ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവിയായി (Army chief )ലഫ്. ജനറല്‍ മനോജ് പാണ്ഡെയെ (Lieutenant General Manoj Pande) നിയമിച്ചു. നിലവില്‍ സേനയുടെ ഉപമേധാവിയാണ് അദ്ദേഹം.
ജനറല്‍ എംഎം നരവനെയുടെ പിന്‍ഗാമിയായാണ് ലഫ്. ജനറല്‍ മനോജ് പാണ്ഡെയുടെ നിയമനം. ഈ മാസം 30ന് അദ്ദേഹം കരസേന മേധാവിയായി ചുമതലയേല്‍ക്കും.
സേനയുടെ 29ാം മേധാവിയാണ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ. എന്‍ജിനീയേഴ്സ് കോറില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസര്‍ കൂടിയാണ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ
Series on Paramilitary | നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 2: ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ITBP
ഏകദേശം 90000 ജവാൻമാരും ഉദ്യോഗസ്ഥരുമുള്ള ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൻെറ (ITBP) പ്രാഥമിക ചുമതല ഹിമാലയൻ അതിർത്തി സംരക്ഷിക്കുകയെന്നതാണ്. നക്സൽ ബാധിത പ്രദേശങ്ങളിലും ഈ സേനയെ വിന്യസിക്കാറുണ്ട്. മേഖലകളിലെ ക്രമസമാധാനവും ഇവരുടെ പ്രധാന ചുമതലയാണ്. അതീവ അപകടകരമായ സാഹചര്യത്തിൽ ജീവിക്കാൻ വൈദഗ്ദ്യം ലഭിച്ചിട്ടുള്ള സംഘമാണ് സേനയിലുള്ളത്. 3,000 മുതൽ 18,800 അടി വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവരുടെ സേവനം ലഭിക്കുന്നത്. ഹിമാലയത്തിലെ അപകടകരവും വാസയോഗ്യമല്ലാത്തതുമായ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് അതിജീവിക്കുന്നു. ചില സമയങ്ങളിൽ ഇവിടുത്തെ താപനില -45 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. ചൈനയുടെ (China) ആക്രമണത്തെ ചെറുക്കുന്നത് മുതൽ ചമോലിയിലെ തുരങ്കത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നത് വരെ ഐടിബിപിക്ക് ചെയ്യാൻ കഴിഞ്ഞിട്ടുള്ള കാര്യങ്ങളാണ്.
'ശൗര്യ-ദൃഢത-കർമ്മനിഷ്ഠ' അഥവാ ധീരത, നിശ്ചയദാർഢ്യം, ചെയ്യുന്ന പ്രവൃത്തിയോടുള്ള ആത്മസമർപ്പണം എന്നതാണ് ഈ അർധസൈനിക വിഭാഗത്തിൻെറ ആപ്തവാക്യം. രാജ്യത്തിൻെറ അഖണ്ഡതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ഹിമാലയത്തിൻെറ കാവൽക്കാരായി ഇവർ പ്രവർത്തിക്കുന്നു. 1962ലെ ചൈനയുടെ അധിനിവേശത്തിന് ശേഷം 'ഒരു അതിർത്തി, ഒരു സൈന്യം' എന്ന നയം ഉയർത്തിപ്പിടിച്ചാണ് ഈ അർധസൈനിക വിഭാഗത്തിന് രൂപം കൊടുക്കുന്നത്. 1962 ഒക്ടോബർ 24നാണ് നാല് ബറ്റാലിയനുമായി പ്രവർത്തനം ആരംഭിച്ചത്.
ഗറില്ലാ യുദ്ധമുറകൾ പരിശീലിച്ച സൈന്യം പ്രദേശവാസികളുമായി ഇടപെട്ട് ഇൻറലിജൻസ് പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ശത്രുക്കളുടെ അധിനിവേശം നേരത്തെ അറിഞ്ഞ് അവരെ തുരത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുക. ആവശ്യമെങ്കിൽ ഗറില്ലാ മുറയിലൂടെ എതിരാളികളെ തുരത്തുക. ജനങ്ങളുമായി നേരിട്ട് ഇടപെട്ട് പ്രവർത്തുക്കുക എന്നിവയെല്ലാം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൻെറ ഉത്തരവാദിത്വങ്ങളാണ്.
തുടക്കത്തിൽ, നാല് ബറ്റാലിയനുകളായി വിവിധ യൂണിറ്റുകളിൽ 1,472 പേർ മാത്രമാണ് സേനയിൽ ഉണ്ടായിരുന്നത്. പിന്നീട് സർക്കാർ ഇത് വിപുലീകരിക്കാൻ തീരുമാനിച്ചു. ഭൂപ്രദേശത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വ്യക്തമായ ധാരണയുള്ള മലയോര മേഖലയിൽ നിന്നുള്ള പ്രദേശവാസികളെ സേനയിൽ ഉൾപ്പെടുത്താനും ആരംഭിച്ചു. ഇവർക്ക് പ്രത്യേക പരിശീലനവും നൽകുകയുണ്ടായി. 1965ലെയും 1971ലെയും ഇന്ത്യ-പാക്ക് സംഘർഷങ്ങളിൽ അർധസൈനിക വിഭാഗത്തിൻെറ സേവനം പ്രധാനപ്പെട്ടതായിരുന്നു.
പിന്നീട് ഇന്ത്യയുടെ അതിർത്തിയുമായി ബന്ധപ്പെട്ടിട്ടുള്ള സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായതോടെ ഐടിബിപിയുടെ യഥാർത്ഥ റോളിനും ചില കൂട്ടിച്ചേർക്കലുകളുണ്ടായി. ഒമ്പത് സർവീസ് ബറ്റാലിയനുകളും നാല് സ്പെഷ്യലിസ്റ്റ് ബറ്റാലിയനുകളും രണ്ട് പരിശീലന കേന്ദ്രങ്ങളുമായി സേനയെ 1978ൽ സർക്കാർ പുനഃക്രമീകരിച്ചു. 'ഒരു അതിർത്തി, ഒരു സേന' എന്ന തത്വത്തിൽ ഉറച്ച് നിൽക്കണമെന്ന ഒരു വിഭാഗം മന്ത്രിമാരുടെ ശുപാർശയെ തുടർന്ന് ജമ്മു കശ്മീരിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ജാചെപ് ലാ വരെയുള്ള ഇന്ത്യ-ചൈന അതിർത്തിയുടെ 3,488 കിലോമീറ്റർ മുഴുവൻ ഭാഗവും ഇന്ന് ഐ.ടി.ബി.പിയുടെ ചുമതലയിലാണ്. 56 ബറ്റാലിയനും 176 ബോർഡർ ഔട്ട് പോസ്റ്റുകളും ഇന്ന് ഈ അർധസൈനിക വിഭാഗത്തിനുണ്ട്.
പ്രവർത്തനരീതിയും ശക്തിയും
നിലവിൽ ഐടിബിപിക്ക് കീഴിൽ 56 സർവീസ് ബറ്റാലിയനുകൾ, നാല് സ്പെഷ്യലിസ്റ്റ് ബറ്റാലിയനുകൾ, 17 പരിശീലന കേന്ദ്രങ്ങൾ, 15 സെക്ടർ ആസ്ഥാനങ്ങൾ, ഏഴ് ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നു. ഇതിൻെറ ഭാഗമായി മൊത്തം 90,000 ജവാൻമാരും ഉദ്യോഗസ്ഥരുമുണ്ട്. ഡയറക്ടർ ജനറൽ റാങ്കിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് സേനയുടെ തലവൻ. ഇദ്ദേഹത്തിന് കീഴിൽ മൂന്ന് അഡീഷണൽ ഡയറക്ടർ ജനറൽമാരും (എഡിജി), 23 ഇൻസ്പെക്ടർ ജനറൽമാരും (ഐജി) ഉണ്ടായിരിക്കും.
എഡിജി തലത്തിൽ, സേനയെ 'കമാൻഡുകൾ' ആയി വിഭജിച്ചിട്ടുണ്ട്. മൂന്ന് ഡിപ്പാർട്ട്മെൻറുകളായും എഡിജി വിഭാഗത്തെ തിരിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്ക് പുറമെ ഇൻറലിജൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എഡിജി ആസ്ഥാനത്താണ്. ലേ, ഡെറാഡൂൺ സെക്ടറുകളുടെ ചുമതല എഡിജി വെസ്റ്റേൺ കമാൻഡിനാണ്. ഭോപ്പാൽ, ഇറ്റാനഗർ, ലഖ്നൗ അതിർത്തികൾ എഡിജി ഈസ്റ്റേൺ കമാൻഡിൻെറ ചുമതലയിലും വരുന്നു. ഹിമാലയത്തിലെ അതിർത്തി ഔട്ട്പോസ്റ്റുകളിലാണ് സേന തങ്ങളുടെ വനിതാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളത്. ITBP യിൽ ഒരു K9 ഡോഗ് സ്ക്വാഡും ഒരു കുതിരസവാരി സ്ക്വാഡും പ്രവർത്തിക്കുന്നുണ്ട്. സേനയ്ക്ക് ഒരു വാട്ടർ വിംഗുമുണ്ട്.
ധീരതയുടെ കഥകൾ
1965ലെ ഇന്തോ-പാക് യുദ്ധം മുതൽ ഐടിബിപിയുടെ റോൾ വളരെ പ്രസക്തമാണ്. യുദ്ധത്തിനിടയിൽ കശ്മീരിലെ രജൗരി ജില്ലയിലെ ആയിരക്കണക്കിന് ഗ്രാമീണരെ രക്ഷിച്ചത് സേനയുടെ പ്രവർത്തനമാണ്. ഗൂൾ പോലീസ് സ്റ്റേഷൻ കീഴടക്കാനുള്ള ശ്രമത്തിൽ നിന്ന് പാക് സേനയെ തുരത്തിയതും ഐടിബിപിയാണ്. 1971ലെ യുദ്ധത്തിലും സുപ്രധാന സേവനമാണ് വഹിച്ചിട്ടുള്ളത്. 1981-82 ലെ 9-ാമത് ഏഷ്യൻ ഗെയിംസ് നടത്തിപ്പിൽ പ്രശംസാവഹമായ സേവനം നടത്തിയതോടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രത്യേക ഉത്തരവാദിത്വവും ലഭിച്ചു. 1989ൽ പഞ്ചാബിൽ തീവ്രവാദികൾ പദ്ധതിയിട്ട വൻ ബാങ്ക് കവർച്ച തടഞ്ഞത് സേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ്. 1998ൽ കശ്മീരിലെ പാക് അധിനിവേശത്തെ ചെറുക്കുന്നതിലും സേനയ്ക്ക് കാര്യമായ ഉത്തരവാദിത്വമുണ്ടായിരുന്നു.
അതിർത്തിയിലെ ഡെലാറാം-സരഞ്ച് റോഡ് നിർമ്മാണ പദ്ധതിയുടെ ഭാഗമായി സംരക്ഷണം നൽകുന്നതിന് 2004-ൽ അഫ്ഗാനിസ്ഥാനിലെ ഗുർഗുരി, മിനാർ, സരഞ്ച് എന്നിവിടങ്ങളിൽ ഐടിബിപിയെ വിന്യസിച്ചു. ഇതും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. കാബൂളിലെ ഇന്ത്യൻ എംബസിയുടെയും ജലാലാബാദിലെയും കാണ്ഡഹാറിലെയും കോൺസുലേറ്റ് ജനറലിന്റെയും സുരക്ഷയ്ക്കായി ഐടിബിപിയുടെ ഉയർന്ന പരിശീലനം ലഭിച്ച കമാൻഡോകളെ വിന്യസിച്ചിരുന്നു. 2008 ജൂലൈ ഏഴിന് ഇന്ത്യൻ എംബസിയുടെ പ്രധാന കവാടത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ രൂപ് സിങ്, അജയ് സിങ് പതാനിയ എന്നീ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീരമൃത്യു വരിച്ചവർക്ക് മരണാനന്തര ബഹുമതിയായി രാജ്യം കീർത്തിചക്ര പുരസ്കാരം നൽകി ആദരിച്ചു.
പരിശീലനം
ഗറില്ലാ യുദ്ധമുറയിൽ പ്രത്യേക പരിശീലനമാണ് ഐടിബിപിക്ക് ലഭിച്ചിട്ടുള്ളത്. സൈന്യത്തിൻെറയും പോലീസിൻെറയും പരിശീലനത്തിൽ നിന്ന് അൽപം വ്യത്യസ്തമാണ് ഈ അർധസൈനിക വിഭാഗത്തിൻെറ പരിശീലന രീതി. കനത്ത മഞ്ഞുള്ള മേഖലകളിലും മലനിരകളിലും പ്രവർത്തിക്കുന്നതിന് വിദഗ്ദ പരിശീലനം ഇവർക്ക് ലഭിക്കും. പർവതാരോഹണത്തിൻെറ കാര്യത്തിൽ മുൻപന്തിയിലാണിവർ. സാഹസിക കായിക വിനോദങ്ങളെല്ലാം ഇവരെ പരിശീലിപ്പിക്കും.
ബജറ്റ്
2020-21ൽ സർക്കാർ അനുവദിച്ച ഐടിബിപിയുടെ വാർഷിക ബജറ്റ് 6,150.15 കോടി രൂപയായിരുന്നു. 2021-2022ൽ ഇത് 6,567.17 കോടി രൂപയും 2022-2023ൽ 7,461.28 കോടി രൂപയുമാണ്.
ഐടിബിപി 2.0
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ പേരെ ഉൾക്കൊള്ളിച്ച് കരുത്ത് വർധിപ്പിക്കാനുള്ള പദ്ധതിയിലാണ് ഐടിബിപി. അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിൽ ഏഴ് ബറ്റാലിയനുകൾ ഉടൻ തന്നെ അനുവദിക്കും. 2030-ഓടെ സേനയിൽ ഒരു ലക്ഷം പേർ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങളായി ചർച്ചയിലുള്ള വിദഗ്ദ പരിശീലനം ലഭിച്ച വ്യോമ അർധ സൈനിക വിഭാഗവും വൈകാതെ ഐടിബിപിയുടെ ഭാഗമാകും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.