര്യത്തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. ‌സാഹചര്യത്തെളിവുകൾ പൂർണവും, മറ്റാരുമല്ല ഇത് ചെയ്തത് എന്നു അനുമാനിക്കാൻ തോന്നാത്ത വിധം കൃത്യവുമായിരിക്കണം.

3. വ്യക്തവും കൃത്യവുമായ തെളിവുകളുടെ അഭാവം: പ്രതികളുടെ അറസ്റ്റ്, അവരുടെ തിരിച്ചറിയൽ, ഇൻഡിക്ക കാർ തിരിച്ചറിഞ്ഞത്, വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ തെളിവുകൾ, ഡിഎൻഎ റിപ്പോർട്ട്, സിഡിആറുകളെ സംബന്ധിച്ച തെളിവുകൾ തുടങ്ങിയവയിൽ നിന്നൊന്നും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല.

4. ധാർമിക ബോധ്യത്തിന്റെയോ സംശയത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം ശിക്ഷ വിധിക്കാനാകില്ല: പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ന്യായമായും സംശയാതീതമായും തെളിയിക്കപ്പെടണം. അതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അതിനാൽ കോടതിക്ക് അവരെ വെറുതേ വിടുകയല്ലാതെ മറ്റു മാർ​ഗമില്ല. ഹീനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുകയോ കുറ്റവിമുക്തരാക്കപ്പെടുകയോ ചെയ്താൽ, സമൂഹത്തിന്, പ്രത്യേകിച്ച് ഇരയുടെ കുടുംബത്തിന് വേദനയും നിരാശയുമൊക്കെ ഉണ്ടാകാം.
പക്ഷേ, ധാർമിക ബോധ്യത്തിന്റെ അടിസ്ഥാനത്തിലോ സംശയത്തിന്റെ അടിസ്ഥാനത്തിലോ അവരെ ശിക്ഷിക്കാൻ നിയമം അനുവദിക്കുന്നില്ല. കുറ്റാരോപണത്തെയോ ഈ വിളിച്ചു വരുത്തുന്ന വിമർശനങ്ങളെയോ അടിസ്ഥാനത്തിൽ ഒരു ശിക്ഷാവിധിയും തീരുമാനിക്കാൻ പാടില്ല.

5. വിചാരണയ്ക്കിടയിലുള്ള വീഴ്ചകൾ: ഏതെങ്കിലും തരത്തിലുള്ള ബാഹ്യസമ്മർദങ്ങളാലോ ധാർമികപരമായ സമ്മർദ്ദങ്ങളാലോ സ്വാധീനിക്കപ്പെടാതെ, നിയമങ്ങൾക്കനുസൃതമായി എല്ലാ കേസുകളിലെയും വിധി തീരുമാനിക്കേണ്ടതാണ്. വിചാരണ വേളയിൽ സംഭവിച്ച പല വീഴ്ചകളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

6. പ്രധാന സാക്ഷികളെ വിസ്തരിച്ചിട്ടില്ല: പ്രോസിക്യൂഷൻ വിസ്തരിച്ച 49 സാക്ഷികളിൽ പത്തു പ്രധാന സാക്ഷികളെ ക്രോസ് വിസ്താരം നടത്തിയിട്ടില്ലെന്നും മറ്റ് പ്രധാന സാക്ഷികളെ പ്രതിഭാഗം അഭിഭാഷകൻ വേണ്ടതു പോലെ വിസ്തരിച്ചില്ല എന്ന കാര്യവും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സത്യം വെളിപ്പെടുത്തുന്നതിനായി, വിചാരണ കോടതികൾക്ക് സാക്ഷികളോട് ഏത് ഘട്ടത്തിലും ഏത് ചോദ്യവും ഉന്നയിക്കാൻ ഇന്ത്യൻ എവിഡൻസ് ആക്ടിന്റെ 165-ാം വകുപ്പ് അധികാരം നൽകുന്നുണ്ട്.

7. ട്രയൽ ജഡ്ജി നിഷ്ക്രിയനായ ഒരു അമ്പയറിനെപ്പോലെ ആകാൻ പാടില്ല: ജഡ്ജി ഒരു നിഷ്ക്രിയനായ അമ്പയറിനെപ്പോലെ ആയിരിക്കാൻ പാടില്ല. അദ്ദേഹം കൃത്യമായി വിചാരണ ചെയ്യുകയും ശരിയായ നിഗമനത്തിലെത്താൻ സാക്ഷികളെ ചോദ്യം ചെയ്യുകയും വേണം. ഈ കേസിൽ, പ്രോസിക്യൂഷൻ സാക്ഷികളുടെ ക്രോസ് വിസ്താരം നടന്നിട്ടില്ല. കുറ്റം ചുമത്തപ്പെട്ടവർക്ക് നടത്താനുള്ള അവരുടെ ഭാ​ഗം വ്യക്തമാക്കാനുള്ള അവകാശം നഷ്ടപ്പെട്ടതായും മനസിലാക്കുന്നു. വിചാരണ കോടതിക്ക് സത്യം പുറത്തുകൊണ്ടുവരാൻ കഴിഞ്ഞില്ല. അതിനും പുറമേ, ഇന്ത്യൻ എവിഡൻസ് ആക്ടിന്റെ 165-ാം വകുപ്പ് പ്രകാരമുള്ള കോടതിയുടെ അധികാരം വിനിയോഗിക്കുകയും ചെയ്തില്ല.

8. കുറ്റവാളികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുന്നു: മേൽപ്പറഞ്ഞ കാരണങ്ങളാൽ, വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച ശിക്ഷാവിധികളെല്ലാം റദ്ദാക്കുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകി അവരെ കുറ്റവിമുക്തരാക്കുകയും വെറുതേ വിടുകയും ചെയ്യുന്നു. അവരെ ഉടൻ ജയിൽ മോചിതരാക്കാൻ നിർദേശിക്കുകയും ചെയ്യുന്നു.

വിധിക്കെതിരെ വ്യാപക വിമർശനങ്ങൾ

സുപ്രീംകോടതി വിധി ഇതിനോടകം വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരം പ്രതികൾക്ക് കൂടുതൽ ധൈര്യം കൊടുക്കുന്ന നടപടിയാണെന്ന് സ്ത്രീപക്ഷ പ്രവർത്തകർ പറയുന്നു. കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകനോടും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവുമായും ഇതേക്കുറിച്ച് താൻ സംസാരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഇരയ്ക്ക് നീതി ഉറപ്പാക്കാൻ തന്റെ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"വിധി കേട്ട് ഞാൻ മാനസികമായി തളർന്നിരിക്കുകയാണ്. സുപ്രീം കോടതി വധശിക്ഷ ശരിവയ്ക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. കൂടിപ്പോയാൽ, വധശിക്ഷ ജീവപര്യന്തമാക്കി മാറ്റിയേക്കുമെന്നാണ് കരുതിയിരുന്നത്. അതിനായി ഞങ്ങൾ മാനസികമായി തയ്യാറായിരുന്നു," ആക്ടിവിസ്റ്റ് യോഗിത ഭയാന പറഞ്ഞു. ഇരയുടെ മാതാപിതാക്കൾക്കൊപ്പം സുപ്രീം കോടതിക്കു പുറത്ത് വിധി കാത്തു നിന്നവരിൽ
യോ​ഗിതയും ഉണ്ടായിരുന്നു. "പ്രതികൾ കുറ്റവിമുക്തനാണെന്ന് ആദ്യം കേട്ടപ്പോൾ എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഈ വിധിക്ക് ഒരു ന്യായീകരണവുമില്ല. ഞങ്ങൾ അപ്പീലിന് പോകും," യോഗിത കൂട്ടിച്ചേർത്തു. ഇരയുടെ മാതാപിതാക്കൾ ഈ വിധി കേട്ട് തകർന്നിരിക്കുകയാണെന്നും ​യോ​ഗിത ഭയാന പറഞ്ഞു.

ബലാത്സംഗം കേസുകളിലെ പ്രതികളെ വെറുത വിടുമ്പോൾ സ്ത്രീകൾ എങ്ങനെ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുമെന്ന് സാമൂഹിക പ്രവർത്തകയും സെന്റർ ഫോർ സോഷ്യൽ റിസർച്ച് ഡയറക്ടറുമായ രഞ്ജന കുമാരി ചോദിച്ചു.

കേസിൽ മുൻപു നടന്നത്

2014-ൽ, വിചാരണ കോടതി മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു. ഈ കേസിനെ അപൂർവങ്ങളിൽ അപൂർവം എന്നാണ് കോടതി വിശേഷിപ്പിച്ചത്. ഈ വിധി പിന്നീട് ഡൽഹി ഹൈക്കോടതി ശരിവെച്ചു.

ഗുഡ്ഗാവിലെ സൈബർ സിറ്റി ഏരിയയിൽ ജോലി ചെയ്യുകയായിരുന്നു ഇരയായ യുവതി. ഉത്തരാഖണ്ഡ് സ്വദേശിയായ യുവതിയെ ജോലിസ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടെ വീടിനു സമീപം വെച്ച് മൂന്ന് പേർ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പ്രോസിക്യൂഷൻ പറയുന്നു. യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. പിന്നീട് ഹരിയാനയിലെ റെവാരിയിലെ ഒരു ഗ്രാമത്തിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതായും പ്രോസിക്യൂഷൻ പറഞ്ഞു.

യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ പോലീസ് കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന ഉപകരണങ്ങൾ, ഗ്ലാസ് ബോട്ടിലുകൾ, ലോഹ വസ്തുക്കൾ, മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് യുവതിയെ ആക്രമിച്ചതായി തുടർന്നുള്ള അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. രവികുമാർ, രാഹുൽ, വിനോദ് എന്നിവരാണ് അറസ്റ്റിലായത്.
Published by:user_57
First published: