ന്യൂഡൽഹി: വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയായാലും ഇത്തവണ അന്തിമഫലം അറിയാൻ കുറച്ചുസമയം കൂടി കാത്തിരിക്കണം. വിവിപാറ്റ് എണ്ണുന്ന സാഹചര്യത്തിലാണ് ഇത്. ഏറ്റവും കുറഞ്ഞത് അഞ്ച് വിവിപാറ്റ് എങ്കിലും ഓരോ മണ്ഡലത്തിലും എണ്ണണം. ഇതാണ് പ്രതിപക്ഷത്തിന്റെയും ആവശ്യം. ഈ അഞ്ചിൽ തെറ്റ് ഉണ്ടായാൽ എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തണം. വോട്ടിംഗ് മെഷിനിലെ എല്ലാ വോട്ടുകളും എണ്ണിയതിന് ശേഷമാകും വിവിപാറ്റ് എണ്ണുകയെന്നാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്ന വിവരം.
എന്താണ് കാര്യം ?
മുൻ വർഷങ്ങളിലേക്കാൾ ഇലക്ഷൻ കമ്മീഷൻ ഗൈഡ്ലൈൻസ് കൂടുതൽ കർക്കശമാക്കിയതിനാൽ എല്ലാം കൃത്യതയോടെ സമയമെടുത്ത് മാത്രമാണ് ചെയ്യുന്നത്. വിവിപാറ്റ് എണ്ണുന്നതിനാൽ പതിവിനേക്കാൾ മൂന്നു മണിക്കൂർ വരെ വൈകി ആയിരിക്കും ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
റിസൽറ്റ് വൈകാൻ കാരണം ?
ഒരു ലോക്സഭ മണ്ഡലത്തിൽ നിരവധി അസംബ്ലി മണ്ഡലങ്ങൾ ഉണ്ട്. ഈ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുന്നത് പല ഓഡിറ്റോറിയത്തിലാകും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെയും കൗണ്ടിംഗ് ടേബിളുകളെയും ആശ്രയിച്ച് 17 മുതൽ 35 വരെ റൗണ്ടുകളായി ആയിരിക്കും വോട്ടെണ്ണൽ. ഒരുഘട്ടം എണ്ണി കഴിഞ്ഞാൽ റിസൽറ്റ് സെൻട്രൽ ടേബിളിലേക്ക് കൈമാറും. അസംബ്ലി തെരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ സമയമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണാൻ വേണ്ടത്. ആദ്യ മണിക്കൂറുകളിൽ ഇവിഎം എണ്ണും, തുടർന്നാകും വിവിപാറ്റ് എണ്ണുക. അങ്ങനെയെങ്കിൽ അന്തിമ ഫലം വരാൻ 10-12 മണിക്കൂർ വരെയെടുത്തേക്കുമെന്ന് ഡൽഹി ഇലക്ഷൻ കമ്മീഷ്ണർ രൺബീർ സിംഗ് പറഞ്ഞു.
50% വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം
50% വിവിപാറ്റ് എണ്ണണമെന്നും ഇവിഎമ്മുമായി ഒത്തുചേരണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം അനുസരിച്ച് എല്ലാ അസംബ്ലി മണ്ഡലങ്ങളിലും അഞ്ച് വിവിപാറ്റുകൾ എങ്കിലും എണ്ണി തിട്ടപ്പെടുത്തണം. ഇ വി എമ്മും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവിപാറ്റിലെ സ്ലിപ്പുകളും ഒത്തു നോക്കാൻ ഏകദേശം 40 മിനിറ്റ് സമയം എടുക്കും. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം പെട്ടെന്ന് വന്നാലും ഔദ്യോഗിക പ്രഖ്യാപനം വൈകും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന്നുള്ള സ്റ്റാഫിനെ ആവശ്യമെങ്കിൽ പ്രത്യേകമായി നിയമിക്കുന്നതാണ്. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനായി എല്ലാ കൗണ്ടിംഗ് ബൂത്തുകളിലും പ്രത്യേകം വിവിപാറ്റ് കൗണ്ടിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ആയിരിക്കും ഓരോ സംസ്ഥാനത്തും ഏറ്റവുമാദ്യം അറിയാൻ കഴിയുക. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും അവസാനം മാത്രമേ അറിയാൻ കഴിയൂ. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകൾ ആയിരിക്കും ആദ്യം എണ്ണുക. ഇതിനൊപ്പം ETPBS വഴി ലഭിച്ച സർവീസ് വോട്ടുകളുടെ സ്കാനിംഗും ആരംഭിക്കുന്നതാണ്. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണി വരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും വോട്ടെണ്ണലിൽ ഉൾപ്പെടുത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.