ഒഴിഞ്ഞുകിടക്കുന്ന സ്കൂള്‍ കെട്ടിടത്തിലെ മുറിയില്‍ പൂട്ടിയിട്ടിരുന്ന അമ്പതോളം കന്നുകാലികൾ (50 bovins) ശ്വാസംമുട്ടി ചത്തു. ജാര്‍ഖണ്ഡിലെ (jgarkhand) പാകൂര്‍ ജില്ലയിലെ അമ്രപാര ബ്ലോക്കിലെ ചില്ഗോ ഗ്രാമത്തിലാണ് സംഭവം.
'' ഒഴിഞ്ഞുകിടക്കുന്ന പ്രൈമറി സ്കൂള്‍ (primary school) കെട്ടിടത്തിന്റെ മുറിയിലാണ് ഗ്രാമവാസികള്‍ തങ്ങളുടെ കന്നുകാലികളെ കെട്ടിയിട്ടിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് മുറിയില്‍ 50 ഓളം കന്നുകാലികളെ പൂട്ടിയിട്ടത്. 150 ചതുരശ്ര അടി വിസ്തീര്‍ണമാണ് മുറിയ്ക്കുള്ളത്. രാവിലെ 48 കന്നുകാലികളെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു പശുക്കിടാവ് ജീവനോടെയുണ്ട്,'' ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ (BDO) കുമാര്‍ ദേവേഷ് ദ്വിവേദി പറഞ്ഞു.
50 ഓളം കന്നുകാലികളെ ഒരു ചെറിയ മുറിയില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ ശ്വാസം മുട്ടിയാണ് അവ ചത്തതെന്ന് ബ്ലോക്ക് മൃഗസംരക്ഷണ ഓഫീസര്‍ ഫര്‍ഹത്ത് ജബ്ബാര്‍ പറഞ്ഞു. '' മുറിയില്‍ രണ്ട് ജനാലകള്‍ ഉണ്ടായിരുന്നു, പക്ഷേ രണ്ടും അടച്ചിട്ടിരിക്കുകയായിരുന്നു, അവിടേക്ക് വായുസഞ്ചാരം ഇല്ല,'' അദ്ദേഹം പറഞ്ഞു. വീടുകളിലെ സ്ഥലക്കുറവ് കാരണം ഗ്രാമവാസികള്‍ വര്‍ഷങ്ങളായി സ്കൂള്‍ കെട്ടിടത്തിലാണ് കന്നുകാലികളെ കെട്ടിയിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയിലെ മേധ്പാല് ഗ്രാമത്തിലെ പഴയ ഗ്രാമപഞ്ചായത്ത് മുറിയില്‍ പൂട്ടിയിട്ട 50-ലധികം പശുക്കള്‍ ശ്വാസം മുട്ടി ചത്തതും വലിയ വാര്‍ത്തയായിരുന്നു. വായുസഞ്ചാരമില്ലാത്ത മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തത്.
അബദ്ധവശാല്‍ സ്വര്‍ണ്ണമാല വിഴുങ്ങിയ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സ്വര്‍ണ്ണം പുറത്തെടുത്തതും വലിയ വാര്‍ത്തയായിരുന്നു. കര്‍ണാടകയില്‍ ഉത്തര കന്നഡ ജില്ലയിലെ സിര്‍സി താലൂക്കിലെ ഹീപനഹള്ളിയില് താമസിക്കുന്ന ശ്രീകാന്ത് ഹെഗ്ഡെയുടെ പശുവാണ് സ്വര്‍ണ്ണം വിഴുങ്ങിയത്. 4 വയസ്സുള്ള പശു അബദ്ധവശാല്‍ വിഴുങ്ങിയ ആ സ്വര്‍ണ്ണ മാല നീക്കം ചെയ്യാന്‍ ഹെഗ്ഡെയ്ക്ക് പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വരികയായിരുന്നു.
ദീപാവലിയുടെ തലേന്ന്, ഗോ പൂജ ചടങ്ങിനു വേണ്ടി ഈ കുടുംബം പശുവിനെയും കാളക്കുട്ടിയെയും കുളിപ്പിക്കുകയും പൂജ നടത്തുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി ഹെഗ്ഡെയുടെ കുടുംബം കാളക്കുട്ടിയുടെ കഴുത്തില്‍ 20 ഗ്രാം തൂക്കമുള്ള ഒരു സ്വര്‍ണ്ണ ചെയിന്‍ തൂക്കി. മിനിറ്റുകള്‍ക്കുള്ളില്‍ സ്വര്‍ണ്ണ മാല കാണാതായി. സംഭവം നടന്നതിന് ശേഷമുള്ള 30-35 ദിവസങ്ങള്‍ ഹെഗ്ഡെയുടെ കുടുംബം എല്ലാ ദിവസവും പശുവിന്റെയും കാളക്കുട്ടിയുടെയും ചാണകം പരിശോധിച്ചിരുന്നു. പക്ഷേ മാല കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍, അവര്‍ സഹായത്തിനായി വെറ്റിനറി ഡോക്ടറെ സമീപിച്ചു. പശുവിന്റെ വയറിനുള്ളില്‍ ലോഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു. പിന്നീട് ഒരു സ്കാനിങ് കൂടി നടത്തിയതോടെ പശുവിന്റെ വയറ്റില്‍ മാലയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അങ്ങനെ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും സ്വര്‍ണ്ണ മാല നീക്കം ചെയ്യുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.