2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ അതേ എതിരാളികൾ ഇത്തവണയും ഏറ്റുമുട്ടിയ ചില മണ്ഡലങ്ങളുണ്ട്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പമാണോ നിന്നത് അവരെ തള്ളി കഴിഞ്ഞ വർഷം കൈയൊഴിഞ്ഞവരെ കൂടെ കൂട്ടുകയായിരുന്നു ഇത്തവണ ജനങ്ങൾ. അത്തരം ചില മണ്ഡലങ്ങളെ പരിചയപ്പെടാം. കേരളത്തിൽ കണ്ണൂരിലും ഇടുക്കിയിലും പിന്നെ അമേഠിയിലുമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പില്‍ മാറിചിന്തിച്ചത്.
കണ്ണൂർ2014ലെ തെരഞ്ഞെടുപ്പിലെ അതേ സ്ഥാനാർഥികളെ തന്നെയാണ് ഇത്തവണയും കണ്ണൂരിൽ ഏറ്റുമുട്ടിയത്. എൽഡിഎഫ് സ്ഥാനാർഥിയായി പി കെ ശ്രീമതിയും യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരനും. കഴിഞ്ഞ തവണ നേടിയ അതേ വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് പികെ ശ്രീമതിയെ രംഗത്തിറക്കിയത്. എന്നാൽ ജനങ്ങൾ ശ്രീമതിയെ കൈയ്യൊഴിയുകയായിരുന്നു.
94559 വോട്ടുകൾക്ക് ഇത്തവണ സുധാകരൻ പി കെ ശ്രീമതിയെ പരാജയപ്പെടുത്തി. 529741 വോട്ടുകളാണ് സുധാകരൻ നേടിയത്. 435182 വോട്ടുകളാണ് ശ്രീമതി നേടിയത്. 2014ലെ തെരഞ്ഞെടുപ്പിൽ 6566 വോട്ടുകൾക്കായിരുന്നു ശ്രീമതിയുടെ വിജയം. 427,622വോട്ടുകളാണ് ശ്രീമതി ടീച്ചർ നേടിയത്. 421,056 വോട്ടുകള്‍ സുധാകരനും നേടി.
ഇടുക്കി
കഴിഞ്ഞ തവണ കൈയ്യൊഴിഞ്ഞ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനൊപ്പമായിരുന്നു ഇത്തവണ ഇടുക്കിയിലെ ജനങ്ങൾ നിന്നത്. 2014ൽ അട്ടിമറിയിലൂടെയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ ജോയ്സ് ജോർജ് ഇടുക്കിയിൽ വിജയിച്ചത്. 50,542 വോട്ടുകൾക്കായിരുന്നു ജോയ്സ് ജോർജ് ഡീൻ കുര്യാക്കോസിനെ പരാജയപ്പെടുത്തിയത്. 382,019 വോട്ടുകളാണ് ജോയ്സ് ജോർജ് നേടിയത്. 331,477 വോട്ടുകൾ ഡീൻ കുര്യാക്കോസും നേടി.
ഇത്തവണ171,053 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡീൻ കുര്യാക്കോസ് ജോയ്സ് ജോർജിനെ പരാജയപ്പെടുത്തിയത്. 327440 വോട്ടുകളാണ് ജോയ്സ് ജോർജ് നേടിയത്.498,493 വോട്ടുകളാണ് ഡീൻ കുര്യാക്കോസിൻറെ സമ്പാദ്യം.
അമേഠി
ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വിഐപി മണ്ഡലമാണ് അമേഠി. കോൺഗ്രസിന്റെ കുത്തക മണ്ഡലം എന്ന് പറയാവുന്ന അമേഠി ഇത്തവണ കോൺഗ്രസിനെ കൈയ്യൊഴിയുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയും തമ്മിലായിരുന്നു പോരാട്ടം നടന്നത്. കഴിഞ്ഞ തവണ 100,903 വോട്ടുകൾക്ക് രാഹുൽ ജയിച്ച അമേഠിയിൽ 55,000 വോട്ടുകൾക്കാണ് സ്മൃതി ഇറാനി ഇത്തവണ ജയിച്ചത്.
401,651 വോട്ടുകളാണ് 2014ൽ രാഹുൽ ഗാന്ധി നേടിയത്. 3,00,748 വോട്ടുകളായിരുന്നു സ്മൃതി ഇറാനിയുടെ സമ്പാദ്യം. ഇത്തവണ 378863 വോട്ടുകളാണ് സ്മൃതി ഇറാനി നേടിയത്. 3,31,305 വോട്ടുകളാണ് രാഹുലിന്റെ സമ്പാദ്യം.