ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. വിദ്വേഷ പ്രസംഗങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ശക്തമാക്കുന്നതിനിടെയാണ് രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴുന്നത്.
ഏഴു ഘട്ടമായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങൾ വിധിയെഴുതും. 39 സീറ്റുകളുള്ള തമിഴ്നാടിൽ ഒറ്റ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകും. ഡി.എം.കെയുമായി കൈകോർത്ത കോൺഗ്രസിനെ എ.ഐ.എ.ഡി.എം.കെ ഉൾപ്പെടെയുള്ള പാർട്ടികളെ അണിനിരത്തി മഹാസഖ്യം രൂപീകരിച്ചാണ് ബി.ജെ.പി നേരിടുന്നത്.
കർണാടകയിൽ 14 മണ്ഡലങ്ങളിലും ഇന്ന് പരസ്യപ്രചാരണം പൂർത്തിയാകും. മുഖ്യമന്ത്രിയാകാൻ 1800 കോടി രൂപ കോഴ നല്‍കിയെന്ന ബി.എസ് യദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളുടെ ദൃശ്യങ്ങൾ കർണാടകയിൽ വലിയ പ്രചരണവിഷയമായിട്ടുണ്ട്.
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ: നാല് മണ്ഡലങ്ങളില്‍ പ്രസംഗിക്കും; പാലായിൽ സന്ദർശനം നടത്തും
വിദ്വേഷപ്രസംഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.എസ്.പി അധ്യക്ഷ മായാവതിയും അടക്കം വിലക്ക് നേരിടുന്നതിനിടെയാണ് ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ പരസ്യപ്രചരണം ഇന്ന് അവസാനിക്കുന്നത്. മഹാരാഷ്ട്രയിലെ 10 മണ്ഡലങ്ങളിലും മറ്റന്നാളാണ് വോട്ടെടുപ്പ്.
അസം, ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിലെ അഞ്ച് വീതം മണ്ഡലങ്ങളിലും ഇന്ന് പരസ്യപ്രചാരണം പൂർത്തിയാകും. മാവോയിസ്റ്റ് സ്വാധീന മേഖലയായ കാങ്കർ ഉൾപ്പെടെ ഛത്തീസ്ഗഡിലെ മൂന്ന് മണ്ഡലങ്ങളിലും ജമ്മുകശ്മീരിലെ ശ്രീനഗർ ഉധംപൂർ മണ്ഡലങ്ങളിലും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.