• HOME
  • »
  • NEWS
  • »
  • india
  • »
  • Anubrata Mondal | തുടർച്ചയായി ലോട്ടറി അടിച്ചതെങ്ങനെ? അനുബ്രത മൊണ്ടാലിനും മകൾ‌ക്കുമെതിരെ സിബിഐ അന്വേഷണം

Anubrata Mondal | തുടർച്ചയായി ലോട്ടറി അടിച്ചതെങ്ങനെ? അനുബ്രത മൊണ്ടാലിനും മകൾ‌ക്കുമെതിരെ സിബിഐ അന്വേഷണം

ഈ വർഷം ജനുവരിയിലാണ് സംസ്ഥാനത്തെ ഒരു ലോട്ടറി കമ്പനിയുടെ വെബ്‌സൈറ്റിൽ അനുബ്രത മൊണ്ടാലിന്റെ പേരും ചിത്രവും പ്രത്യക്ഷപ്പെട്ടത്

  • Share this:
തൃണമൂൽ നേതാവ് അനുബ്രത മൊണ്ടാലിനും (Anubrata Mondal) മകൾ സുകന്യക്കും ഒന്നിലധികം ലോട്ടറിയടിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ. ഒരു പ്രമുഖ ലോട്ടറി കമ്പനിയുടെ പരസ്യം കണ്ടാണ് അനുബ്രതക്ക് ആദ്യം ലോട്ടറിയടിച്ച വിവരം പൊതുജനം അറിഞ്ഞത്. എന്നാൽ അതേക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. പിന്നീട് മകൾ സുകന്യയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ലോട്ടറി അടിച്ചതിന്റെ സമ്മാനത്തുകയായി 51 ലക്ഷം രൂപ എത്തിയതായും സിബിഐ പറയുന്നു. മൂന്നു വർഷം മുമ്പ് അനുബ്രതയുടെ അക്കൗണ്ടിൽ പത്തു ലക്ഷം രൂപയുടെ ലോട്ടറി എത്തിയതായും സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇത്രയധികം തവണ ലോട്ടറി അടിക്കുന്നതിനു പിന്നിലെ കാരണമറിയാനാണ് സിബിഐ ശ്രമിക്കുന്നത്.

ഈ വർഷം ജനുവരിയിലാണ് സംസ്ഥാനത്തെ ഒരു ലോട്ടറി കമ്പനിയുടെ വെബ്‌സൈറ്റിൽ അനുബ്രത മൊണ്ടാലിന്റെ പേരും ചിത്രവും പ്രത്യക്ഷപ്പെട്ടത്. ഒരു കോടി രൂപയുടെ ലോട്ടറി വിജയി അനുബ്രതയാണെന്നും ഇതിൽ പറ‍ഞ്ഞിരുന്നു. എന്നാൽ തനിക്ക് ലോട്ടറി അടിച്ചതായി അനുബ്രത ഇതുവരെ സമ്മതിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ബോൽപൂർ ചൗരസ്തയ്ക്ക് സമീപമുള്ള ലോട്ടറി കൗണ്ടറിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കടയുടമയെയും മറ്റ് രണ്ട് ലോട്ടറി വ്യാപാരികളെയും സിബിഐ ചോദ്യം ചെയ്തു. തൃണമൂൽ കോൺ​ഗ്രസിന്റെ ബിർഭും ജില്ലാ പ്രസിഡന്റിനെയും സിബിഐ ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

അന്വേഷണത്തിൽ മൂന്ന് ലോട്ടറികളുടെ ഉറവിടം കണ്ടെത്തിയതായി സിബിഐ കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. അനുബ്രതയുടെയും സുകന്യയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വിവരം ലഭിച്ചതെന്നാണ് സൂചന. മൂന്ന് ലോട്ടറി ടിക്കറ്റുകളും ബോൾപൂരിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വാങ്ങിയതാണ്. ലോട്ടറിയടിച്ചതിന്റെ സമ്മാനമായി സുകന്യയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് 25 ലക്ഷം, 26 ലക്ഷം എന്നിങ്ങനെ ആകെ 51 ലക്ഷം രൂപ ലഭിച്ചതായും സിബിഐ പറഞ്ഞു. 2019ൽ അനുബ്രതയുടെ അക്കൗണ്ടിലേക്കും ലോട്ടറിത്തുകയായി പത്തു ലക്ഷം രൂപ ലഭിച്ചതായും സിബിഐ വൃത്തങ്ങൾ അറിയിച്ചു. അനുബ്രത ലോട്ടറി നേരിട്ട് വാങ്ങിയതാണോ അതോ മറ്റാരുടെയെങ്കിലും ടിക്കറ്റ് വാങ്ങിയതാണോ എന്ന കാര്യം വ്യക്തമല്ല.

ലോട്ടറിയിലൂടെ അനുബ്രത കള്ളപ്പണം വെളുപ്പിച്ചു എന്നാണ് എതിരാളികൾ പറയുന്നത്. അനുബ്രതയും മകളും ഏത് ജ്യോതിഷിയെ ആണ് കണ്ടതെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദർ പരിഹാസരൂപേണ പറഞ്ഞു. ലോട്ടറിയുടെ പേരിൽ സാധാരണക്കാരെ കബളിപ്പിച്ച് പണം കൊള്ളയടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറിയിലൂടെ ഇവർ കള്ളപ്പണം വെളുപ്പിച്ചു. പാവപ്പെട്ടവന്റെ പണം കൊണ്ടാണ് ചിലർ സമ്പന്നരാകുന്നത്. ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് നടക്കുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി ആരോപിച്ചു. ഇക്കാര്യത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാകണമെന്നും ചക്രവർത്തി ആവശ്യപ്പെട്ടു.

കേസ് കോടതിയുടെ പരിഗണനയിലാണെന്ന് തൃണമൂൽ കോൺ​ഗ്രസ് ബിർഭും ജില്ലാ വൈസ് പ്രസിഡന്റ് മലയ് മുഖർജി പറഞ്ഞു. അന്വേഷണം അതിന്റേതായ രീതിയിൽ നടക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by:user_57
First published: