നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • സ്ത്രീകളുടെ 'ശക്തി പ്രകടനമായി' റിപ്പബ്ലിക് ദിന പരേ‍ഡ്; ചരിത്രമെഴുതി വനിതകൾ

    സ്ത്രീകളുടെ 'ശക്തി പ്രകടനമായി' റിപ്പബ്ലിക് ദിന പരേ‍ഡ്; ചരിത്രമെഴുതി വനിതകൾ

    റിപ്പബ്ലിക് ദിന പരേഡിലെ എക്കാലത്തെയും വലിയ സ്ത്രീ പങ്കാളിത്തമാണ് ഇത്തവണയുണ്ടായതെന്ന് മേജർ ജനറൽ രാജ്പാൽ പുനിയ

    റിപ്പബ്ലിക് ദിന പരേഡ്

    റിപ്പബ്ലിക് ദിന പരേഡ്

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: സ്ത്രീ ശക്തി വിളിച്ചോതുന്ന പ്രകടനമായിരുന്നു രാജ്യത്തിന്റെ 70ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരേഡിൽ ദൃശ്യമായത്. ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഓഫീസര്‍ സൈനികദിന പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പരേഡ് സംഘത്തെ നയിച്ചു. ലെഫ്റ്റനന്റ് ഭാവന കസ്തൂരിയാണ് എ.എസ്.സി (ഇന്ത്യന്‍ ആര്‍മിസ് സര്‍വിസ് കോര്‍പ്‌സ് കോണ്ടിജന്റ്)യെ നയിച്ചത്. 144 പുരുഷന്മാര്‍ അടങ്ങുന്ന സംഘത്തെയാണ് ഭാവന കസ്തൂരി നയിച്ചത്.

      റിപ്പബ്ലിക് ദിന പരേഡിലെ എക്കാലത്തെയും വലിയ സ്ത്രീ പങ്കാളിത്തമാണ് ഇത്തവണയുണ്ടായതെന്ന് മേജർ ജനറൽ രാജ്പാൽ പുനിയ പറഞ്ഞു. അസം റൈഫിൾസിലെ വനിതാ വിഭാഗം ആദ്യമായി പരേഡിൽ പങ്കെടുത്ത് ചരിത്രം രചിച്ചു. രാജ്യത്തെ ഏറ്റവും പഴക്കമേറിയ അർധസൈനിക വിഭാഗമായ അസം റൈഫിൾസ് വിഭാഗത്തെ നയിച്ചത് ഒരു കുട്ടിയുടെ അമ്മയും 30കാരിയുമായ മേജർ ഖുശ്ബു കൻവർ ആയിരുന്നു. 'ഇത് അഭിമാന നിമിഷമാണ്. രാജസ്ഥാനിലെ ഒരു ബസ് കണ്ടക്ടറുടെ മകളായ എനിക്ക് ഈ നേട്ടം സ്വന്തമാക്കാനായെങ്കിൽ ഏതൊരു പെണ്ണിനും ഈ സ്വപ്നം യാഥാർത്ഥ്യമാക്കാം'- ഖുശ്ബു കൻവർ പറഞ്ഞു.

      ക്യാപ്റ്റൻ ഭാവ്ന സ്യാൽ ആണ് ട്രാൻസ്പോർട്ടബിൾ സാറ്റലൈറ്റ് ടെർമിനൽ വിഭാഗത്തെ നയിച്ചത്. ഇന്ത്യയുടെ സുപ്രധാന ആയുധങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. അമേരിക്കയില്‍ നിന്ന് അടുത്തിടെ വാങ്ങിയ എം 777 അൾട്രാ ലൈറ്റ് ഹൊവിസ്റ്റര്‍ പീരങ്കി, 28 മുതൽ 38 കിലോമീറ്റർ ദൂരത്തേക്ക് കൃത്യമായി വെടിവയ്ക്കാൻ സാധിക്കുന്ന കെ9 വജ്ര എന്നിവയും പരേഡിൽ പ്രദർശിപ്പിച്ചു. മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനത്തിന് നേതൃത്വം കൊടുത്ത ക്യാപ്റ്റൻ ശിഖ സുരഭിയും കൈയടി നേടി. 32 പുരുഷന്മാരുടെ ടീമിനെയാണ് ബിഹാർ സ്വദേശിനിയായ സുരഭി നയിച്ചത്. കഴിഞ്ഞ മൂന്നുമാസമായി അഭ്യാസപ്രകടനം പരിശീലിക്കുകയാണെന്ന് സുരഭി പറഞ്ഞു.

      നാവിക വിഭാഗത്തെ നയിച്ചത് മറ്റൊരു വനിതാ ഓഫീസറായ ലെഫ്റ്റനന്റ് അംബിക സുധാകരനായിരുന്നു. ഇതിനു പുറമെ ഐഎൻഎയുടെ 90നും 100നും ഇടയ്ക്ക് പ്രായമുള്ള പഴയകാല സൈനികരും ആദ്യമായി റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി. ഗൂർഖ വിഭാഗവും പരേഡിൽ പങ്കെടുക്കുന്നത് ആദ്യമായാണ്.

      First published:
      )}