• HOME
  • »
  • NEWS
  • »
  • india
  • »
  • ഹിന്ദിയിൽ അഭിമുഖം നൽകി ഇന്ത്യയിലെ ലിത്വാനിയൻ അംബാസഡർ; സംസ്കൃതത്തിലും പ്രാവീണ്യം

ഹിന്ദിയിൽ അഭിമുഖം നൽകി ഇന്ത്യയിലെ ലിത്വാനിയൻ അംബാസഡർ; സംസ്കൃതത്തിലും പ്രാവീണ്യം

തിങ്കളാഴ്ച ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ ട്വീറ്റിന് ഇതിനോടകം 1.7 ലക്ഷത്തിലധികം വ്യൂ ലഭിച്ചിട്ടുണ്ട്.

ANI

ANI

  • Share this:

    ഹിന്ദിയിൽ അഭിമുഖം നൽകുന്ന ഇന്ത്യയിലെ ലിത്വാനിയൻ അംബാസഡറുടെ വീഡിയോ വൈറലാകുന്നു. താൻ ഈ പ്രാദേശിക ഭാഷകൾ പഠിച്ചതെങ്ങനെയാണെന്ന് ലിത്വാനിയൻ അംബാസഡർ ഡയാന മിക്കെവിസീൻ വാർത്താ ഏജൻസിയായ എഎൻഐയോട് തുറന്നു പറഞ്ഞു. ഹിന്ദി കൂടാതെ ഡയാനക്ക് സംസ്കൃതത്തിലും പ്രാവീണ്യമുണ്ട്. ”ഗൗരവമുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും ഹിന്ദിയിലും സംസ്കൃതത്തിലും സംസാരിക്കാൻ എനിക്ക് അൽപ്പം ബുദ്ധിമുട്ടാണ്. പക്ഷേ, എനിക്ക് സംസ്കൃതം കുറച്ചൊക്കെ സംസാരിക്കാൻ കഴിയും. രണ്ടു വർഷം ഞാൻ സംസ്കൃതം പഠിച്ചിരുന്നു. സംസ്കൃതം വായിക്കാനും എഴുതാനും വിവർത്തനം ചെയ്യാനും അറിയാം. പക്ഷേ സംസാരിക്കാൻ അധികം അറിയില്ല”, എന്നാണ് ഡയാന എഎൻഐയോട് ഹിന്ദിയിൽ പറയുന്നത്.

    ”എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയാം. രണ്ടോ മൂന്നോ തവണ ഹിന്ദി പഠിച്ചു, പക്ഷേ മറന്നു പോയിരുന്നു. ഇത്തവണ ഹിന്ദി കൂടുതൽ നന്നായി പഠിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എന്റെ ഉദ്ദേശം. ഒരുപക്ഷേ ആറ് മാസത്തിന് ശേഷം, എനിക്ക് പൂർണമായും ഹിന്ദിയിൽ ഒരു മുഴുനീള അഭിമുഖം നൽകാൻ കഴിയും”, ഡയാന മിക്കെവിസീൻ കൂട്ടിച്ചേർത്തു.

    Also read-Rising India | ‘കർണാടകയിൽ വിജയിക്കാൻ BJPയെ രാഹുൽ ഗാന്ധി സഹായിക്കും’; കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ

    തിങ്കളാഴ്ച ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ ട്വീറ്റിന് ഇതിനോടകം 1.7 ലക്ഷത്തിലധികം വ്യൂ ലഭിച്ചിട്ടുണ്ട്. ഡയാനയെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയപ്പോൾ മറ്റു ചിലർ ഭാഷയെച്ചൊല്ലിയുള്ള സംവാദങ്ങളുമായി രംഗത്തെത്തി. ഡയാന വളരെ നന്നായി ഹിന്ദി സംസാരിക്കുന്നു എന്ന് ചിലർ പറഞ്ഞപ്പോൾ ”എന്തിനാണ് ഹിന്ദിയിൽ ഇത്ര ഊറ്റം കൊള്ളുന്നത്” എന്നും ”തമിഴിൽ സംസാരിക്കാത്തതെന്താ അതും ഇന്ത്യൻ ഭാഷയല്ലേ” എന്നും ചോദിക്കുന്നവരുണ്ട്. ഏതായാലും ‍ഡയാനയുടെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു

    Published by:Sarika KP
    First published: