• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ആൾകൂട്ട കൊലപാതകങ്ങൾക്ക് ജീവപര്യന്തം കഠിന തടവ്; മാതൃക ബില്ലുമായി തരൂരും തുളസിയും

News18 Malayalam
Updated: August 10, 2018, 8:37 PM IST
ആൾകൂട്ട കൊലപാതകങ്ങൾക്ക് ജീവപര്യന്തം കഠിന തടവ്; മാതൃക ബില്ലുമായി തരൂരും തുളസിയും
News18 Malayalam
Updated: August 10, 2018, 8:37 PM IST
# എം.ഉണ്ണികൃഷ്ണൻ

ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകങ്ങൾ തടയാനുള്ള നിയമം കേന്ദ്രസർക്കാർ തയാറാക്കുന്നതിനിടെ മാതൃക കരട് ബില്ലുമായി എം.പിമാരായ ശശി തരൂരും കെ.ടി.എസ് തുളസിയും. ഇരകളെയും സാക്ഷികളെയും സംരക്ഷിക്കാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷ ഉറപ്പാക്കാനുമുള്ള വ്യവസ്ഥകളോടെയാണ് ബിൽ. നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കുന്ന മന്ത്രിതല സമിതിക്ക് കരട് ബിൽ സമർപ്പിക്കാനാണ് എം.പിമാരുടെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിന് കത്ത് നൽകും.

സുപ്രീം കോടതി നിർദ്ദേശ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ തടയാനുള്ള നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായതിന് പിന്നാലെയാണ് എം.പിമാരുടെ നീക്കം.

നേരത്തെ ഇതേ ബിൽ പാർലമെന്റിൽ സ്വകാര്യ ബില്ലായി അവതരിപ്പിക്കാൻ ശശി തരൂർ ശ്രമിച്ചെങ്കിലും സംസ്ഥാന വിഷയമാണെന്ന് കാട്ടി സർക്കാർ അനുമതി നിഷേധിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ കൂടിയായ കെ.ടി.എസ് തുളസിക്ക് രാജ്യസഭയിൽ കഴിഞ്ഞ ഡിസംബറിൽ ബിൽ അവതരിപ്പിക്കാനായി. നിയമ നിർമാണത്തിനുള്ള കേന്ദ്ര നീക്കങ്ങൾക്കിടെ ഇരുവരുടെയും നിർദേശങ്ങൾ ഏറെ പ്രസക്തമാവുകയാണ്.

സുപ്രീം കോടതി വിധിയെ തുടർന്ന് കേന്ദ്രം രൂപീകരിച്ച മന്ത്രിതല സമിതി ഈ നിർദേശങ്ങളെ അടിസ്ഥാനമാക്കി ബിൽ രൂപീകരിക്കാൻ തയാറാകണമെന്ന് ശശി തരൂരും കെ.ടി.എസ് തുളസിയും ആവശ്യപ്പെട്ടു. ഭീകരവാദത്തെക്കാൾ വലിയ കുറ്റകൃത്യമാണ് ആൾകൂട്ട ആക്രമണമെന്ന് കെടി.എസ് തുളസി അഭിപ്രായപ്പെട്ടു.

ബിൽ തയാറാക്കുന്നതിനായി ഇതുവരെയും പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായം തേടാൻ സർക്കാർ തയാറായിട്ടില്ല. ഇതിനിടെയാണ് എം.പിമാർ മാതൃക ബിൽ തന്നെ സമിതിക്ക് സമർപ്പിക്കുന്നത്.

ബില്ലിലെ പ്രധാന നിർദേശങ്ങൾ
Loading...

■ ആൾക്കൂട്ട ആക്രമണത്തിന്റെ നിർവചനം - മതം , ജാതി, വംശം, ലിംഗം, ജനന സ്ഥലം, ഭാഷ, വിശ്വാസം, ലൈംഗിക ചായ്‌വ്, രാഷ്ട്രീയം എന്നിവയുടെ പേരിലോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഉള്ള ആക്രമമോ പ്രേരണയോ. അത് ആസൂത്രിതമോ സംഘടിതമോ ആകാം.

■ അക്രമത്തിൽ ഇരയ്ക്ക് പരിക്കേറ്റാൽ പരമാവധി 7 വർഷം തടവ്, ഒരു ലക്ഷം രൂപ പിഴ

■ ഗുരുതരമായി പരിക്കേറ്റാൽ പരമാവധി പത്തു വർഷം തടവ്, മൂന്ന് ലക്ഷം പിഴ

■ ഇര കൊല്ലപ്പെട്ടാൽ ജീവപര്യന്തം കഠിന തടവ്, 5 ലക്ഷം പിഴ

■ ആൾകൂട്ട ആക്രമണത്തിന് വഴിയൊരുക്കുന്ന ഉള്ളടക്കങ്ങൾ ഇലക്ട്രോണിക് രൂപത്തിലോ അല്ലാതെയോ പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു വർഷത്തിൽ കുറയാതെ ശിക്ഷ, പരമാവധി മൂന്ന് വർഷം. 50,000 രൂപ പിഴയും.

■ ആക്രമണത്തിന് ഇരയായവരെ ഒറ്റപ്പെടുത്തുന്നവർക് ആറുമാസം തടവ് ശിക്ഷ. ഇവരെ ബഹിഷ്കരിക്കുയകയോ നാടുവിട്ടു പോകാൻ പ്രേരിപ്പിക്കുകയോ, ജോലിയിൽ നിന്ന് പുറത്താക്കുകയോ, ഏതെങ്കിലും തരത്തിൽ അപമാനിക്കുകയോ ചെയ്യുന്നത് ഈ വകുപ്പ് പ്രകാരം ശിക്ഷാർഹം.

■ ആൾക്കൂട്ട ആക്രമണം തടയുന്നതിനും ഇരകളെ ഒറ്റപ്പെടുത്തുന്നത് തടയുന്നതിനും വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ മജിസ്ട്രേറ്റുമാർക്കും ഒരു വർഷം മുതൽ മൂന്ന് വർഷം വരെ ശിക്ഷ. 50,000 രൂപ പിഴ.

■ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ നിയമ നടപടികൾ തടയുകയോ ചെയ്താൽ അഞ്ചു വർഷം വരെ തടവും പിഴയും.

■ ആൾകൂട്ട ആക്രമണ കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ താഴെയുള്ള പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കരുത്.

■ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കണം. തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കണം.

■ എല്ലാ കോടതി നടപടികളും ഇരകളെ മുൻകൂട്ടി അറിയിക്കണം. പ്രതികളെ കുറ്റവിമുക്തരാക്കൽ, ജാമ്യം, വിട്ടയക്കൽ, പരോൾ തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഇരയുടെ വാദം കേൾക്കണം.

■ ആക്രമണം നടന്നു 30 ദിവസത്തിനകം സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണം. ഇര കൊല്ലപ്പെട്ടാൽ കുറഞ്ഞ നഷ്ടപരിഹാര തുക 25 ലക്ഷം രൂപ

■ ആൾക്കൂട്ട ആക്രമണം കാരണം നാടുവിടേണ്ടി വരുന്നവർക്ക് സർക്കാർ ആശ്വാസവും അഭയവും നൽകണം.50ൽ അധികം പേരുണ്ടെങ്കിൽ പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിക്കണം.

 
First published: August 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...