കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷഭാഷയിൽ വിമർശനം ഉന്നയിച്ച് പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ
നുസ്രത്ത് ജഹാൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി മതത്തെ രാഷ്ട്രീയ ഉപകരണമാക്കുന്നുവെന്ന് നുസ്രത്ത് ജഹാൻ പറഞ്ഞു.
ലൗ ജിഹാദ് വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നതിനിടയ്ക്കാണ് തൃണമൂൽ എംപിയുടെ പരാമർശം.
പ്രണയവും ജിഹാദും രണ്ട് വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണെന്നും ഇവ തമ്മിൽ ബന്ധമില്ലെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു. ലൗവിനും ജിഹാദിനും ഒന്നിച്ച് പോകാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
"പ്രണയം വ്യക്തിപരമായ കാര്യമാണ്. അതിനാൽ തന്നെ പ്രണയത്തിനും ജിഹാദിനും ഒന്നിച്ച് പോകാനാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ചിലർ ഇത്തരം വിഷയങ്ങളുമായി വരും. ആരുടെ കൂടെ ജീവിക്കണം എന്നത് ഒരാളുടെ തീരുമാനാമാണ്. നിങ്ങൾ പ്രണയിക്കൂ, പരസ്പരം സ്നേഹിക്കാൻ ശ്രമിക്കൂ. മതത്തെ രാഷ്ട്രീയ ഉപകരണമാക്കാതിരിക്കൂ." നുസ്രത്ത് ജഹാൻ പറഞ്ഞു.
You may also like:'പ്രായപൂർത്തിയായ വ്യക്തികള്‍ക്ക് അവരുടെ പങ്കാളികളെ സ്വയം തിരഞ്ഞെടുക്കാൻ അവകാശമുണ്ട്'; അലഹബാദ് ഹൈക്കോടതി
കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് നുസ്രത്തിന്റെ പ്രതികരണം.
അതേസമയം, മതം മാറി വിവാഹം കഴിക്കുന്നത് കുറ്റകരമാക്കി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഓർഡിനൻസ് ഇറക്കി. പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും മതം മാറ്റുന്നത് ഓർഡിനൻസ് പ്രകാരം കുറ്റകരമാക്കി. പുതിയ ഓർഡിനൻസ് ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) എന്ന പേരിലാണ്. വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി നടത്തുന്ന മതപരിവർത്തനങ്ങൾ കുറ്റകരമായി പ്രഖ്യാപിക്കും.
വിവാഹം കഴിഞ്ഞതിനു ശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും കളക്ടറെ അറിയിക്കണമെന്നും സർക്കാർ അറിയിച്ചു.
ഇതിനിടയിൽ, ജാതി-മത-ലിംഗ ഭേദമന്യേ സ്വന്തം പങ്കാളികളെ തെരഞ്ഞെടുക്കാൻ പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിട്ടുണ്ട്. പ്രായപൂർത്തിയായ രണ്ടു പേര് അവർ എതിർ ലിംഗക്കാരോ, ഒരേ ലിംഗക്കാരോ ആണെങ്കിലും അവരെ ഒരുമിച്ച് താമസിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തെ മാനിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വന്തം താത്പ്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള വ്യക്തിക്കൊപ്പം സമാധാനപരമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ആർട്ടിക്കിൾ 21 ഉറപ്പാക്കുന്നുണ്ട്. മറ്റൊരാൾക്കും അതിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി പ്രസ്താവിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.