'രാത്രി പൊലീസുകാർ ഇരച്ചുകയറി; എല്ലാം അടിച്ചുതകർത്തു; പണവും ആഭരണങ്ങളും തട്ടിയെടുത്തു'; മുസാഫർനഗറിലെ മുസ്ലിം കുടുംബങ്ങൾ പറയുന്നു

മുസാഫർനഗറിലെ മുസ്ലീം കുടുംബങ്ങളെ ലക്ഷ്യമിട്ട് പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

News18 Malayalam | news18-malayalam
Updated: December 25, 2019, 8:31 PM IST
'രാത്രി പൊലീസുകാർ ഇരച്ചുകയറി; എല്ലാം അടിച്ചുതകർത്തു; പണവും ആഭരണങ്ങളും തട്ടിയെടുത്തു'; മുസാഫർനഗറിലെ മുസ്ലിം കുടുംബങ്ങൾ പറയുന്നു
News18
  • Share this:
ഉദയ് സിംഗ് റാണ

മുസാഫർനഗർ: ഹാജി ഹമീദ് ഹസ്സന്റെ മുറിയുടെ ചുമരിലെ തകർന്ന ഘടികാരം 10:57ന് നിലച്ചിരിക്കുന്നു. “ആ സമയത്താണ് അവർ വന്നത്,” 72കാരൻ പറയുന്നു. “അവർ (പൊലീസ്) ആദ്യം ഈ ക്ലോക്ക് തകർത്തു,  അത് നിശ്ചലമായി”.

രാത്രി 10:57ന് 14 വയസുള്ള ചെറുമകൻ അഹമ്മദിനൊപ്പം ഇരിക്കുകയായിരുന്നുവെന്ന് ഹസ്സൻ പറയുന്നു. പൊലീസുകാർ വീട്ടിൽ അതിക്രമിച്ച് കയറി എല്ലാം തകർക്കാൻ തുടങ്ങി.

ഫെബ്രുവരിയിൽ രണ്ട് പേരക്കുട്ടികളുടെ വിവാഹത്തിനായി മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സർവാത്തിൽ താമസിക്കുന്ന ഈ കുടുംബം വർഷങ്ങളായി സ്വർണവും പണവും സ്വരുക്കൂട്ടി വരികയായിരുന്നു. വെള്ളിയാഴ്ചയ്ക്ക് മുമ്പ് വിവാഹത്തിനുള്ള ഉത്സവാന്തരീക്ഷത്തിലായിരുന്നു വീട്, ഇപ്പോൾ ചുഴലിക്കാറ്റിൽ എല്ലാം തകർന്നടിഞ്ഞതുപോലെയായി ഇവിടത്തെ കാഴ്ചകൾ.

Also Read- Anti- CAA protests: യുപിയിൽ 28 പേർക്ക് നോട്ടീസ്; 14.86 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം

പായ്ക്ക്പോലും പൊട്ടിക്കാത്ത റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, അലമാരകൾ എന്നിവയെല്ലാം തകർക്കപ്പെട്ടു. കുടുംബത്തിന് നാല് സ്കൂട്ടറുകളുണ്ട്. അവ എല്ലാം തകർന്നു. 21 കാരിയായ മണവാട്ടിയായ റുഖയ്യ തലയ്ക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിലാണ്. 14 കാരനായ അഹമ്മദ് ഉൾപ്പെടെ കുടുംബത്തിലെ മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു.

“ബസുകൾ കത്തിക്കുന്നത് തെറ്റാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു, പക്ഷേ എന്തുകൊണ്ടാണ് ഞങ്ങളെ വേദനിപ്പിക്കുന്നത്? അതിന് ഞങ്ങൾ എന്തു ചെയ്തു? എനിക്ക് 72 വയസ്സായി, പ്രതിഷേധത്തിൽ പോലും ഞാൻ ഉണ്ടായിരുന്നില്ല, ”അദ്ദേഹം പറയുന്നു.

ഡിസംബർ 20 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം മുസാഫർനഗറിലെ മീനാക്ഷി ചൗക്കിൽ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്രമം നിയന്ത്രണവിധേയമാക്കിയ ഉടൻ ഭരണകൂടം പ്രദേശത്തെ കടകൾക്ക് മുദ്രവെച്ചു. വർഷങ്ങൾ കൊണ്ട് നഗരത്തിലെ മുസ്‌ലിങ്ങളുടെ വാണിജ്യ കേന്ദ്രമായി മാറിയ ഇടമാണ് മീനാക്ഷി ചൗക്ക്.

“ഞങ്ങൾ മാന്യരായ ആളുകളാണ്,”- പ്രദേശത്തെ മെറ്റലർജി വർക്ക് ഷോപ്പ് ഉടമയായ അബ്ദുൾ സത്താർ പറയുന്നു. “ഞങ്ങൾ കഠിനാധ്വാനം ചെയ്ത് മീനാക്ഷി ചൗക്കിൽ ഒരു കട സ്വന്തമാക്കി. ശിവ് ചൗക്ക് ഏതാനും മീറ്റർ മാത്രം അകലെയാണ്. അവിടെ ഒരു പ്രശ്നവും ഉണ്ടായില്ല. ഒന്നു തൊടാൻ പോലും പൊലീസ് തയാറായില്ല. മുസാഫർനഗറിലെ മുസ്ലീം കേന്ദ്രമാണ് മീനാക്ഷി ചൗക്ക്. എന്തുകൊണ്ടാണ് ഒരു സമുദായത്തിലെ ബിസിനസുകാരെ മാത്രം ലക്ഷ്യമിടുന്നത്? ”

Also Read- ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും എന്താണ് ? ഇവ രണ്ടും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

പ്രദേശത്തെ 67 കടകൾ ജില്ലാ ഭരണകൂടം പൂട്ടി മുദ്രവെച്ചു. കലാപകാരികളുടെ സ്വത്തുക്കൾ ലേലം ചെയ്തുകൊണ്ട് പ്രതികാരം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

“ഞങ്ങളുടെ കടകൾക്ക് എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. മുഖ്യമന്ത്രി പറഞ്ഞതുപോലെ അവ ലേലം ചെയ്യുമോ? ഏതെങ്കിലും അക്രമ സംഭവങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ല, ബിസിനസുകാർക്ക് സ്ഥിരത വേണം. ഞങ്ങളോട് കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇത് ഞങ്ങളുടെ ഉപജീവനമാർഗത്തിന് നേരെയുള്ള ഒരു സർജിക്കൽ സ്ട്രൈക്ക് പോലെയാണ്. ”- മീനാക്ഷി ചൗക്കിൽ ഒരു റസ്റ്റോറന്റ് ഉടമയായ മുഹമ്മദ് അനീസ് പറയുന്നു.

''ഈ കടകൾ ലേലം ചെയ്യുമെന്ന അഭ്യൂഹം പരക്കുകയാണ്. അത് സത്യത്തിൽ നിന്ന് വളരെ അകലെയാണ്. മീനാക്ഷി ചൗക്കിൽ അക്രമങ്ങൾ നടന്നതിനാൽ, ഞങ്ങൾ ആ പ്രദേശത്തെ കുറ്റകൃത്യം നടന്ന സ്ഥലമായി കണക്കാക്കുന്നു. ഈ കടകളിൽ സിസിടിവി ക്യാമറകളുണ്ട്, തെളിവുകൾ സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു''- അതിനാലാണ് ഞങ്ങൾ 67 കടകൾ അടച്ചതെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) അമിത് സിംഗ് ന്യൂസ് 18 നോട് പറഞ്ഞു.

“ഇവിടത്തെ നാലോ അഞ്ചോ കടകളിൽ മാത്രമേ സിസിടിവി ക്യാമറകൾ ഉള്ളൂ. ബാക്കിയുള്ളവയ്ക്ക് അവ ഇല്ല, അതിനാൽ മറ്റ് 60ഓളം കടകൾക്ക് മുദ്രയിടുന്നത് എന്തിനാണ്? കട അടച്ചിട്ടിരിക്കുന്ന എല്ലാ ദിവസവും 50,000-60,000 രൂപ എനിക്ക് നഷ്ടമാകുന്നു. വിൽപ്പനയിൽ നിന്ന് ഞാൻ ഒന്നും സമ്പാദിക്കുന്നില്ല, പക്ഷേ എങ്ങനെയെങ്കിലും തൊഴിലാളികൾക്ക് കൂലി കൊടുക്കണം. അല്ലെങ്കിൽ അവർ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങും. ”- മീനാക്ഷി ചൗക്കിൽ ഒരു റസ്റ്റോറന്റ് നടത്തുന്ന അസ്ഹർ റാഹി പറഞ്ഞു.

കടകൾ വീണ്ടും തുറക്കണമെന്ന് ആഗ്രഹിക്കുന്ന ഉടമകളിൽ നിന്നുള്ള അഭ്യർത്ഥനകൾ സ്വീകരിക്കുമെന്ന് എ.ഡി.എം ന്യൂസ് 18 നോട് പറഞ്ഞു. ഖലാപർ, സർവത്ത് പ്രദേശങ്ങളിൽ പൊലീസ് ക്രൂരത ആരോപിച്ച പരാതികൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.എമ്മും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും അവരുടെ വീടുകൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ കണക്കാക്കണമെന്നാണ് കുടുംബങ്ങൾ പറയുന്നത്. തങ്ങൾക്ക് സംഭവിച്ച എല്ലാ നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

Also Read- 'ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്'; പ്രതിഷേധക്കാർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി

20 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഹമീദ് ഹസ്സൻ അവകാശപ്പെടുന്നതെങ്കിൽ, തന്റെ നഷ്ടം ഇതിലും കൂടുതലാണെന്ന് 74 കാരനായ ഹാജി അൻവർ ഇലാഹി പറയുന്നു. ഖലാപർ പ്രദേശത്ത്, ചെരുപ്പ് കട നടത്തുകയാണ് ഹാജി അൻവർ ഇലാഹി. വർഷങ്ങളോളം പണിയെടുത്താണ് തന്റെ മുഴുവൻ കുടുംബത്തിനുമായി നാല് നിലകളുള്ള ഒരു വീട് നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.

ഇന്ന് ഈ വീട് ഒരു യുദ്ധമേഖലക്ക് സമാനമാണ്. സന്ദർശകർ പ്രവേശിക്കുമ്പോൾ തന്നെ നാശനഷ്ടം വ്യക്തമാകും. പാർക്ക് ചെയ്തിരുന്ന കാറിൽ തകർന്ന് ചില്ലുകൾ പൊതിഞ്ഞിരിക്കുന്നു. നാലാം നില വരെ തകർന്ന ഗ്ലാസിന്റെ കഷണങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. അടുക്കളയും കുളിമുറിയും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും പൊലീസ് കവർന്നതായി കുടുംബം പറയുന്നു.

“അവർ അർധരാത്രിക്ക് ശേഷം വന്നു. 3.25 ലക്ഷം രൂപ പണം സൂക്ഷിച്ചിരുന്ന ഒരു പെട്ടി ഉണ്ടായിരുന്നു. അവർ അത് അടിച്ച് തുറന്ന് പണം എടുത്തു. മാർച്ചിൽ എന്റെ ചെറുമകളുടെ വിവാഹത്തിനായി ഞങ്ങൾ സൂക്ഷശിച്ചുവെച്ച പണമായിരുന്നു അത്. . വീട്ടിലെ എല്ലാ ആഭരണങ്ങളും അവർ എടുത്തു. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, ”- അദ്ദേഹം പറയുന്നു.

എന്നാൽ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെട്ട ആളുകളെ മാത്രമേ കസ്റ്റഡിയിൽ എടുത്തിട്ടുള്ളൂവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. വലതു കാലിൽ പോളിയോ ബാധിച്ച ഇലാഹിയെയും വെള്ളിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിലെടുത്തു.

“അവർ രണ്ടു ദിവസം ലോക്കപ്പിലിട്ടു. എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അവർ എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ലോക്ക്അപ്പിലായിരിക്കുമ്പോൾ എന്റെ കുടുംബത്തെ കാണാൻ അനുവദിച്ചില്ല. തണുപ്പിൽ നിന്ന് രക്ഷനേതാൻ ഒരു ഷീറ്റ് പോലും നൽകിയില്ല. ”

ഒഴിഞ്ഞ ആഭരണപ്പെട്ടിക്ക് സമീപം ഒരു പോലീസ് ബാറ്റൺ ഇപ്പോഴും കാണാം.

ആഭരണങ്ങൾ അപഹരിക്കാനുള്ള ശ്രമത്തിൽ ഒരു പൊലീസുകാരൻ ബാറ്റൺ ഉപേക്ഷിച്ചതാണെന്ന് ഇലാഹിയുടെ 24കാരിയായ ചെറുമകൾ ഹുമൈറ പർവീൺ പറയുന്നു. കാര്യങ്ങൾ വിവരിക്കുമ്പോൾ അവൾ വിങ്ങിപ്പൊട്ടുകയായിരുന്നു. “പൊലീസിനൊപ്പം സിവിൽ വസ്ത്രത്തിൽ ചില ആളുകൾ ഉണ്ടായിരുന്നു, അവർ പൊലീസുകാരെപ്പോലെ ആയിരുന്നില്ല. ഒരു പൊലീസുകാരൻ കെട്ടിടം തകർക്കുമ്പോൾ മറ്റൊരാൾ അദ്ദേഹത്തോട് പറഞ്ഞു- ‘പത്തർ മത്ത് ടോഡോ, യഹാൻ തോ ഹുമെയ്ൻ ഹായ് റെഹ്ന ഹായ്’ (ഈ ടൈലുകൾ തകർക്കരുത്, നമുക്ക് ഒടുവിൽ ഇവിടെ താമസിക്കാനുള്ളതാണ്). ”

“ഞങ്ങൾ പോകണമെന്ന് അവർ ആഗ്രഹിക്കുന്നു.ഇതാണ് ഞങ്ങളുടെ വീട്, ഞങ്ങൾ എന്തിന് പോകണം? ”- അവൾ കൂട്ടിച്ചേർക്കുന്നു,

 

 
Published by: Rajesh V
First published: December 25, 2019, 8:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading