ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. നരേന്ദ്ര മോദിക്ക് രണ്ടാം ഊഴം ഉണ്ടാകുമോ അതോ പ്രതിപക്ഷത്തിന് അധികാരം പിടിക്കാനുള്ള അംഗ ബലമുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ. എക്സിറ്റ് പോളുകള്‍ ബിജെപി മുന്നേറ്റം പ്രവചിക്കുമ്പോള്‍ യഥാര്‍ത്ഥ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
543 അംഗ ലോക്സഭയില്‍ വെല്ലൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 11 മുതല്‍ മെയ് 19വരെ വോട്ടെടുപ്പ് നടന്നത്. 29 സംസ്ഥാനങ്ങളിലെയും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 856 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ഫല സൂചനകള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ അറിയാം. എങ്കിലും അന്തിമ ഫലം വരുന്നത് വൈകും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു ലോക്സഭാ മണ്ഡലത്തിന് കീഴിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു വീതം വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നതാണ് കാരണം.
Also read:
LokSabha Election 2019: വോട്ടെണ്ണൽ ദിനത്തിൽ അതിവിപുല സന്നാഹവുമായി ന്യൂസ് 18 വാർത്താസംഘം
കഴിഞ്ഞ തവണ വന്‍ മുന്നേറ്റം ഉണ്ടാക്കിയ ഉത്തര്പ്രദേശടങ്ങുന്ന ഹിന്ദി ഹൃദയ ഭൂമിയിലെ ഫലം ബിജെപിയുടെ തുടര്‍ച്ച നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകും. യുപിയില്‍ തിരിച്ചടി ഏറ്റാലും പശ്ചിമ ബംഗാള്‍, ഒഡീഷ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നില മെച്ചപ്പെടുത്താം എന്നാണ് ബിജെപി കണക്കുകൂട്ടല്‍. അധികാരം തിരിച്ചുപിടിക്കാനായി മത്സരത്തിന് ഇറങ്ങിയ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും മൂന്നക്കം തികയ്ക്കുക എന്നതാണ് വെല്ലുവിളി.
ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യമാണെങ്കില്‍ ബിജെഡി, ടി.ആര്‍എസ്, വൈ.എസ്.ആര് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാകും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തു വരും. മധ്യപ്രദേശ്, കര്‍ണാടക സര്‍ക്കാരുകളുടെ നിലനില്‍പ്പിനെ സംബന്ധിച്ചും നിര്‍ണായകം ആണ് പൊതുതെരഞ്ഞെടുപ്പു ഫലം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.